പിസജിത്കുമാര്
ഒരു കൊലക്കേസ് പ്രതിക്ക് കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിലിരിക്കാന്‍ അവസരം കിട്ടുന്നത് സൗഭാഗ്യമെന്ന് ഉറപ്പായിട്ടും വിശേഷിപ്പിക്കാന്‍ പറ്റും. കണ്ണൂരിലെ വാടിക്കല്‍ രാമകൃഷ്ണന് കൊലക്കേസില്‍ ഒന്നാം പ്രതിയായിരുന്ന, കണ്ണൂരിലെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയിരുന്നൊരാള് കേരളത്തിന്റെ മുഖ്യമന്ത്രിയായത് ആ വ്യക്തിയെ സംബന്ധിച്ച് സൗഭാഗ്യം തന്നെയാണ്.
സൗഭാഗ്യങ്ങള്‍ തേടിയെത്തുമ്പോള്‍ ചിലരുടെ മനസു മാറും. അവരില്‍ മനസലിവുണ്ടാകും. എന്നാല്‍ പിണറായി വിജയനെന്ന രാഷ്ട്രീയനേതാവിന്റെ മനസ് തലശേരിയിലെ ആ പഴയ ക്രിമിനലില് നിന്നും അണുകിട മുന്നോട്ടു പോയിട്ടില്ലെന്നതിന്റെ തെളിവാണ് തൃക്കാക്കരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ കണ്‍വെന്‍ഷനില്‍ അദ്ദേഹം നടത്തിയ പ്രസംഗം. പി ടി തോമസെന്ന കേരളം ഏറ്റവുമധികം സ്നേഹിച്ച, ആരാധിച്ചൊരു നേതാവിന്റെ ആകസ്മികമായ വേര്‍പാടിനെ സൗഭാഗ്യമായി കാണാന്‍ പിണറായി വിജയന് തോന്നിച്ചത് ആ നീചമനസിന്റെ പ്രതിഫലനമല്ലാതെ മറ്റെന്ത്..?
പിണറായി വിജയന് വളരെ ബുദ്ധിമുട്ടിയാണ് ആളുകളോട് ചിരിച്ചിരുന്നത്. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ച് തെരഞ്ഞെടുപ്പിലിറക്കുമ്പോള് പോസ്റ്ററുകളില്‍ ചിരിക്കുന്ന മുഖമൊന്നും കിട്ടാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ നന്നേ പാടുപെട്ടെന്നാണ് പറഞ്ഞു കേട്ടത്. പിണറായി വിജയന്റെ ചിരിയാകട്ടെ പലപ്പോഴും ആ മുഖത്തിനു ചേരാറുമില്ല. ആര്‍ക്കോ വേണ്ടി ചിരിച്ചു കാണിക്കുന്നുവെന്നല്ലാതെ ഉള്ളുതുറന്നൊരു ചിരി ഇന്നേവരെ പിണറായിയുടെ മുഖത്താരും കണ്ടിട്ടില്ല. ധാര്‍ഷ്ട്യവും ദുഷ്ടതയും മുഖമുദ്രയാക്കിയ ഒരാളെ കാശെണ്ണി വാങ്ങിച്ച് വൈറ്റ് വാഷടിക്കാന്‍ ഏത് ഈവന്റ് മാനേജ്മെന്റുകാര്‍ ക്വട്ടേഷനെടുത്താലും പണി പാളും. നീലച്ചായത്തില്‍ മുങ്ങിയ കുറുക്കന് കുറേകാലം രാജാവായി മൃഗങ്ങളെ പറ്റിച്ചെങ്കിലും അറിയാതെ ഓരിയിട്ട് ജന്മസ്വഭാവം അറിയിച്ചു കള്ളി വെളിച്ചത്തായതു പോലെ പിണറായി വിജയന് ഈവന്റ് മാനേജ്മെന്റുകാരുടെ നിര്‍ദ്ദേശങ്ങള്‍ ചിലപ്പോഴെങ്കിലും മറക്കും. അങ്ങനെ മറക്കുമ്പോഴാണ് യഥാര്‍ത്ഥ സ്വഭാവം പുറത്തുചാടുക. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പു കണ്‍വെന്‍ഷനില്‍ കണ്ടതും അതുതന്നെ.
തൃക്കാക്കരയില്‍ പി.ടി തോമസിന്റെ മരണം പിണറായി വിജയനെ സംബന്ധിച്ച് ഭരണകക്ഷിക്ക് നൂറു തികയ്ക്കാനുള്ള അസുലഭ അവസരമാണത്രേ. ഭരണകക്ഷിക്ക് നൂറു തികഞ്ഞാല്‍ കേരളത്തിനെന്താണ് സര് നേട്ടം..? പെട്രോളിനും ഡീസലിനും അധികനികുതി വരുമാനം പിണറായി സര്‍ക്കാര്‍ വേണ്ടെന്നു വെയ്ക്കുമോ..? ജനങ്ങളുടെ നെഞ്ചത്തു കൂടി ധാര്‍ഷ്ട്യത്തോടെ നിങ്ങള്‍ നാട്ടുന്ന കെ റെയില്‍ സര്‍വേ കുറ്റിയിടുന്നത് നിര്‍ത്തിവെക്കുമോ..? ഭരണകക്ഷി എംഎല്‍എമാരുടെ എണ്ണം നൂറു തികഞ്ഞാല്‍ കേരളം കടക്കെണിയില്‍ നിന്നും കരകയറുമോ..? കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്കാന് സാധിക്കുമോ..?അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നത് ഇല്ലാതാകുമോ..? മറുപടി പറയണം പിണറായി വിജയനും വിവരക്കേടിന് കൈയടിക്കുന്ന സ്തുതിപാഠകരും.
തൃക്കാക്കരയിലെ വോട്ടര്‍മാര്‍ എന്ത് കണ്ടിട്ടാണ് നിങ്ങള്‍ക്ക് നൂറു തികയ്ക്കാന്‍ വോട്ടു ചെയ്യേണ്ടത്..?
പിന്നെ പിണറായി വിജയന് പറഞ്ഞ അദ്ദേഹത്തിനു തോന്നുന്ന സൗഭാഗ്യങ്ങളെയും അസുലഭ അവസരങ്ങളേയും കുറിച്ച് പറയാതെ പോകരുതല്ലോ.
പിണറായി വിജയന് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായതാണല്ലോ അദ്ദേഹത്തിന്റെ ഇന്നുള്ള സൗഭാഗ്യങ്ങളുടെ തുടക്കം. ചടയന്‍ ഗോവിന്ദനെന്ന നിസ്വാര്‍ത്ഥനായ കമ്യൂണിസ്റ്റ് നേതാവ് അന്തരിച്ചപ്പോഴാണ് പിണറായി വിജയന് സംസ്ഥാന സെക്രട്ടറിയാകുന്നത്. അതായത് പിണറായിയുടെ ഭാഷയില്‍ ചടയന്‍ ഗോവിന്ദന്റെ മരണം ഒരു സൗഭാഗ്യമായിരുന്നു. പാര്‍ട്ടി പിടിച്ചടക്കലിന്റെ തുടക്കം അവിടെയാണല്ലോ. അച്യുതാനന്ദന് പ്രായാധിക്യത്താല്‍ ആരോഗ്യം കുറഞ്ഞത് മറ്റൊരു സൗഭാഗ്യം. ചികില്‍സയ്ക്ക് ഇവിടെയുള്ള സൗകര്യം പോരാഞ്ഞ് അപ്പപ്പോള്‍ അമേരിക്കയിലേക്ക് പോകാന്‍ സാധിക്കുന്നത് മുഖ്യമന്ത്രി ആയതു കൊണ്ട് കിട്ടിയ അസുലഭാവസരം. കുഞ്ഞനന്തനെ പോലുള്ള കൊലക്കേസ് പ്രതികള്‍ മരണപ്പെടുന്നതാണ് പിണറായി വിജയനെ സംബന്ധിച്ച് നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുക. അങ്ങനെയാണല്ലോ ചിലരുടെ നിലവാരം. രക്തം രക്തത്തെ തിരിച്ചറിയുമെന്ന് പറയുന്നതൊന്നും വെറുതേയല്ല.