പൊലീസിനെ കയറൂരി വിട്ടത് മുഖ്യമന്ത്രി;പിണറായിക്കെതിരെ പാർട്ടിയിൽ പടയൊരുക്കം

നിസാർ മുഹമ്മദ്

തിരുവനന്തപുരം: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസ് സമ്പൂർണമായി പരാജയപ്പെട്ടുവെന്നും കേരളത്തിന്റെ ക്രമസമാധാന നില തകർന്നുവെന്നും പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നതിനിടെ, ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎമ്മിൽ പടയൊരുക്കം. ഭരണത്തിലേറിയ നാൾ മുതൽ മുഖ്യമന്ത്രി പൊലീസിനെ കയറൂരിവിട്ടതിനാലാണ് ആറുവർഷത്തിനിടെ സർക്കാരും പാർട്ടിയും ഇത്രമേൽ പഴികേൾക്കേണ്ടി വന്നതെന്നാണ് പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ. പൊലീസിന്റെ വീഴ്ചകൾ പൊതുസമൂഹം ചൂണ്ടിക്കാണിക്കുമ്പോൾ സേനയുടെ മനോവീര്യം തകർക്കരുതെന്ന മുന്നറിയിപ്പുമായി ഓരോതവണയും മുഖ്യമന്ത്രി പ്രതിരോധം തീർക്കുന്ന രീതി അവസാനിപ്പിച്ചില്ലെങ്കിൽ സെൽ ഭരണം എന്ന പഴി കേൾക്കേണ്ടി വരുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടാകുന്ന കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും തടയാൻ പൊലീസിന് കഴിയുന്നില്ലെന്ന് ബ്രാഞ്ച്, ഏരിയാ, ജില്ലാ സമ്മേളനങ്ങളിൽ ഉയർന്ന വിമർശനങ്ങൾ മേൽഘടകങ്ങളിൽ ചർച്ച ചെയ്ത് മുഖ്യമന്ത്രിക്ക് നേരെ നീങ്ങാൻ പാർട്ടിയിലെ ഒരു വിഭാഗം തയാറെടുക്കുകയാണ്. ഇടതു ഭരണത്തിന്റെ ആദ്യകാലങ്ങളിൽ പൊലീസിനുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ പിണറായി വിജയന്റെ കണ്ണിലെ കരടായി മാറുകയും പാർട്ടിയിൽ ഒറ്റപ്പെടുകയും ചെയ്ത പി. ജയരാജനെ അനുകൂലിക്കുന്ന കണ്ണൂർ ലോബിയാണ് പടയൊരുക്കം തുടങ്ങുന്നത്. വർഷങ്ങളോളം പാർട്ടിയെ നയിച്ച് കരുത്തും ഇച്ഛാശക്തിയുമുണ്ടെന്ന പ്രതിച്ഛായ നേടിയെടുത്ത പിണറായി വിജയൻ, മുഖ്യമന്ത്രിയെന്ന നിലയിൽ പൊലീസിനെ കൈകാര്യം ചെയ്യുന്നതിൽ അമ്പേ പരാജയമായി മാറിയെന്നാണ് ജയരാജൻ അനുകൂലികൾ ചൂണ്ടിക്കാട്ടുന്നത്. പൊലീസിൽ ആർ.എസ്.എസ് ഘടകം പ്രവർത്തിക്കുന്നുവെന്ന പേരുദോഷം കേൾക്കേണ്ടി വന്ന കാലം ഇതിന് മുമ്പുണ്ടായിട്ടില്ലെന്ന ആക്ഷേപവും പാർട്ടിയിൽ ശക്തമാണ്. ഇടയ്ക്കിടെ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക സുരക്ഷ വർധിപ്പിച്ചു കൊണ്ടിരിക്കുന്ന പൊലീസിന് സാധാരണ ജനങ്ങൾക്ക് സുരക്ഷ നൽകാൻ കഴിയുന്നില്ലെന്ന വൈരുധ്യം ജനാധിപത്യ സർക്കാരിന് മേൽ കറുത്തപാടായി നിലനിൽക്കുമെന്ന വിലയിരുത്തലുമുണ്ട്.
2017 മാർച്ച് 8ന് രാജ്യാന്തര വനിതാദിനത്തിൽ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്കു നേരെ കൊച്ചി മറൈൻ ഡ്രൈവ് നടപ്പാതയിൽ ശിവസേന പ്രവർത്തകരുടെ സദാചാര ഗുണ്ടായിസം അരങ്ങേറിയപ്പോൾ കാഴ്ചക്കാരായി നിന്ന പൊലീസിന്റെ നടപടിക്കെതിരെ സിപിഎം അന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നീട്, 2017 ഏപ്രിൽ 5ന് ജിഷ്ണു പ്രണോയ് മരിച്ച കേസിൽ നീതി തേടിയെത്തിയ അമ്മ മഹിജയെ തലസ്ഥാനത്തു ഡിജിപി ഓഫിസിനു മുന്നിലെ തെരുവിൽ പൊലീസ് വലിച്ചിഴച്ചതും പാർട്ടിക്കും സർക്കാരിനും നാണക്കേടായി. 2017 ജൂലൈ 19ന് പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ച ദളിത് യുവാവ് ഏങ്ങണ്ടിയൂർ സ്വദേശി വിനായകിനെ പിന്നീടു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായിരുന്നു അടുത്ത വിവാദം. 2017 ഡിസംബർ 3നും സമാന സംഭവം ആവർത്തിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ച മൂവാറ്റുപുഴ കുളങ്ങാട്ടുപാറ മലമ്പുറത്ത് രതീഷിനെ (36) വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയതായിരുന്നു ആ സംഭവം. 2018 മാർച്ച് 8ന് റിമാൻഡ് പ്രതി പാറശാല പരശുവയ്ക്കൽ ആലമ്പാറ പുതുശേരിവിള വീട്ടിൽ സജിമോൻ ചികിൽസയിലായിരിക്കെ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത് പൊലീസിനെ പ്രതിക്കൂട്ടിലാക്കി. ഏഴുദിവസത്തിന് ശേഷം 2018 മാർച്ച് 14ന് കോവളത്തു കാണാതായ ലാത്വിയ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലും പൊലീസ് വീഴ്ച പ്രകടമായിരുന്നു. യുവതിയെ കാണാതായത് സംബന്ധിച്ച് ബന്ധുക്കൾ നാട്ടിലെത്തി പരാതി നൽകിയിട്ടും കണ്ണു തുറക്കാതിരുന്ന പൊലീസ് ഒരു മാസവും നാലു ദിവസവും പിന്നിട്ട ശേഷം തിരുവല്ലത്തെ കണ്ടൽക്കാട്ടിൽ നിന്ന് ലാത്വിയ യുവതിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. 2018 ഏപ്രിൽ 9ന് രാത്രി പൊലീസ് വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടുപോയ വരാപ്പുഴ ദേവസ്വംപാടം ഷേണായി പറമ്പിൽ വീട്ടിൽ രാമകൃഷ്ണന്റെ മകൻ ശ്രീജിത്ത് (27) കസ്റ്റഡിയിൽ മരിച്ചതും 2018 മേയ് 2ന് പൊലീസ് മർദ്ദനത്തെ തുടർന്ന് ഓട്ടോ ഡ്രൈവർ എടക്കാട് അരേചെങ്കീൽ ഉനൈസിനെ (32) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതും വിവാദമായി. 2018 ജൂൺ 12ന് ഇടുക്കി നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാർ ക്രൂര മർദ്ദനത്തെ തുടർന്ന് എട്ടുദിവസത്തിന് ശേഷം മരിച്ച സംഭവം പൊലീസിനെതിരെ കേരളത്തിൽ വലിയ കോളിളക്കമാണ് ഉണ്ടാക്കിയത്. ഈ സംഭവങ്ങളിലെല്ലാം പുറമേ പ്രതിരോധം ഉയർത്തിയെങ്കിലും പാർട്ടിക്കുള്ളിൽ പൊലീസിനെതിരെ വിമർശനം ഉയർന്നിരുന്നു.
പിന്നീട്, അലൻ, താഹ എന്നീ യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയത്, മാവോയിസ്റ്റ് വേട്ടയെന്ന പേരിൽ വെടിവെപ്പ് നടത്തി നിരവധി പേരെ കൊലപ്പെടുത്തിയത്,
പുരാവസ്തു തട്ടിപ്പ് കേസിൽ ഉൾപ്പെട്ട ജോൺസൺ മാവുങ്കലുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കുള്ള ബന്ധം, അടുത്തിടെ നൂറനാട് പൊലീസിൽ യുവാക്കളെ മർദ്ദിച്ച ശേഷം കള്ളക്കേസിൽ കുടുക്കിയത്, മൊബൈൽ ഫോൺ ‍മോഷ്ടിച്ചെന്ന് ആരോപിച്ച് പെൺകുട്ടിയെയും അച്ഛനെയും അപമാനിച്ചത് തുടങ്ങി നിരവധി സംഭവങ്ങളിൽ പൊലീസിന്റെ വീഴ്ചകൾ പാർട്ടിതലങ്ങളിൽ ചർച്ചയായി. കൊച്ചിയിൽ കാർ യാത്രയ്ക്കിടെ നടി പീഡിപ്പിക്കപ്പെട്ട കേസ്, കൊച്ചിയിലെ സിഎ വിദ്യാർഥിനിയുടെ ദുരൂഹ മരണം, വാളയാറിൽ ആദിവാസി സഹോദരിമാർ പീഡനത്തിന് ഇരയായി മരിച്ച സംഭവം, കുണ്ടറയിൽ മുത്തച്ഛൻ പേരക്കുട്ടിയെ പീഡിപ്പിച്ച കേസ്, തിരുവനന്തപുരം കനകക്കുന്നിൽ പിങ്ക് പൊലീസിന്റെ മോശം പെരുമാറ്റം എന്നിങ്ങനെ പൊലീസ് സർക്കാരിനു ചീത്തപ്പേരുണ്ടാക്കിയ സംഭവങ്ങൾ വേറെയുമുണ്ടായി. ഇക്കാര്യങ്ങൾ അക്കമിട്ട് പാർട്ടി സമ്മേളനങ്ങളിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. ഈ വിമർശനങ്ങൾ നിലനിൽക്കുന്നതിനിടെയാണ്, ഏറ്റവുമൊടുവിൽ ആലപ്പുഴയിൽ ജില്ലാ പൊലീസ് ആസ്ഥാനത്തിന്റെ മൂക്കിൻ തുമ്പത്ത് മണിക്കൂറുകൾക്കിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടായത്.

Related posts

Leave a Comment