പിണറായി വിജയൻ എന്ത് കമ്മ്യൂണിസ്റ്റ് ; കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി യുടെ ലേഖനം വായിക്കാം

കെ സുധാകരൻ

ജനങ്ങളെയും ജനാധിപത്യപ്രസ്ഥാനങ്ങളെയും വെല്ലുവിളിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പോക്ക് എങ്ങോട്ടാണ്..? കേരളത്തിന്റെ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരിക്കുന്നു, ചാന്‍സലറുടെ പദവി തനിക്കു വേണ്ട അതു കൂടി മുഖ്യമന്ത്രി എടുത്തോളൂ എന്ന്. ഭരണരാഷ്ട്രീയ ഇടപെടലില്‍ മനംമടുത്താണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്.  ഒരു ഭരണഘടനാസ്ഥാനത്തിരിക്കുന്ന ഉന്നതമായ പദവിയിലിരിക്കുന്ന വിദ്യാസമ്പന്നനായ ഒരു വ്യക്തിക്ക് ഇങ്ങനെ ഒരു മുഖ്യമന്ത്രിയുടേയും മുഖത്തു നോക്കി പറയേണ്ടി വന്നിട്ടുണ്ടാകില്ല.
അഹങ്കാരവും ധാര്‍ഷ്ട്യവും മുഖമുദ്രയാക്കി പരിസരം മറന്ന് പെരുമാറുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി. നിയമങ്ങള്‍ക്കും നീതിന്യായവ്യവസ്ഥകള്‍ക്കും ഭരണസംവിധാനങ്ങള്‍ക്കുമെല്ലാം അതീതനാണ് താനെന്ന ഭാവത്തിലാണ് പിണറായി വിജയന്‍ പൊതുസമൂഹത്തിനു നേരെ വെല്ലുവിളി ഉയര്‍ത്തുന്നത്. നിയമസംവിധാനങ്ങളെ അട്ടിമറിക്കലാണോ ഒരു ജനാധിപത്യ ഭരണസംവിധാനം ചെയ്യേണ്ടത്..? രാജ്യത്തിന്റെ ഭരണഘടനാപരമായ സംവിധാനങ്ങള്‍ക്കു നേരെ ഒരു മുഖ്യമന്ത്രി ഇതു പോലെ വെല്ലുവിളി മുഴക്കുമ്പോള്‍ ജനാധിപത്യമാണ് പിച്ചിച്ചീന്തപ്പെടുന്നതെന്ന് മനസിലാക്കണം. വല്ലാത്ത ദുരവസ്ഥയിലാണ് കേരളം. ഒരു വ്യക്തിയുടെ ഇതുപോലുള്ള ധാര്‍ഷ്ട്യം കേരളം ഇനിയുമെത്ര സഹിക്കണം..? ഈയൊരവസ്ഥയെ മാറ്റിമറിക്കാന്‍ ഇനിയുമെത്ര കാലം കാത്തിരിക്കണം..? കേരളത്തിലെ ജനാധിപത്യവിശ്വാസികളുടെ മനസിലുയരുന്ന ചോദ്യമാണിത്.

  • ഇത് പരസ്യമായ കുറ്റവിചാരണ

എനിക്ക് ഈ സ്ഥാനത്തിരുന്ന് രാഷ്ട്രീയ നിയമനങ്ങള്‍ നടത്താന്‍ പറ്റില്ല, അതിന് താങ്കള്‍തന്നെ ചാന്‍സലറായിക്കോളൂ, അതിനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടുതരാം എന്നാണ് ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞിരിക്കുന്നത്. തുടര്‍ച്ചയായി മനസ്സാക്ഷിയെ പണയം വെക്കാന്‍ സാധിക്കാത്തതിന്റെ ആത്മരോഷമാണ് ഗവര്‍ണറുടെ വാക്കുകളില്‍ തെളിയുന്നത്. നമ്മുടെ സര്‍വ്വകലാശാലകളുടെ അവസ്ഥ എന്താണെന്ന് ചാന്‍സലറായ ഗവര്‍ണറുടെ വാക്കുകളില്‍ തന്നെ വ്യക്തം. സിപിഎമ്മിന് , അതിനപ്പുറം പിണറായി വിജയന്റെ സ്തുതിപാഠകര്‍ക്കായി വൈസ് ചാന്‍സലര്‍ തസ്തികകള്‍ പോലും സംവരണം ചെയ്യപ്പെടുന്നു. പിന്‍വാതിലിലൂടെ പാര്‍ട്ടി നേതാക്കള്‍ക്കു വേണ്ടപ്പെട്ടവര്‍ക്ക് നിയമനം നല്‍കുന്നു. ഉന്നത അക്കാദമിക് യോഗ്യതയുള്ളവര്‍ ഇരിക്കേണ്ട സ്ഥാനങ്ങളില്‍ അനര്‍ഹരായ സ്തുതിപാഠകകൂട്ടം എത്തിപ്പെടുന്നു.
കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയതിനു പിന്നിലെ രാഷ്ട്രീയം ഞങ്ങള്‍ നേരത്തേ പറഞ്ഞതാണ്. എന്തിന്റെ ഉപകാരസ്മരണയായിരുന്നു ആ നിയമനമെന്ന് കേരളത്തിലെ സകലര്‍ക്കും അറിയാം. സര്‍വകലാശാലയില്‍ നിന്നു യാത്രയയപ്പും വാങ്ങി പോയ ശേഷം തൊട്ടടുത്ത ദിവസം പാര്‍ട്ടി സ്വാധീനത്തില്‍ പുനര്‍നിയമനം നേടി ഉളുപ്പില്ലാതെ അതേ കസേരയില്‍ വന്നിരുന്ന  ഗോപിനാഥ് രവീന്ദ്രനെ പോലുള്ള അടിമക്കൂട്ടങ്ങളെയാണ് പിണറായി വിജയനാവശ്യം. തന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്കും അതു പോലെ തനിക്കു വേണ്ടപ്പെട്ടവര്‍ക്കുമായി സര്‍വകലാശാലയില്‍ നിയമനങ്ങള്‍ നടത്താന്‍ ഇത്തരക്കാര്‍ അനിവാര്യമാണ്. കാലടി സര്‍വ്വകലാശാലയിലും സമാനമായ ക്രമക്കേട് ആവര്‍ത്തിച്ചതാണ് ഗവര്‍ണറെ കടുത്ത പ്രതികരണത്തിന് നിര്‍ബന്ധിതനാക്കിയത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പിണറായി ഭരണത്തില്‍ മലീമസമാക്കുന്നത് ചാന്‍സലറായ ഗവര്‍ണര്‍ ഈ സമൂഹത്തോട് വിളിച്ചു പറയുമ്പോള്‍ അത് ഈ സര്‍ക്കാരിനെതിരായ കുറ്റവിചാരണ തന്നെയാണ്.

  • കേരളം ഭരിക്കുന്നത് യോഗിയോ ?

‘ചാടിക്കളിക്കെടാ കുഞ്ഞിരാമാ ആടിക്കളിക്കെടാ കുഞ്ഞിരാമാ ‘ എന്നു ആര്‍എസ്എസ് പറയുമ്പോള്‍ ആടുകയും ചാടുകയും ചെയ്യുന്ന വിധേയത്വമാണ് പിണറായി വിജയനെന്ന് ഓരോ സംഭവവും തെളിയിക്കുന്നു. മുസ്ലിം സമുദായത്തെ മുഴുവന്‍ തീവ്രവാദികളായി കേരളത്തിന്റെ ആഭ്യന്തരവകുപ്പ് കാണുമ്പോള്‍ കേരളം യോഗി ആദിത്യനാഥാണോ ഭരിക്കുന്നതെന്ന് സംശയിച്ചു പോകുന്നു. ആലുവയില്‍ ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥിനി മൊഫിയ പര്‍വീണിന് നീതി തേടി സമരം ചെയ്ത  കോണ്‍ഗ്രസ് പ്രവര്‍ത്തകരിലെ മുസ്ലിംപേരുകള്‍ തെരഞ്ഞെടുപിടിച്ചാണ് അവര്‍ക്കെതിരെ തീവ്രവാദം ബന്ധം ആരോപിക്കുന്നത്. ആലുവയിലെ യൂത്ത് കോണ്‍ഗ്രസ്, കെ എസ്‌യു നേതാക്കളുടെ പേരെഴുതി അവര്‍ക്ക് തീവ്രവാദി ബന്ധമുണ്ടോ എന്നന്വേഷിക്കണമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആലുവ പോലീസ് എഴുതിവെച്ചത്. പിണറായി വിജയന് ആര്‍എസ്എസുകാരുടെ ഗുഡ്ബുക്കിലിടം കിട്ടാന്‍ ഈ നെറികെട്ട പ്രവൃത്തി ചെയ്ത പോലീസുദ്യോഗസ്ഥരോട് ഒന്നേ പറയാനുള്ളൂ. ‘മുസ്ലിം പേരുണ്ടായാല്‍ തീവ്രവാദിയാക്കുന്ന നിന്റെയൊക്കെ മതവെറി, കോണ്‍ഗ്രസ്സുകാരോട് വേണ്ട. ഇത് കേരളമാണ്, ഗുജറാത്തല്ല.  നിങ്ങള്‍ക്ക് ശമ്പളം തരുന്നത് ആര്‍എസ്എസിന്റെ നാഗ്പൂര്‍ കാര്യാലയത്തില്‍ നിന്നുമല്ല. മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ അത്രയും നല്ലത്.
മുസ്ലിം പള്ളികള്‍, മദ്രസ്സകള്‍, ദര്‍സ്സുകള്‍, അനാഥാലയങ്ങള്‍ എന്നിവയുടെ ഉടമസ്ഥാവകാശമുള്ള വഖഫ് സ്വത്തുക്കളില്‍ നിന്നുള്ള വരുമാനത്തില്‍ പ്രവര്‍ത്തിക്കുന്ന വഖഫ് ബോര്‍ഡിലെ നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനവും പിണറായി സര്‍ക്കാര്‍ കൈക്കൊണ്ടത് സംഘപരിവാറിനെ പ്രീണിപ്പിക്കാനായിരുന്നില്ലേ.

  • ചോര നുണയുന്ന കുറുക്കന്റെ തന്ത്രം

മുട്ടനാടുകളെ തമ്മിലടിപ്പിച്ച് അതിന്റെ ചോര നുണയുന്ന കുറുക്കന്റെ  തന്ത്രമാണ് പിണറായി വിജയന്റേത്. വഖഫ് നിയമന വിവാദത്തില്‍ മുസ്ലംലീഗിനെ ഒറ്റപ്പെടുത്തി ചില മുസ്ലിംസംഘടനകളെ വരുതിയിവാക്കി എല്ലാവരേയും പരസ്പരം തമ്മിലടിപ്പിച്ച് കാര്യസാധ്യം നേടുകയെന്ന പിണറായി വിജയന്റെ കൗശലവും കുടിലതയും നമ്മള്‍ കാണാതെ പോകരുത്. ഒരു ഭാഗത്ത് ആര്‍എസ്എസില്‍ നിന്നും മുസ്ലിങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നുവെന്ന് സ്ഥാപിക്കുക, മറുഭാഗത്ത് മുസ്ലിംസംഘടനകളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും അതിന്റെ മറവില്‍ സംഘപരിവാര്‍ അജണ്ടകള്‍ കൃത്യമായി നടപ്പിലാക്കുക- ഈ കപടനാടകം ആര്‍ക്കും മനസിലാകുന്നില്ലെന്നാണോ പിണറായി വിജയന്‍ കരുതുന്നത്. എല്ലാ മതത്തില്‍ പെട്ടവരും സമാധാനത്തോടെ കഴിയുന്ന കേരളത്തില്‍ സാമുദായിക സ്പര്‍ദ്ധ വളര്‍ത്തി മുതലെടുക്കാനുള്ള ശ്രമമാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നത്.
ശബരിമല വിഷയമായാലും വഖഫ് ബോര്‍ഡിന്റെ വിഷയം ആയാലും സമുദായങ്ങളെ തമ്മിലടിപ്പിച്ച് കലാപം സൃഷ്ടിക്കാന്‍ സിപിഎമ്മും ആര്‍എസ്എസും  തുനിഞ്ഞിറങ്ങിയാല്‍ അതിനെ ചെറുത്തു തോല്‍പ്പിക്കുവാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനവും പ്രവര്‍ത്തകരും മുന്നിലുണ്ടാവുക തന്നെ ചെയ്യും.
പൊതു വിഷയങ്ങളില്‍ മുസ്ലിംസംഘടനകള്‍ ഐക്യപ്പെട്ടാല്‍ ഇവിടെ സംഘപരിവാര്‍ അജണ്ടകള്‍ നടപ്പാകില്ല. അതിനു വേണ്ടിയാണ് പിണറായി വിജയന്‍ കെ ടി ജലീലിനെ പോലുള്ള അടിമക്കൂട്ടങ്ങളെ വെച്ച് സുന്നി – മുജാഹിദ് തര്‍ക്കത്തിനും ആശയപരമായി ഭിന്നത വളര്‍ത്തുന്ന രീതിയിലുള്ള ചര്‍ച്ചകള്‍ക്കും വഴിയൊരുക്കുന്നത്.
സിപിഎം എത്രയോ പതിറ്റാണ്ടുകള്‍ തുടര്‍ച്ചയായി ഭരിച്ച ബംഗാളിലെയും ത്രിപുരയിലെയും മുസ്ലിം സമുദായത്തിന്റെ ദുരവസ്ഥ നമ്മള്‍ കാണുന്നുണ്ട്. കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ ജനാധിപത്യ സംഘടിത ശക്തി സിപിഎമ്മിന്റെ അജണ്ടകള്‍ക്ക് എപ്പോഴും പ്രതിബന്ധമാണ്. അതിനു നേതൃത്വം നല്‍കുന്ന മുസ്ലീംലീഗിനെ കടന്നാക്രമിക്കുന്നതിനു പിന്നിലെ രാഷ്ട്രീയം മുസ്ലിം സംഘടനാ ഐക്യത്തെ തകര്‍ക്കുകയെന്നതു മാത്രമാണ്.

.

  • ഇതല്ല, ഇങ്ങനെയല്ല ഇടതുപക്ഷം

പാര്‍ട്ടിസമ്മേളനത്തില്‍ മൈക്ക് കെട്ടി പ്രസംഗിക്കുകയാണ് ഒരു മുഖ്യമന്ത്രി. പറയുന്നതെന്താ..പോയി പണി നോക്കാന്‍. മുസ്ലിംലീഗിനെ വെല്ലുവിളിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തില്‍ ഒരു ഏകാധിപതിയുടെ സ്വരമാണ് മുഴങ്ങിയത്. എനിക്കിഷ്ടമുള്ളത് ഞാന്‍ ചെയ്യും, ഇവിടെ എതിര്‍ക്കാന്‍ ആരും വളര്‍ന്നിട്ടില്ല എന്ന മട്ടിലായിരുന്നു ആ പ്രസംഗം. പിണറായി വിജയന്‍ ഒന്ന് മനസിലാക്കണം, ഇത്തരം ഭീഷണി മുന്നില്‍ പഞ്ചപുഛമടക്കി നില്‍ക്കുന്ന പാര്‍ട്ടിക്കാരോട് മതി. അതിനപ്പുറം ആ ഭീഷണിക്കും ധാര്‍ഷ്ട്യത്തിനും മുന്നില്‍ മുട്ടിടിക്കുന്നവരല്ല കേരളത്തിലുള്ളതെന്ന് മനസിലാക്കണം.
കേരളം ഇതിനു മുമ്പ് ഇടതുപക്ഷത്തെ പലരും ഭരിച്ചിട്ടുണ്ട്.  പിണറായി വിജയന്റെ ഭാഷയും ശൈലിയും എല്‍ഡിഎഫിന്റെ മുഖമുദ്രയാണെന്ന് ഞാനൊരിക്കലും കരുതുന്നില്ല, അങ്ങനെ വ്യാഖ്യാനിക്കാന്‍ ആഗ്രഹിക്കുന്നുമില്ല. പക്വമതിയായ ഇഎംഎസും നിര്‍മലഹൃദയനായ ഇ കെ നായനാരും പരുഷസ്വഭാവമെന്ന് തോന്നുമെങ്കിലും കാര്‍ക്കശ്യത്തിനപ്പുറം മനുഷ്യത്വമുള്ള വി എസ് അച്യുതാനന്ദനും ഇവിടെ മുഖ്യമന്ത്രിമാരായിരുന്നു. അപ്പോഴൊന്നും ഈ രീതി കണ്ടിട്ടില്ല. അതു കൊണ്ടു തന്നെ ഇത് പ്രത്യയശാസ്ത്രത്തിന്റെ കുഴപ്പമെന്നോ കമ്യൂണിസത്തിന്റെയോ ഇടതുപക്ഷത്തിന്റെയോ ശൈലിയെന്നോ പറയാനാവില്ല. പിണറായി വിജയന്റെ സംസ്‌കാരം ഒരു കമ്യൂണിസ്റ്റുകാരന്റേതല്ല. അതെങ്ങനെ സംഭവിച്ചു എന്ന് പറയുക വയ്യ. ഒരു പക്ഷേ വളര്‍ന്നു വന്ന കുടുംബസാഹചര്യമായിരിക്കാം ഇത്തരമൊരു അധമസംസ്‌കാരം പിണറായി വിജയനെന്ന വ്യക്തിയില്‍ രൂഢമൂലമാക്കിയത്. ഇത്തരം സംസ്‌കാരവും ശൈലിയുമായി മുന്നോട്ടു പോകുന്നൊരാളെ തിരുത്തേണ്ട ബാധ്യത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉത്തമരായ ആളുകള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കുണ്ട് എന്നു മാത്രം ഓര്‍മ്മിപ്പിക്കുന്നു. അല്ലാതെ മറ്റു ജനാധിപത്യ പ്രസ്ഥാനങ്ങളെ ഭീഷണിപ്പെടുത്തിയും വെല്ലുവിളിച്ചും മുന്നോട്ടു പോകാമെന്നാണ് പിണറായി വിജയന്‍ കരുതുന്നതെങ്കില്‍ അതിനു തരിമ്പും വിലകൊടുക്കില്ലെന്നു മാത്രമല്ല, നിങ്ങള്‍ക്കെതിരേ കേരളത്തിന്റെ തെരുവുകളില്‍ പ്രതിഷേധാഗ്നി പടര്‍ത്തും. കേന്ദ്രത്തില്‍ കര്‍ഷക പ്രക്ഷോഭത്തിനു മുന്നില്‍ നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും മുട്ടു മടക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ ഈ കേരളത്തില്‍ എത്രയോ നിസാരനാണ് പിണറായി വിജയന്‍. അത്ര മാത്രം മനസിലാക്കുക.

Related posts

Leave a Comment