ഏറ്റവും കൂടുതൽ വിദേശയാത്ര നടത്തിയ മന്ത്രിമാരുടെ പട്ടികയിൽ ഒന്നാമനായി പിണറായി വിജയൻ

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതൽ വിദേശയാത്ര നടത്തിയവരുടെ പേര് വിവരങ്ങൾ പുറത്തായി. വിദേശത്തേയ്ക്ക് ഏറ്റവും കൂടുതൽ യാത്ര നടത്തിയത് മുഖ്യമന്ത്രി മുഖ്യമന്ത്രി വിജയനാണ്. 14 തവണയാണ് അദ്ദേഹം വിദേശ യാത്ര നടത്തിയത്. അന്നത്തെ ദേവസ്വം-സഹകരണ വകുപ്പ് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയാണ് തൊട്ടുപിന്നിൽ. 13 തവണയാണ് അദ്ദേഹം വിദേശ യാത്ര നടത്തിയത്. ഔദ്യോഗികവും സ്വകാര്യവുമായ യാത്രകൾ അടക്കം 2016 ആഗസ്റ്റ് മുതൽ 2019 ഡിസംബർ വരെ പിണറായി വിജയൻ മന്ത്രിസഭയിലെ 17 മന്ത്രിമാർ 27 വിദേശ രാജ്യങ്ങൾ സന്ദർശിച്ചുവെന്ന് നിയമസഭയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നു.ഔദ്യോഗിക യാത്രകളും രണ്ട് സ്വകാര്യ യാത്രയും അടക്കം 14 തവണയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ യാത്ര നടത്തിയത്. അമേരിക്കയിലേക്കും യു.എ.ഇയിലേക്കുമായിരുന്നു മുഖ്യമന്ത്രിയുടെ സ്വകാര്യ യാത്രകൾ. യു.എസിലേക്കുള്ള യാത്ര ചികിത്സാർത്ഥം ആയിരുന്നു. ശേഷിച്ച 12 ഔദ്യോഗിക യാത്രകൾ യു.എ.ഇ, യു.എസ്, ബഹറിൻ, നെതർലൻഡ്‌സ്, സ്വിറ്റ്‌സർലാൻഡ് ഫ്രാൻസ്, ബ്രിട്ടൻ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്കായിരുന്നു. അന്ന് ടൂറിസം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ 13 തവണയാണ് വിദേശയാത്ര നടത്തിയത്. സ്പെയിൻ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, വത്തിക്കാൻ, യു.എസ്.എ, ബ്രിട്ടൻ, കസാക്കിസ്ഥാൻ, ജപ്പാൻ എന്നീ രാജ്യങ്ങളിലേക്കായിരുന്നു കടകംപള്ളിയുടെ യാത്ര.മുൻ മന്ത്രിമാരായ എ.കെ. ബാലൻ, കെ.ടി. ജലീൽ, ടി.പി. രാമകൃഷ്ണൻ, കെ.കെ. ശൈലജ , ജെ. മേഴ്‌സിക്കുട്ടി അമ്മ, ഇ.ചന്ദ്രശേഖരൻ, മാത്യൂ ടി. തോമസ്, കെ. രാജു, എ.കെ.ശശീന്ദ്രൻ, ജി. സുധാകരൻ, വി.എസ്. സുനിൽകുമാർ, ടി.എം. തോമസ് ഐസക്, ഇ.പി. ജയരാജൻ, തോമസ് ചാണ്ടി, സി. രവീന്ദ്രനാഥ് എന്നിവരാണ് വിദേശയാത്ര നടത്തിയ മറ്റുള്ളവർ. ഇവരിൽ തോമസ് ചാണ്ടി, രവീന്ദ്രനാഥ്, മാത്യൂ ടി. തോമസ്, ഇ.ചന്ദ്രശേഖരൻ എന്നിവർ ഒരു വിദേശയാത്ര മാത്രമാണ് നടത്തിയത്. ജി. സുധാകരൻ, ജെ. മേഴ്‌സിക്കുട്ടി അമ്മ എന്നിവർ രണ്ട് വിദേശയാത്രകളാണ് നടത്തിയത്.

സ്വകാര്യ യാത്രകൾ മാത്രം നടത്തിയ മന്ത്രിമാരും കഴിഞ്ഞ മന്ത്രിസഭയിലുണ്ട്. വി.എസ് സുനിൽകുമാർ ഇറ്റലി, യു.എ.ഇ, യു.എസ്.എ, ഒമാൻ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് സ്വകാര്യ യാത്രകളാണ് നടത്തിയത്. വനം മന്ത്രിയായിരുന്ന കെ. രാജു യു.എ.ഇ, ജർമ്മനി എന്നീ രാജ്യങ്ങൾ സ്വകാര്യമായി സന്ദർശിച്ചു. പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി. സുധാകരൻ ഖത്തർ, യു.എ.ഇ എന്നീ രാജ്യങ്ങളിൽ സ്വകാര്യ സന്ദർശനം നടത്തി. ഒറ്റ വിദേശ യാത്ര മാത്രം നടത്തിയ സി. രവീന്ദ്രനാഥും ഇ. ചന്ദ്രശേഖരനും യഥാക്രമം യു.എസ്, യു.എ.ഇ എന്നിവിടങ്ങളിലേക്കാണ് സ്വകാര്യ സന്ദർശനം നടത്തിയത്.

Related posts

Leave a Comment