മിഠായിപ്പൊതിയുടെ ആഹ്ലാദം വൃദ്ധസദനത്തിന് ; ലേഖനം വായിക്കാം

ശൈലജ ടീച്ചര്‍ക്ക് കിട്ടിയതുപോലെ വീണാ മാഡത്തിന് അന്താരാഷ്ട്ര ബഹുമതികള്‍ വന്നുചേരാത്തതില്‍ ആറന്മുളയിലെ സഖാക്കള്‍ക്കുള്ള സങ്കടവും നിരാശയും ഇപ്പോള്‍ മാറിക്കാണും. ലോകത്ത് ഒരു സര്‍ക്കാരും ശ്രദ്ധിക്കാത്ത മേഖലയാണ് പിണറായി സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. മാമല നാട്ടിലെ മാലോകരില്‍ കുട്ടികള്‍ ഉള്ളതും ഇല്ലാത്തതുമായ വീട്ടുകാര്‍ക്കെല്ലാം ഓണത്തിന് സര്‍ക്കാര്‍ ചെലവില്‍ മിഠായിപ്പൊതി സമ്മാനിക്കുന്നു. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമൊഴി. കോവിഡ് നിയന്ത്രണങ്ങളും മോദി സാറിന്റെ പെട്രോളും എല്ലാം ചേര്‍ന്ന് പഴമൊഴിയെ പതിരില്ലാതാക്കുമ്പോള്‍ വിപ്ലവ പാര്‍ട്ടിക്ക് കൈയും കെട്ടി ഇരിക്കാനാവില്ല. പെട്രോളിന് കേന്ദ്രത്തിലെ ഏമാന്മാര്‍ എല്ലാ ദിവസവും വില കൂട്ടുമ്പോള്‍ സംസ്ഥാനത്തിനുള്ള അധിക വരുമാനം ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷത്തുള്ളവര്‍ പറയുന്നത് കേട്ട് തീരുമാനം എടുത്തിരുന്നുവെങ്കില്‍ ഇപ്പോള്‍ എന്താകും സ്ഥിതിയെന്ന് പ്രസ്താവന ഇറക്കാന്‍ ഡിഫി നേതാക്കള്‍ക്കും എന്‍ജിഒ യൂണിയന്‍ സഖാക്കള്‍ക്കും അവസരമായിരിക്കുന്ന പെട്രോളിന് എത്രമാത്രം വില കൂടുന്നുവോ അത്രത്തോളം മിഠായിപ്പൊതിയുടെ വലിപ്പവും കൂടുമെന്ന് എസ്എഫ്‌ഐക്കാര്‍ക്ക് പ്രമേയവും പാസ്സാക്കാം. കുട്ടികള്‍ എല്ലാവരും ഒരേസമയം മിഠായി തിന്നുന്ന നയനാനന്ദകരമായ കാഴ്ചയ്ക്കിടയില്‍ ആരെങ്കിലും അവാര്‍ഡ് കാര്യം ആലോചിച്ച് തലപുകയുമോയെന്ന് ആനത്തലവട്ടം ആനന്ദന്‍, എം.എം. മണി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്ക് ചാനലുകളിലൂടെ ചോദിക്കാം. ഡിവൈഎഫ്‌ഐ സഖാക്കള്‍ തട്ടിയെടുക്കുന്ന കള്ളക്കടത്ത് സ്വര്‍ണ്ണം പാക്കറ്റുകളിലാക്കി വിതരണം ചെയ്യണമെന്നായിരുന്നു വൃദ്ധസദനത്തില്‍ ആദ്യം ആലോചനാവിഷയമായത്. വൃദ്ധസദനം എന്ന് ഇപ്പോള്‍ വിശേഷിപ്പിക്കപ്പെടുന്നത് തലസ്ഥാനത്തെ എ.കെ.ജി സെന്ററിനെയാണ്. മദ്ധ്യകേരളത്തിലെ ഒരു ഇടത് ചിന്തകനാണ് അങ്ങിനെ വിശേശിപ്പിച്ചത്. പാര്‍ട്ടിയും സര്‍ക്കാരുമെല്ലാം ഇരട്ടച്ചങ്കന്റെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലായപ്പോള്‍ സെക്രട്ടറിയേറ്റിനും അവയ് ലബിള്‍ സെക്രട്ടറിയേറ്റിനുമെല്ലാം വൃദ്ധസദനത്തിലെ വെടിപറച്ചിലുകളുടെ ഗൗരവുമേ നല്‌കേണ്ടതുള്ളൂ എന്നാണ് മാര്‍ക്‌സിയന്‍ ചിന്തകന്റെ വാദം. സര്‍ക്കാര്‍ തീരുമാനം ക്യൂബയിലടക്കം സ്വാധീനം ചെലുത്തുമെന്നാണ് ഡല്‍ഹി വൃദ്ധസദനത്തിലെ അന്തേവാസികളായ മലയാളികള്‍ കരുതുന്നത് ആ രാജ്യത്തിന്റെ പ്രസിഡന്റും അവിടുത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖ്യനടത്തിപ്പുകാരനുമായ മിഗ്വേല്‍ ഡിയാന് കേനല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കമ്യൂണിസ്റ്റ് ഭരണത്തിലുള്ള ദ്വീപില്‍ പതിറ്റാണ്ടുകള്‍ക്കുശേഷമാണ് സമരകോലാഹലങ്ങള്‍ നടക്കുന്നത്. സോവ്യറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം സാമ്പത്തിക സ്ഥിതി തകര്‍ന്ന് അവിടെ ആവശ്യവസ്തുക്കളുടെ ക്ഷാമം, അതിരൂക്ഷമായിരിക്കുന്നു. കോവിഡ് മഹാമാരി കൂടി എത്തിയപ്പോള്‍ ദുരന്തസമാനമായ സ്ഥിതിയാണ്. ഫിദല്‍ കാസ്‌ട്രോയെ വാഴ്ത്തി ക്യൂബന്‍ പതാകകളുമായി രംഗത്തിറങ്ങിയ സര്‍ക്കാര്‍ അനുകൂലികള്‍ പ്രക്ഷോഭകാരികള്‍ക്ക് മുന്നില്‍ തീര്‍ത്തും നിഷ്പ്രഭരായിപോയി! പിണറായി മാഹാത്മ്യം’ ശരിയായി അവതരിപ്പിച്ചാല്‍ ക്യൂബ വീണ്ടും വിപ്ലവപാതയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രായപരിധി കഴിഞ്ഞിട്ടും വൃദ്ധസദനത്തിന്റെ പരിപാലന ചുമതലയുള്ളവര്‍ വാദിക്കുന്നത്.
മിഠായിപ്പൊതി വിതരണത്തിന്റെ പൊലിമ കളയാന്‍ കോഴിക്കോട് ചില ഗൂഢാലോചനകള്‍ നടക്കുന്നതായി മുഖ്യന്റെ ഉപദേശിവൃന്ദത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അവരെ കൈകാര്യം ചെയ്യാന്‍ വയോധിക മൂഡിലുള്ള പാര്‍ട്ടി നേതൃത്വത്തിന് കഴിവില്ലെന്നാണ് ഒരു വിമര്‍ശനം. അതിനിടെ പാര്‍ട്ടിക്ക് ഫുള്‍ടൈം സെക്രട്ടറി ഇല്ലാത്തത് പ്രശ്‌നമാകുമെന്നു മുറുമുറുപ്പും അങ്ങിങ്ങ് ഉയരുന്നുണ്ട്. ആക്ടിങ്ങ് സെക്രട്ടറിക്ക് കണ്‍വീനര്‍ എന്ന നിലയില്‍ പിടിപ്പത് ജോലി ഉള്ളപ്പോള്‍ എല്ലാ ഏടാകൂടങ്ങളില്‍ നിന്നും പാര്‍ട്ടിയെ രക്ഷിക്കാന്‍ എങ്ങിനെ കഴിയുമെന്നാണ് ചോദ്യം. പഴയ ഫുള്‍ടൈം സെക്രട്ടറി മക്കളുടെ കേസ് കൂട്ടങ്ങള്‍ അവസാനിക്കുമ്പോള്‍ തിരിച്ചെത്തണമെന്ന് ആഗ്രഹിക്കുന്നവരും ഉണ്ടത്രെ. രണ്ടാം വരവിന്റെ തുടക്കത്തില്‍ നൂറുകൂട്ടം ഏടാകൂടങ്ങള്‍ വന്ന് പതിക്കുമ്പോള്‍ ഗ്രഹണകാലത്ത് ഞാഞ്ഞൂളും തലപൊക്കും എന്ന ചൊല്ലുകൂടി ഉപദേശികള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും മിഠായിപ്പൊതിയില്‍ എല്ലാം അലിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് വേണ്ടപ്പെട്ടവര്‍. അതിനിടെ ആലപ്പുഴയിലെ ഇടന്തടിപ്പ് അനേകം കവിതാസമാഹാരങ്ങള്‍ കൂട്ടത്തോടെ ഇറങ്ങാനും ഇടയാക്കിയേക്കാം.

Related posts

Leave a Comment