മുഖ്യമന്ത്രിയുടെ മുഖം വെളുപ്പിക്കണം; ഖജനാവിൽ നിന്ന് 40,000 രൂപ നൽകി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന ആറുമണി പത്രസമ്മേളനത്തിൽ ടെലിവിഷനിൽ അദ്ദേഹത്തിന്റെ മുഖം വ്യക്തമായി തെളിഞ്ഞുകാണുന്നതിന് പൊതുഖജനാവിൽ നിന്ന് പണമെടുത്ത് ചെലവാക്കി. പത്രസമ്മേളനം പകർത്തുന്ന ക്യാമറകളിൽ മുഖം തെളിഞ്ഞുകാണുന്നതിനായി പ്രത്യേകമായി വൈദ്യുതി ലൈറ്റുകൾ വാടകയ്ക്ക് എടുത്ത വകയിലാണ് ഏഴുദിവസത്തേക്ക് 40,000 രൂപ ചെലവഴിച്ചത്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ പ്രത്യേക സജ്ജീകരണമൊരുക്കിയ വകയിൽ കിട്ടാനുള്ള പണം ആവശ്യപ്പെട്ട് കരാറുകാരൻ അപേക്ഷ നൽകിയതോടെ പൊതുഭരണ വകുപ്പ് ഈ പണം അനുവദിച്ച് ഉത്തരവ് ഇറക്കുകയും ചെയ്തു. 2020 മാർച്ച് 18 മുതൽ 25-ാം തീയതിവരെയുള്ള വൈദ്യുതി വിളക്കിന്റെ വാടകയാണിത്. കേരളത്തിൽ കോവിഡ് റിപ്പോർട്ട് ചെയ്ത ആദ്യദിവസങ്ങളിൽ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിന് എത്തിയിരുന്നത് സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്കിൽ പിആർഡി തയാറാക്കിയ കോൺഫറൻസ് ഹാളിലായിരുന്നു. മാധ്യമ പ്രവർത്തകരുടെ ഇരിപ്പിടം സൗത്ത് ബ്ലോക്കിലെ പിആർ ചേംബറിലും. എന്നാൽ, പിന്നീട് കോൺഫറൻസ് ഹാൾ ഒഴിവാക്കി മുഖ്യമന്ത്രിക്കായി പ്രത്യേകമായി പുറത്ത് വേദിയുണ്ടാക്കി. ഇവിടെ പത്രസമ്മേളനം നടത്തുമ്പോൾ മുഖ്യമന്ത്രിയുടെ മുഖത്ത് വെളിച്ചം കിട്ടുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകം വൈദ്യുതി വിളക്കുകൾ സജ്ജീകരിക്കാൻ തീരുമാനിച്ചത്. ഇതിനായി കവടിയാർ ശബരി ഇലക്ട്രിക്കൽസ് ഉടമ പി.എസ് വിജയകുമാറിനെ വിളിച്ചുവരുത്തി ലൈറ്റുകൾ സജ്ജീകരിക്കുകയായിരുന്നു. പിന്നീട് മുഖ്യമന്ത്രി ഓഫീസിലും ഔദ്യോഗിക വസതിയിലുമായി വാർത്താസമ്മേളനങ്ങൾ തുടർന്നപ്പോൾ വൈദ്യുതി ലൈറ്റ് ഉപയോഗിക്കേണ്ടി വന്നില്ല. ഇതിനായി സ്ഥിരം സംവിധാനങ്ങൾ ഒരുക്കിയിരുന്നു.

Related posts

Leave a Comment