പിണറായി വിജയൻ സ്വർണക്കടത്തിന്റെ ക്യാപ്റ്റൻ ; രമേശ് ചെന്നിത്തല

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ സ്വർണക്കടത്തിന്റെ ക്യാപ്റ്റനാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശരിയായ അന്വേഷണം നടത്തിയാൽ പിണറായി വിജയൻ ക്ലിഫ് ഹൗസിൽ നിന്നും പൂജപ്പുര സെൻട്രൽ ജയിലിലേക്ക് പോകേണ്ടിവരും. പൊലീസ് രാജിനെ നേരിടും. സമരം ചെയ്ത് ജയിലിൽ പോകാൻ തയ്യാറാണെന്നും രമേശ് ചെന്നിത്തല ആലപ്പുഴയിൽ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
കൊച്ചിയിൽ കോൺഗ്രസ് പ്രവർത്തകരുടെ ജില്ലാ കളക്ടറേറ്റ് ഉപരോധം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. കോടതിയിൽ മൊഴി നൽകിയതിന് പ്രതിയെ സർക്കാർ വിരട്ടുകയാണെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണ് മൊഴിയിലുളളത്.

ഇനി ആരും മൊഴി കൊടുക്കരുത്, അതിനാണ് സർക്കാർ പൊലീസിനെ ഉപയോഗിക്കുന്നത്. സത്യസന്ധനെങ്കിൽ മുഖ്യമന്ത്രി ഇതാണോ ചെയ്യേണ്ടത്?. മൊഴിക്കെതിരെ മുഖ്യമന്ത്രി നിയമമാർഗം ഉപയോഗിക്കാത്തത് അതിശയകരമാണെന്നും വി ഡി സതീശൻ പറഞ്ഞു. കോടതിയിൽ രഹസ്യമൊഴി നൽകിയവർക്കെതിരെ സിപിസി 340-1 അനുസരിച്ച് മുഖ്യമന്ത്രിക്ക് ആ കോടതിയിൽ തന്നെ പരാതി കൊടുക്കാം.

ആരോപണങ്ങൾ കളവാണെന്ന് തെളിഞ്ഞാൽ മൊഴി കൊടുത്ത സ്ത്രീയ്ക്ക് ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കും. എന്നിട്ടും എന്തുകൊണ്ട് പിണറായി വിജയൻ പരാതി നൽകുന്നില്ലെന്ന് സതീശൻ ചോദിച്ചു. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം കഴിഞ്ഞയുടൻ പൊലീസ് കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞു. തുടർന്ന് പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധസമരം യുഡിഎഫ് കൺവീനർ എം എം ഹസ്സനാണ് ഉദ്ഘാടനം ചെയ്തത്.

Related posts

Leave a Comment