മന്ത്രിസഭയറിയാതെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം ; മുഖ്യമന്ത്രിയുടെ നടപടിയിൽ ഘടകകക്ഷികൾക്ക് അമർഷം

തിരുവനന്തപുരം: സർക്കാരുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങൾ മന്ത്രിസഭയിൽ പോലും ചർച്ച ചെയ്യാതെ തീരുമാനമെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ ശൈലിക്കെതിരെ അമർഷവുമായി ഘടകകക്ഷി മന്ത്രിമാരും നേതാക്കളും. സുപ്രധാന വകുപ്പുകളിൽ സേവനമനുഷ്ടിക്കുന്ന മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെ സ്വന്തം താൽപ്പര്യപ്രകാരം മാറ്റിയ അസാധാരണ നടപടിക്കെതിരെയാണ് ഏറ്റവുമൊടുവിൽ ഘടകകക്ഷി മന്ത്രിമാർ അതൃപ്തി പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രിസഭയിൽ അജണ്ട പോലും വെയ്ക്കാതെ മുഖ്യമന്ത്രിയെടുത്ത പല തീരുമാനങ്ങളും സർക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടും ഏകാധിപത്യ പ്രവണതയ്ക്ക് മാറ്റമില്ലെന്നാണ് സിപിഐ അടക്കമുള്ള കക്ഷികളുടെ അഭിപ്രായം. കൂട്ടുത്തരവാദിത്വമുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രി ഒറ്റയ്ക്ക് തീരുമാനമെടുത്താൽ പിന്നീടുണ്ടാകുന്ന പ്രത്യാഘാതങ്ങളിൽ ഒപ്പം നിൽക്കാനാവില്ലെന്നാണ് സിപിഐ നേതാക്കൾ പറയുന്നത്. ഐഎഎസുകാരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനും മുഖ്യമന്ത്രിക്ക് പൂർണ അധികാരമുണ്ടെന്നാണ് ചട്ടമെങ്കിലും സാധാരണ മന്ത്രിസഭ പരിഗണിച്ചശേഷമാണ് ഉത്തരവിറക്കുന്നതെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.
അടിയന്തര സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെമാത്രം അനുമതിയോടെ നിയമനം നടത്തുമെങ്കിലും ഇക്കാര്യം പിന്നീട് മുഖ്യമന്ത്രി തന്നെ മന്ത്രിസഭയെ ബോധ്യപ്പെടുത്തുന്നതും കീഴ്‌വഴക്കമാണ്. ഇതു മറികടന്നാണ് ബുധനാഴ്ച 35 ഉദ്യോഗസ്ഥരെ മാറ്റിനിയമിച്ചത്. കോവിഡ് രണ്ടാംതരംഗം ശമിച്ചുതുടങ്ങിയ സാഹചര്യത്തിലാണ് ഏഴ് കളക്ടർമാരെ മാറ്റിയത്. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറിയുമായും റവന്യൂമന്ത്രിയുമായും കൂടിയാലോചന നടന്നിരുന്നു. ചില മന്ത്രിമാർ ആവശ്യപ്പെട്ടതനുസരിച്ച് പല വകുപ്പുകളിലും പുതിയ നിയമനം നടത്തിയിട്ടുമുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുകയായിരുന്നതിനാൽ ബുധനാഴ്ച മന്ത്രിസഭ ചേർന്നിരുന്നില്ല. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിലാകട്ടെ നിയമനകാര്യം പരിഗണിച്ചതുമില്ല. മന്ത്രിമാരാരും ഇക്കാര്യം ആരാഞ്ഞുമില്ല. ചീഫ് ഇലക്ടറൽ ഓഫീസർ ടീക്കാറാം മീണയ്ക്ക് ധനകാര്യവിഭാഗത്തിൽ നൽകിയ നിയമനമായിരുന്നു മാറ്റങ്ങളിലൊന്ന്. മാറ്റം ആവശ്യപ്പെട്ട് മീണ നേരത്തേ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നൽകിയിരുന്നു. പകരം സഞ്ജയ് എം.കൗളിന്റെ നിയമനത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ആരോഗ്യ വിദ്യാഭ്യാസത്തിന്റെയും ആരോഗ്യ സർവകലാശാലയുടെയും ചുമതല അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസിനു നൽകി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ എൻ. ഖൊബ്രഗഡെയാണ് ആരോഗ്യവിദ്യാഭ്യാസവും കൈകാര്യം ചെയ്തിരുന്നത്. ഇതിനിടെ, സ്വർണക്കടത്ത് കേസിലെ പ്രതിയും മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ ചരടുവലികൾ ആരംഭിച്ചതായും സൂചനയുണ്ട്. ശിവശങ്കറിന്റെ സസ്‌പെൻഷൻ കാലാവധി 16-ന് അവസാനിക്കുകയാണ്. അഴിമതിക്കേസിലല്ലെങ്കിൽ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ സസ്‌പെൻഷൻ കാലാവധി ഒരുവർഷമാണ്. അതിനുശേഷം നീട്ടാൻ കേന്ദ്രാനുമതി വേണം. ഇല്ലെങ്കിൽ സ്വമേധയാ പിൻവലിക്കപ്പെടുമെന്ന വാദമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഉയർത്തുന്നത്. 

Related posts

Leave a Comment