പിണറായി സർക്കാരിന്റെ നൂറാം ദിനം ; ജനാധിപത്യദുരന്തത്തിന് കേരളം സാക്ഷ്യം വഹിക്കേണ്ടി വരും : വി എം സുധീരൻ

തിരുവനന്തപുരം: പിണറായി സർക്കാർ അധികാരമേറ്റ് നൂറ് ദിവസം പിന്നിടുമ്പോഴേക്കും അഴിമതിയുടെ അവസാനവാക്കായി മാറിയിരിക്കുന്നു. ഭരണതുടർച്ച ജനാധിപത്യത്ത്യദുരന്തത്തിലായിരിക്കും പര്യവസാനിക്കുകയെന്ന് വി.എം സുധീരൻ.മുട്ടിൽ മരം കൊള്ള ഉൾപ്പെടെ വൻതോതിലുള്ള വനം കൊള്ള നടത്തിയ ‘വനംമാഫിയ’ തലവൻമാരെയും അതിനെല്ലാം കൂട്ടുനിന്ന രാഷ്ട്രീയ -ഉദ്യോഗസ്ഥ പ്രമാണിമാരെയും ഇടനിലക്കാരെയും സംരക്ഷിക്കാൻ സർക്കാരിൻ്റെ ഭാഗത്തുനിന്നും തെറ്റായ ശ്രമങ്ങൾ,.. തുടങ്ങീ നിരവധിയാണ് സർക്കാരിന്റെ ഭാ​ഗത്തുനിന്നുളള വീഴ്ച്ച. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി.എം സുധീരൻ സർക്കാരിനെതിരെ വിമർഷനവുമായി രം​ഗത്തെത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെെ പൂർണ്ണരൂപം: രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്ത് നൂറു ദിവസം പിന്നിടുകയാണ്.
വൻഭൂരിപക്ഷത്തോടെ ഭരണത്തുടർച്ചയുമായി മുന്നേറിയ പിണറായി ഭരണകൂടവും അതിന് നേതൃത്വം നൽകുന്ന രാഷ്ട്രീയ സംവിധാനമായ ഇടതുപക്ഷ ജനാധിപത്യമുന്നണിയും ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വൻ പ്രതിച്ഛായാതകർച്ചയിലേക്കെത്തിയ സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളത്.
മുട്ടിൽ മരം കൊള്ള ഉൾപ്പെടെ വൻതോതിലുള്ള വനം കൊള്ള നടത്തിയ ‘വനംമാഫിയ’ തലവൻമാരെയും അതിനെല്ലാം കൂട്ടുനിന്ന രാഷ്ട്രീയ -ഉദ്യോഗസ്ഥ പ്രമാണിമാരെയും ഇടനിലക്കാരെയും സംരക്ഷിക്കാൻ സർക്കാരിൻ്റെ ഭാഗത്തുനിന്നും പ്രകടമായ തെറ്റായ ശ്രമങ്ങൾ, കരുവന്നൂർ ബാങ്ക് കൊള്ളയുൾപ്പെടെ സഹകരണമേഖലയ്ക്ക് അപമാനം ഉണ്ടാക്കിയ ‘സഹകരണമാഫിയ’ സംഘങ്ങളെ കൈകാര്യം ചെയ്യുന്നതിലെ മൃദു സമീപനം, മഹാ വിപത്തായ കോവിഡിനെ പ്രതിരോധിക്കുന്നതിൽ വന്നിട്ടുള്ള വൻ പാളിച്ചകൾ, കോവിഡ് പ്രോട്ടോകോൾ നടപ്പാക്കുന്നതിൻ്റെ പേരിൽ പോലീസും മറ്റ് അധികൃതരും കാട്ടിക്കൂട്ടുന്ന അതിക്രമങ്ങൾ മൂലമുണ്ടായ ജനരോഷം, നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ട് സർക്കാർ ഖജനാവിലെ പണം ദുർവിനിയോഗം ചെയ്ത് ‘നിയമസഭാകയ്യാങ്കളി’ കേസ് പിൻവലിക്കുന്നതിന് സുപ്രീംകോടതിയെ സമീപിച്ച് ചോദിച്ചുവാങ്ങിയ താങ്ങാനാകാത്ത തിരിച്ചടി തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ സർക്കാർ നടപടികളും സമീപനങ്ങളും വരുത്തിവെച്ച ജനപ്രതിഷേധത്തിൽ പ്രതിച്ഛായ തീർത്തും തകർന്നു പോയ ദുരവസ്ഥയിലാണ് സർക്കാർ എത്തിച്ചേർന്നിട്ടുള്ളത്.
ജനാധിപത്യ ഭരണസംവിധാനത്തിൻ്റെ സജീവ സാന്നിധ്യവും ക്രിയാത്മകമായ ഇടപെടലുകളും ജനങ്ങൾക്ക് അനുഭവപ്പെടാത്ത ഈ ദുസ്ഥിതി സ്വയം വിമർശനത്തിലൂടെയും തെറ്റ് തിരുത്തൽ നടപടികളിലൂടെയും മാറ്റിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ വലിയൊരു ‘ജനാധിപത്യദുരന്ത’ത്തിനായിരിക്കും കേരളം സാക്ഷ്യം വഹിക്കേണ്ടി വരിക.

Related posts

Leave a Comment