പിണറായി ഭരണം ദയനീയ പരാജയം: ഒടുവിൽ സിപിഎമ്മിന്റെ കുറ്റസമ്മതം

  • മന്ത്രിമാരെ ജനങ്ങൾക്ക് ഫോണിൽ കിട്ടുന്നില്ല
  • ശമ്പളം കൊടുക്കില്ലെന്ന് പറയാനൊരു മന്ത്രിയെന്തിന്?
  • സൈബറിടങ്ങളിലെ ക്യാപ്സൂളുകൾ പാർട്ടിക്ക് ബാധ്യത

നിസാർ മുഹമ്മദ്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനം ദയനീയ പരാജയമെന്ന കുറ്റസമ്മതവുമായി സിപിഎം. അഞ്ച് ദിവസം നീണ്ട നിര്‍ണ്ണായക നേതൃയോഗങ്ങൾക്കിടെ മന്ത്രിസഭയുടേയും സര്‍ക്കാരിന്‍റെയും പ്രവര്‍ത്തനത്തിൽ സിപിഎം അതൃപ്തി രേഖപ്പെടുത്തി. ഒരു വർഷം പിന്നിട്ടിട്ടും ജനകീയ സർക്കാരെന്ന നിലയിലേക്ക് പ്രതിച്ഛായ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല, പിണറായി വിജയൻ നേതൃത്വം നൽകുന്ന ആഭ്യന്തര വകുപ്പിന്റെ വീഴ്ചകൾ സർക്കാരിനും പാർട്ടിക്കും വല്ലാതെ അവമതിപ്പ് ഉണ്ടാക്കുന്നു,   നാടിന്റെ പൊതുവായ പ്രശ്നങ്ങൾ പറയാൻ ജനങ്ങൾ മന്ത്രിമാരെ ഫോണിൽ വിളിച്ചാൽ കിട്ടാറില്ല, തന്നിഷ്ട പ്രകാരമാണ് ചില മന്ത്രിമാരും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളും പ്രവർത്തിക്കുന്നത് എന്നിങ്ങനെ ഭരണപരാജയങ്ങൾ ഏറ്റുപറഞ്ഞാണ് സിപിഎം നേതൃയോഗം ഇന്നലെ അവസാനിച്ചത്. ജനങ്ങളുടെ പ്രതികരണങ്ങൾക്കെതിരെ സൈബറിടങ്ങളിൽ ഇടതുപക്ഷ അനുഭാവികളെന്ന പേരിൽ ചിലർ നടത്തുന്ന പ്രതികരണങ്ങൾ പാർട്ടിക്ക് ബാധ്യതയാകുമെന്ന് കഴിഞ്ഞ ദിവസം ഒരു സിനിമയ്ക്കെതിരെ നടന്ന ബഹിഷ്കരണ ആഹ്വാനം മുൻ നിർത്തി യോഗത്തിൽ അഭിപ്രായം ഉയർന്നു. ഏതാണ്ടെല്ലാ വകുപ്പുകളുടെയും പ്രവർത്തനം പോരെന്ന് തന്നെയാണ് പാർട്ടിയുടെ വിലയിരുത്തൽ. യോഗത്തിൽ മന്ത്രിമാരുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും വകുപ്പുകളുടെ പോരായ്മകൾ ചൂണ്ടിക്കാണിക്കപ്പെട്ടു. യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയ സിപിഎം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണൻ ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തു. മുഖ്യന്ത്രി നേരിട്ട് ഭരിക്കുന്ന പൊലീസിൽ തുടങ്ങി ആരോഗ്യ, തദ്ദേശ, പൊതുമരാമത്ത് വകുപ്പുകളും  ഘടകക്ഷികകൾ കൈകാര്യം ചെയ്യുന്ന കെഎസ്ആര്‍ടിസി, കെഎസ്ഇബി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളുമെല്ലാം പ്രതിനിധികളുടെ ഇഴകീറി പരിശോധനക്ക് വിധേയമായി.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടത്തിയ ജനക്ഷേമ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഈ സർക്കാർ. എന്നാൽ, ഒരു വർഷം പിന്നിടുമ്പോൾ പരമ ദയനീയമാണ് സർക്കാരിന്റെ പ്രവർത്തനം. മന്ത്രിമാര്‍ ഓഫീസിലും ഓൺലൈനിലും മാത്രം കേന്ദ്രീകരിക്കുന്നു. ജനങ്ങളിലേക്ക് ഇറങ്ങുന്നില്ല. ഈ രീതി മാറ്റണം. പാര്‍ട്ടി നേതാക്കൾ നൽകുന്ന പരാതികൾ തീര്‍പ്പാക്കുന്നതിൽ പോലും വീഴ്ചയുണ്ടാവുന്നു. മന്ത്രിമാരിൽ പലരും ഫോൺ പോലുമെടുക്കില്ല. സീനിയര്‍ നേതാവ് മന്ത്രിയായിട്ടും തദ്ദേശ വകുപ്പ് പ്രവര്‍ത്തനത്തിന് ഉദ്ദശിച്ച വേഗമില്ല. അതി ദാരിദ്ര്യ ലഘൂകരണ പദ്ധതി പോലും അനിശ്ചിതമായി വൈകി.  ജനക്ഷേമത്തിനുള്ള ഇടപെടലുകളിലെ വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു ആരോഗ്യ വകുപ്പിന് വിമര്‍ശനം.
ശമ്പളം കൊടുക്കില്ലെന്ന് പറയാൻ വേണ്ടി ഒരു മന്ത്രിയുടെ ആവശ്യമെന്തിനെന്ന ചോദ്യമാണ് കെഎസ്ആര്‍ടിസിക്കെതിരെ ഉയര്‍ന്നത്. കെഎസ്ആര്‍ടിസിയിലും കെഎസ്ഇബിയിലും യൂണിയനുകളെ അനാവശ്യമായി പിണക്കുന്ന പ്രവണതയുണ്ടായി. ബഫര്‍സോൺ പ്രശ്നത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിൽ വനം വകുപ്പിനും വീഴ്ചയുണ്ടായി. മന്ത്രിമാരുടെ പ്രവര്‍ത്തനം പാര്‍ട്ടി പ്രത്യേകം വിലയിരുത്തും. മുഖ്യമന്ത്രിയും പാർട്ടി  സെക്രട്ടറിയും പങ്കെടുത്ത് പേഴ്സണൽ സ്റ്റാഫിന്‍റെ യോഗം വിളിക്കാനും യോഗത്തിൽ ധാരണയായി. പാര്‍ട്ടിയും സര്‍ക്കാരും പിണറായിയിൽ കേന്ദ്രീകരിക്കുന്നു എന്ന വിലയിരുത്തലിനിടെയാണ് പൊലീസ് വകുപ്പിനെതിരെ വരെ ശക്തമായ വിമര്‍ശനം എന്നതും ശ്രദ്ധേയമാണ്. സര്‍ക്കാര്‍ തലത്തിൽ മാത്രമല്ല സംഘടനാ പ്രവര്‍ത്തനത്തിലെ പോരായ്മകളും നേതൃയോഗത്തിൽ ചര്‍ച്ചയായി. പാര്‍ലമെന്‍ററി സംവിധാനത്തിന് ചുറ്റും കറങ്ങേണ്ടതല്ല പാര്‍ട്ടിയെന്നും പ്രാദേശിക ജനകീയ വിഷയങ്ങളിൽ വരെ ഇടപെടൽ വേണമെന്നും നിര്‍ദ്ദേശിച്ചാണ് നേതൃയോഗം പിരിഞ്ഞത്.
ബഫര്‍സോൺ വിഷയവുമായി ബന്ധപ്പെട്ട് വൻ തോതിൽ ആശങ്ക ജനങ്ങൾക്ക് ഉണ്ടായിട്ടും അത് പരിഹരിക്കാൻ പ്രായോഗിക ഇടപെടൽ ഉണ്ടായില്ലെന്ന വിമര്‍ശനമാണ് വനം വകുപ്പിനെതിരെ ഉയര്‍ന്നത്. മന്ത്രിമാരുടെ പ്രവര്‍ത്തനം പ്രതീക്ഷിച്ച പോലെ മെച്ചപ്പെടാത്തത് സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ ബാധിക്കുമെന്ന വിമര്‍ശനം ചര്‍ച്ചയുടെ ഉള്ളടക്കത്തിലുണ്ട്. സര്‍ക്കാര്‍ ജനക്ഷേമ പദ്ധതികൾ ആവിഷ്കരിക്കുമ്പോഴും ജനകീയ ഇടപെടലുകൾ നടത്തുമ്പോഴും ഉദ്യോഗസ്ഥ വൃന്ദത്തിന്റെ പിന്തുണ ഉറപ്പാക്കി മുന്നോട്ട് പോകണം. വേണ്ടത്ര ഏകോപനം ഉദ്യോഗസ്ഥ ഇടപെടലിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. പൊലീസ് വീഴ്ച ആവര്‍ത്തിക്കുകയാണ്. തന്നിഷ്ടപ്രകാരമുള്ള സേനയുടെ പ്രവര്‍ത്തനം അനാവശ്യ വിവാദങ്ങളിലേക്ക് എത്തിക്കുന്നതായും നിയന്ത്രണം വേണമെന്നും സംസ്ഥാന സമിതിയോഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സജി ചെറിയാൻ രാജി വച്ചതോടെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മറ്റ് അംഗങ്ങൾക്ക് വീതിച്ച് നൽകുകയും സ്റ്റാഫ് അംഗങ്ങളെ പുനര്‍വിന്യസിക്കുകയും ആണ് മുഖ്യമന്ത്രി ചെയ്തത്. നിയമസഭാ കയ്യാങ്കളി കേസ് കോടതി പരിഗണിക്കുന്നതോടെ വി ശിവൻകുട്ടി മന്ത്രിസ്ഥാനത്ത് നിന്ന് മാറേണ്ടി വരുമെന്നും അങ്ങനെ എങ്കിൽ പുതുമുഖം പകരമെത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. തിരുവനന്തപുരം ജില്ലയിലെ സംഘടനാ സംവിധാനത്തിലും മാറ്റമുണ്ടാകും. എന്നാൽ, ക്ഷേമപദ്ധതികൾക്ക് രൂപം നൽകി മുന്നോട്ട് പോകാൻ മാത്രമാണ് തീരുമാനമെന്നും മന്ത്രിസഭാ അഴിച്ച് പണിയൊന്നും ഇപ്പോൾ പരിഗണനയില്ലെന്നുമാണ് സിപിഎം ഔദ്യോഗികമായി വിശദീകരിക്കുന്നത്. ലോക്സഭാ തെര‍ഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനകീയ മുഖം മിനുക്കി മുന്നോട്ട് പോകാനുള്ള ക്രിയാത്മക നിര്‍ദ്ദേശങ്ങളും ചര്‍ച്ചകളുമാണ് നടന്നതെന്നാണ് നേതാക്കളുടെ പ്രതികരണം. ക്ഷേമ പദ്ധതികൾക്കും ജനകീയ ഇടപെടലുകൾക്കും രൂപം നൽകും. അതിനിടെ മന്ത്രിസഭാ പുനസംഘടന അടക്കമുള്ള നടപടികളുണ്ടാകുമെന്ന സൂചനയും ചില കേന്ദ്രങ്ങൾ നൽകുന്നുണ്ട്. വ്യാപകമായ ഒരു അഴിച്ച് പണി സിപിഎം ശീലമല്ലെങ്കിലും ചില വകുപ്പുകളിലെങ്കിലും മാറ്റം ഉണ്ടാകാനിടയുണ്ടെന്നാണ് സൂചന.
അതേസമയം, മന്ത്രിസഭാ പുനസംഘടനയെക്കുറിച്ച് പാർട്ടി ആലോചിച്ചിട്ടില്ലെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. മന്ത്രിമാരുടെ മൊത്തം പ്രവര്‍ത്തനങ്ങളാണ് നേതൃയോഗങ്ങളിൽ പരിശോധിച്ചത്. മന്ത്രിമാരുടെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ പാർട്ടി നൽകും. മന്ത്രിമാർ കൂടുതൽ സജീവമാകണമെന്ന നിർദേശം ഉയർന്നിട്ടുണ്ട്. ലോകായുക്ത വിഷയത്തിൽ സിപിഐയുമായി നേരത്തെ ചർച്ച നടത്തി. അവരുമായി ചർച്ച ചെയ്തേ തീരുമാനമെടുക്കൂവെന്നും കോടിയേരി പറഞ്ഞു.
ആഭ്യന്തരവകുപ്പിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് വിമർശനം ഉണ്ടാകാത്ത കാലഘട്ടം ഉണ്ടായിട്ടില്ല. എല്ലാക്കാലത്തും പൊലീസ് വിമർശനത്തിനു വിധേയരാണ്. ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്ത കോഴിക്കോട് മേയറുടെ നടപടി തെറ്റാണെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പറഞ്ഞിട്ടുണ്ട്. നാട്ടിൽ നടക്കുന്ന പരിപാടികൾക്കെല്ലാം പോകണമെന്നാണ് ചില മേയർമാരുടെ ധാരണ. പരസ്യവാചകങ്ങളുടെ പേരിൽ സിനിമ ബഹിഷ്ക്കരണമെന്നത് സിപിഎമ്മിന്റെ അഭിപ്രായമല്ല. സമൂഹമാധ്യമങ്ങളിൽ എഴുതുന്നതെല്ലാം സിപിഎം നിലപാടല്ലെന്നും കോടിയേരി വിശദീകരിച്ചു. 

Related posts

Leave a Comment