നന്നാവില്ല, പിണറായി പൊലീസും ഭരണകൂടവും…

*വീടിനടുത്ത് നിന്ന യുവാവിനെ മർദ്ദിച്ച് പൊലീസ്
*മൽസ്യവിൽപ്പനക്കാരിയെ മർദ്ദിച്ച് നഗരസഭാ ഉദ്യോഗസ്ഥർ

തിരുവനന്തപുരം: കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ ജീവിതമാർഗം തേടി  അലയുന്ന സാധാരണക്കാരായ ജനങ്ങളുടെ മേൽ കുതിര കയറി പിണറായി പൊലീസും ഭരണകൂടവും. തിരുവനന്തപുരത്ത് ഇന്നലെയുണ്ടായ രണ്ട് സംഭവങ്ങൾ സാധാരണക്കാർക്ക് നേരെ പൊലീസും ഭരണകൂടവും നടത്തുന്ന വേട്ടയാടലിന് ഉദാഹരണങ്ങളായി. കഴക്കൂട്ടത്ത് വീടിന് മുന്നിൽ നിന്ന യുവാവിനെ പൊലീസ് മർദ്ദിച്ചതും ആറ്റിങ്ങലിൽ മൽസ്യ തൊഴിലാളിയായ സ്ത്രീയുടെ മീൻ കുട്ടയടക്കം നഗരസഭാ ഉദ്യോഗസ്ഥർ വലിച്ചെറിഞ്ഞതും വൻ പ്രതിഷേധത്തിന് വഴിവെച്ചു. ജനങ്ങൾ പൊലീസിനെതിരെ ശക്തമായി പ്രതികരിച്ചതോടെ യുവാവിനെ മർദ്ദിച്ച കഴക്കൂട്ടം എസ്ഐക്ക് സസ്പെൻഷൻ നൽകി സർക്കാർ തൽക്കാലത്തേക്ക് തടിതപ്പി. ഞായറാഴ്ച രാത്രിയാണ് കഴക്കൂട്ടം രാമചന്ദ്രനഗർ സ്വദേശി ഷിബുകുമാറിനെ പൊലീസ് മർദ്ദിച്ചത്. ഷിബു കുമാർ മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പൊലീസ് കമ്മീഷണർക്കും
പരാതി നൽകിയതിന് പിന്നാലെയായിരുന്നു സസ്പെൻഷൻ.
സ്വകാര്യ കാറിലെത്തിയ കഴക്കൂട്ടം എസ്ഐ വിമൽ കുമാർ ഉൾപ്പെടെയുള്ള സംഘം മർദിച്ചശേഷം വീട്ടിലേക്കു കയറിപോകാൻ പറഞ്ഞുവെന്നായിരുന്നു ഷിബുകുമാറിന്റെ പരാതി. വീടിനു സമീപമുള്ള റോഡിൽ നിൽക്കുകയായിരുന്നു ഷിബുകുമാർ. ആ സമയത്ത് കഴക്കൂട്ടം സിഐയുടെയും മറ്റൊരു എസ്ഐയുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം അവിടെയുത്തുകയും കാരണം കൂടാതെ അടിക്കുകയും ചെയ്തു. ഷിബുകുമാറിന്റെ തോളിലും മുതുകിലും ഇടുപ്പിലും അടിയേറ്റ പാടുകളുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടി. എന്തിനാണ് അടിക്കുന്നതെന്നോ എന്താണ് ചെയ്ത തെറ്റെന്നോ പറയാതെയായിരുന്നു മർദനം. അടിച്ചതിനു ശേഷം ‘ഇവിടെ നിൽക്കാതെ കേറി പോടാ…’ എന്ന് പറഞ്ഞ് പൊലീസ് തിരികെ പോകുകയും ചെയ്തുവെന്നായിരുന്നു ഷിബുകുമാറിന്റെ പരാതി.  ലോക്ക്ഡൗൺ ലംഘനമാണെങ്കിൽ പിഴ ഈടാക്കാമായിരുന്നുവെന്നും ഷിബുകുമാർ പറയുന്നു.
ആറ്റിങ്ങലില്‍ റോഡരികില്‍ കച്ചവടം ചെയ്ത മല്‍സ്യത്തൊഴിലാളിയുടെ മീന്‍ നഗരസഭാ ജീവനക്കാര്‍ വലിച്ചെറിഞ്ഞതായിരുന്നു മറ്റൊരു സംഭവം. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് അഞ്ചുതെങ്ങ് സ്വദേശിയായ അല്‍ഫോൻസ വില്‍ക്കാനെത്തിച്ച മീനാണ് വലിച്ചെറിഞ്ഞത്. നഗരസഭാ ഉദ്യോഗസ്ഥരെ തടയുന്നതിനിടയില്‍ റോഡിലേക്കു വീണു പരുക്കേറ്റ അല്‍ഫോൻസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരസഭാ പരിധിയിലുള്ള അവനവഞ്ചേരിയില്‍ വില്‍പനയ്ക്കു വച്ച മീനാണു ഉദ്യോഗസ്ഥര്‍ വലിച്ചെറിഞ്ഞത്. 2000 രൂപയിലേറെ വിലവരുന്ന മല്‍സ്യം കുട്ടയില്‍ ഉണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ എത്തി വില്‍പന ചോദ്യം ചെയ്തു പലകയുടെ തട്ടില്‍ വച്ചിരുന്ന മീന്‍ തട്ടോടുകൂടി റോഡിലേക്കു വലിച്ചെറിയുകയായിരുന്നു. ഇതു തടസപ്പെടുത്താന്‍ ശ്രമിച്ച സ്ത്രീ റോഡിലേക്കു വീണു.
റോഡിലേക്കു വീണ അല്‍ഫോൻസയുടെ കൈക്കു പരുക്കേറ്റു. ഇവരെ വലിയകുന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തുള്ള മീന്‍കടക്കാരനെ സഹായിക്കാനാണു വഴിയോര മീന്‍ കച്ചവടം തടഞ്ഞതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. അതേസമയം മീന്‍ വലിച്ചെറിഞ്ഞതിനെ ന്യായീകരിച്ച് ആറ്റിങ്ങൽ നഗരസഭ രംഗത്തെത്തി. റോഡരികിലെ മീന്‍വില്‍പനയ്ക്കെതിരെ പരാതി ഉണ്ടായിരുന്നതായി നഗരസഭ അധ്യക്ഷ പ്രതികരിച്ചു. നഗരസഭ കച്ചവട സ്ഥലങ്ങള്‍ ഒരുക്കിയിട്ടുണ്ട്, അത് ഉപയോഗിക്കുകയാണു വേണ്ടതെന്നും നഗരസഭാ അധ്യക്ഷ പറഞ്ഞു. മാര്‍ക്കറ്റിലല്ലാതെ മല്‍സ്യവില്‍പന അനുവദിക്കാനാവില്ലെന്ന് അവര്‍ പറഞ്ഞു. അഞ്ചംഗ കുടുംബത്തിന് ഉപജീവനം കണ്ടത്താനാണു കച്ചവടമെന്നും അധികൃതരുടെ നടപടി ജീവിതം വഴിമുട്ടിച്ചെന്നും അല്‍ഫോൻസ പിന്നീടു പറഞ്ഞു. അതേസമയം, നഗരസഭ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ സമീപത്തെ ഒട്ടോറിക്ഷാ തൊഴിലാളികളും ജനങ്ങളും സംഘടിച്ചത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു.

Related posts

Leave a Comment