പിണറായി മോദിക്കു പഠിക്കുന്നുഃ സതീശന്‍

തിരുവനന്തപുരംഃ വിവാദ വിഷയങ്ങളില്‍ അപകടകരമായ മൗനം ഭജിച്ച് ജനങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സമാന വിഷയങ്ങളില്‍ മൗനം ഭജിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പഠിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്വര്‍ണകടത്ത് കേസിലെ പ്രതികള്‍ വിദേശത്തേക്കു ഡോളര്‍ കടത്തിയതിനു പിന്നില്‍ പിണറായി വിജയന്‍റെ പങ്ക് വ്യക്തമാകുന്ന മൊഴികള്‍ പുറത്തു വന്ന് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രി തികഞ്ഞ മൗനത്തിലാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി. പെഗാസസ് വിവാദത്തില്‍ പാര്‍ലമെന്‍റ് ഇളകിമറിഞ്ഞിട്ടും വായ തുറക്കാതെ, ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലവാരത്തിലേക്കു കേരളത്തിലെ മുഖ്യമന്ത്രിയും തരംതാഴ്ന്നു പോയെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ഡോളര്‍കടത്തിനെക്കുറിച്ചു പ്രതികള്‍ നടത്തിയ മൊഴിയെക്കുറിച്ച് സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതിനെത്തുടര്‍ന്നു സഭാതലം വിട്ടു പുറത്തുവന്ന് പ്രതിഷേധ മതില്‍ തീര്‍ത്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സതീശന്‍.

സ്വര്‍ണക്കടത്ത് കേസിലും തുടര്‍ന്നുണ്ടായ ഡോളര്‍ കടത്ത് കേസിലും പ്രധാനപ്രതികളുടെ മൊഴികളാണ് പുറത്തു വന്നിരിക്കുന്നത്. തെളിവ് നിയമത്തിന്‍റെ പരിധിയില്‍ വരുന്നതാണ് ഈ മൊഴികള്‍. പ്രതികള്‍ക്ക് ഇനി ഈ മൊഴി വിചാരണക്കോടതിയില്‍ മാറ്റിപ്പറയാനാകില്ല. അത്രമാത്രം ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയിട്ടും ആരോപണ വിധേയനായ മുഖ്യമന്ത്രി ഒന്നും മിണ്ടുന്നില്ല. നിയസഭ കേരളജനതയുടെ പരിച്ഛേദമാണ്. എല്ലാ രാഷ്‌ട്രീയ കക്ഷികളുടെയും പ്രദേശത്തിന്‍റെയും ജനവിഭാഗങ്ങളുടെയും പ്രതിനിധികളാണ് അവിടെയുള്ളത്. അതുകൊണ്ടു തന്നെ കള്ളക്കടത്തുകാരുടെ മൊഴിയില്‍ പരാമര്‍ശിക്കപ്പെട്ട കുറ്റാരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിശദമാക്കേണ്ടതും സഭയിലാണ്. സഭ സമ്മേളിക്കുമ്പോള്‍ വേറേ എവിടെയാണ് അദ്ദേഹം മറുപടി പറയേണ്ടത്? ഈ ചോദ്യം ഉന്നയിക്കേണ്ടത് പ്രതിപക്ഷത്തിന്‍റെ ചുമതലയാണ്. അതുകൊണ്ടാണ് കഴിഞ്ഞ രണ്ടു ദിവസമായി ഇക്കാര്യത്തില്‍ അടിയന്തിര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്.

ഇന്നു നിയമസഭാ സമ്മേളനം അവസാനിക്കുന്ന സാഹചര്യത്തില്‍ ഇനി സഭയ്ക്കു പുറത്തേക്കും പ്രക്ഷോഭം വ്യാപിപ്പിക്കും. സമരത്തിന്‍റെ രീതി ഏതു തരത്തിലായിരിക്കണമെന്നു കെപിസിസിയുമായും യുഡിഎഫ് നേതൃത്വവുമായും ആലോചിച്ചു തീരുമാനിക്കുമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

Related posts

Leave a Comment