‘പറക്കുന്ന ധൂർത്ത്’ തുടരാൻ പിണറായി സർക്കാർ; വീണ്ടും ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാൻ തയാറെടുക്കുന്നു

സംസ്ഥാന സർക്കാർ വീണ്ടും ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാൻ തയാറെടുക്കുന്നു. സ്വകാര്യ ഏജൻസികളിൽ നിന്നടക്കം ടെണ്ടർ ക്ഷണിക്കാനുള്ള നടപടികൾ ആരംഭിച്ചു. 20 മണിക്കൂര്‍ പറത്താന്‍ 1 കോടി 44 ലക്ഷം രൂപ! ഇതായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത ഹെലികോപ്ടറിന് നല്‍കിവന്നിരുന്ന ചെലവ്.

ആദ്യ കോവിഡ് പ്രതിസന്ധിക്കിടെ ആണ് ഡല്‍ഹി ആസ്ഥാനമായ പവന്‍ഹാന്‍സ് കമ്പനിയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തത്. മാവോയിസ്റ്റ് ഭീഷണിയെ നേരിടാനും പ്രകൃതി ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമെന്ന പേരിലാണ്
വാടകയ്ക്കെടുത്തതിനെ സർക്കാർ ന്യായികരിച്ചത്‌. കേരള പോലീസിന്റെ ഫണ്ടില്‍ നിന്നാണ് ഇതിനായി പണം നല്‍കിയിരുന്നത്. ടെണ്ടറും മാനദണ്ഡങ്ങളുമെല്ലാം കാറ്റില്‍പ്പറത്തിയാണ് അന്ന് സർക്കാർ ഇത് നടപ്പിലാക്കിയത്.

20 മണിക്കൂര്‍ പറത്താന്‍ ഒരു കോടി 44 ലക്ഷം രൂപയും അതില്‍ കൂടുതല്‍ പറത്താന്‍ മണിക്കൂറിന് 67,000 രൂപയുമായിരുന്നു കരാറിലുണ്ടായിരുന്നത്. ഹെലികോപ്റ്ററിനു വേണ്ടി പാര്‍ക്കിംഗ് ഫീസ് വകയില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ചെലവാക്കിയത് 56.72 ലക്ഷം രൂപയാണ്. വാടക, കോപ്റ്ററിന്റെ സംരക്ഷണം എന്നീ ഇനങ്ങളില്‍ ആകെ ചെലവാക്കിയത് 22.21 കോടി രൂപയും. ഇതില്‍ കോപ്റ്ററിന്റെ മാസവാടക മാത്രം 21.64 കോടി രൂപയാണ്. കരാര്‍ കാലാവധി അവസാനിക്കും വരെയുള്ള കണക്കുകളാണിത്.

പവന്‍ഹാന്‍സ് കമ്പനിയുമായുള്ള കരാർ ഏപ്രിലിൽ അവസാനിച്ചിരുന്നു. ഇപ്പോൾ വീണ്ടും ഹെലികോപ്ടറിനായി ഡിജിപി കത്തുനല്‍കിയിരിക്കുകയാണ്.

ഹെലികോപ്റ്റര്‍ വാങ്ങിയ ശേഷം എത്ര തവണ ഉപയോഗിച്ചു, മാവോയിസ്റ്റ് വേട്ടയ്ക്കായി ഒരുവട്ടമെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്നീ ചോദ്യങ്ങള്‍ക്ക് വിവരങ്ങള്‍ ഇതു വരെ ലഭ്യമല്ല എന്നതാണ് മറ്റൊരു യാഥാർഥ്യം. ഈ മറുപടികള്‍ ചര്‍ച്ചയായാല്‍ അത് സര്‍ക്കാരിന് കൂടുതല്‍ തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം. കോടികള്‍ ഖജനാവില്‍ നിന്നും ചെലവഴിച്ച് വാടകയ്‌ക്കെടുത്ത ഹെലികോപ്ടര്‍ കേരളത്തിന് നല്‍കിയത് നഷ്ടക്കണക്ക് മാത്രമാണ്.

Related posts

Leave a Comment