‘പറക്കുന്ന ധൂർത്ത്’ പുതുവർഷത്തിൽ; മുഖ്യമന്ത്രിക്ക് പറക്കാൻ ഇരട്ട എൻജിനുള്ള ഹെലികോപ്ടർ വരുന്നു; കരാറിനായി സ്വകാര്യ കമ്പനികളുടെ നീണ്ടനിര

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വീണ്ടും വാടകയ്ക്ക് എടുക്കുന്ന ഹെലികോപ്ടർ പുതുവർഷത്തിൽ ലഭിക്കുമെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രിക്കായി ഇരട്ട എഞ്ചിനുള്ള പുതിയ കോപ്ടറെത്തുമെന്നാണ് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും മറ്റ് ഉയർന്ന ഉദ്യോഗസ്ഥർക്കും പറക്കാൻ സ്വകാര്യ കമ്പനിയുടെ ഹെലികോപ്ടർ സംസ്ഥാനം വീണ്ടും വാടകയ്‌ക്കെടുക്കും. മൂന്നു വർഷത്തേക്കാണ് കരാർ. ചിപ്സൺ ഏവിയേഷൻ, ഒ.എസ്.എസ് എയർ മാനേജ്‌മെന്റ്, ഹെലിവേ ചാർട്ടേഴ്സ് എന്നീ കമ്പനികളാണ്‌ രംഗത്തുള്ളത്.

ആദ്യ കോവിഡ് പ്രതിസന്ധിക്കിടെ ആണ് ഡൽഹി ആസ്ഥാനമായ പവൻഹാൻസ് കമ്പനിയിൽ നിന്നും ഒരു വർഷത്തേക്ക് സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. മാവോയിസ്റ്റ് ഭീഷണിയെ നേരിടാനും പ്രകൃതി ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കുമെന്ന പേരിലാണ്
വാടകയ്ക്കെടുത്തതിനെ സർക്കാർ ന്യായികരിച്ചത്‌. കേരള പോലീസിന്റെ ഫണ്ടിൽ നിന്നാണ് ഇതിനായി പണം നൽകിയിരുന്നത്. ടെണ്ടറും മാനദണ്ഡങ്ങളുമെല്ലാം കാറ്റിൽപ്പറത്തിയാണ് അന്ന് സർക്കാർ ഇത് നടപ്പിലാക്കിയത്.

20 മണിക്കൂർ പറത്താൻ 1 കോടി 44 ലക്ഷം രൂപ! ഇതായിരുന്നു സംസ്ഥാന സർക്കാർ വാടകയ്ക്ക് എടുത്ത ഹെലികോപ്ടറിന് അന്ന് നൽകിവന്നിരുന്ന ചെലവ്. പവൻഹാൻസ് കമ്പനിയുമായുള്ള കരാർ ഏപ്രിലിൽ അവസാനിച്ചിരുന്നു.  കോടികള്‍ ഖജനാവില്‍ നിന്നും ചെലവഴിച്ച് വാടകയ്‌ക്കെടുത്ത ഹെലികോപ്ടര്‍ കേരളത്തിന് നല്‍കിയത് നഷ്ടക്കണക്ക് മാത്രമാണ്.

Related posts

Leave a Comment