എ.വിജയരാഘവനെ ശിഖണ്ഡിയെ പോലെ മുന്നില്‍ നിര്‍ത്തി പിണറായി സര്‍ക്കാര്‍ യുദ്ധം ചെയ്യുന്നു; വിജയരാഘവന്‍ വര്‍ഗീയവാദിയെന്നും കെ.സുധാകരന്‍

തിരുവനന്തപുരം: ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി യുദ്ധം നടത്തിയ പോലെ എ.വിജയരാഘവനെ പോലെയുള്ള നേതാക്കന്‍മാരെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ മതമേലധ്യക്ഷന്‍മാരോട് യുദ്ധം ചെയ്യുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഏറ്റവും വലിയ വര്‍ഗീയവാദിയാണ് വിജയരാഘനെന്നും സുധാകരന്‍ ആരോപിച്ചു. സമുദായ നേതാക്കളുടെ യോഗത്തിന് പ്രതിപക്ഷം മുന്‍കൈ എടുത്തത് ആരെയും ബോധിപ്പിക്കാനല്ലെന്നും മറിച്ച്‌ സ്വയം ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

നാര്‍ക്കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട് ഇവിടെ ഉണ്ടായ പ്രശ്നങ്ങളോട് ഇത്രയും നിസാരമായി പ്രതികരിച്ചത് സര്‍ക്കാരാണെന്നും കോണ്‍ഗ്രസ് പ്രതിനിധികള്‍ ബിഷപ്പുമാരെ കാണാന്‍ പോയതിന് ശേഷമാണ് ഒരു മന്ത്രിയെ മുഖ്യമന്ത്രി പാലായ്ക്ക് അയച്ചതെന്നും സുധാകരന്‍ പ്രതികരിച്ചു. ഇത്തരമൊരു പ്രതിസന്ധിയില്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കാന്‍ എന്തുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ തയ്യാറാകാത്തതെന്നും സര്‍ക്കാര്‍ മുതലെടുപ്പ് നടത്തുകയാണെന്നും സുധാകരന്‍ ആരോപിച്ചു.

പ്രതിപക്ഷം സമുദായ നേതാക്കളെ സന്ദര്‍ശിച്ചപ്പോള്‍ ഒരു സമുദായ നേതാവും വിയോജിപ്പ് പ്രകടിപ്പിച്ചിക്കാതെ സര്‍വ പിന്തുണയും നല്‍കിയതായും വര്‍ഗീയത വളര്‍ത്താനുള്ള ശ്രമമാണ് തങ്ങള്‍ നടത്തിയതെന്ന് വിജയരാഘവന്റെ പ്രസ്താവനയ്ക്ക് ഏത് ഭാഷയിലാണ് മറുപടി പറയേണ്ടതെന്ന് അറിയില്ലെന്നും സുധാകരന്‍ പറഞ്ഞു.

Related posts

Leave a Comment