പങ്കാളിത്ത പെൻഷനിൽ പിണറായി സർക്കാരിന് മനംമാറ്റം; ഉമ്മൻചാണ്ടിയുടേത് ദീർഘവീക്ഷണ നടപടിയെന്ന് വിലയിരുത്തൽ

പ്രത്യേക ലേഖകൻ

തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ സംസ്ഥാനത്ത് നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതി സംബന്ധിച്ചുള്ള മുൻനിലപാടിൽ മാറ്റം വരുത്തി സംസ്ഥാന സർക്കാരും ഇടതുമുന്നണിയും. 2013 ഏപ്രിൽ ഒന്നുമുതൽ പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കാൻ യുഡിഎഫ് സർക്കാർ തീരുമാനമെടുത്തപ്പോൾ കേരളത്തിലൊട്ടാകെ ശക്തമായ പ്രക്ഷോഭവും അക്രമങ്ങളും അഴിച്ചുവിട്ട ഇടതുമുന്നണി നേതൃത്വം നൽകുന്ന പിണറായി സർക്കാരാണ് ഇപ്പോൾ മുൻ നിലപാട് തിരുത്തി രംഗത്തുവരുന്നത്. യുഡിഎഫ് സർക്കാരിന്റേത് ദീർഘവീക്ഷണത്തോടെയുള്ള നടപടിയായിരുന്നുവെന്ന വിലയിരുത്തലാണ് ഇപ്പോൾ സർക്കാരും ഇടതുമുന്നണിയും നടത്തുന്നത്.

അതേസമയം, ജീവനക്കാരുടെ പെൻഷൻ മുഴുവനായും സർക്കാർ വഹിക്കുന്ന സാഹചര്യം ഒരിടത്തുമില്ലെന്ന വിശദീകരണമാണ് നിലപാട് മാറ്റത്തിനായി സർക്കാർ ഇപ്പോൾ നിരത്തുന്നത്. ഇതുസംബന്ധിച്ചുള്ള ശക്തമായ സൂചനകൾ ധനമന്ത്രി കെഎൻ ബാലഗോപാൽ പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തു. സര്‍ക്കാര്‍ പൂര്‍ണമായും പെന്‍ഷന്‍ ചെലവ് വഹിക്കുന്ന സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ ഇപ്പോള്‍ പ്രായോഗികമല്ലെന്നാണ് സംസ്ഥാന ധനമന്ത്രിയുടെ പ്രതികരണം. ബംഗാളിലെ സാഹചര്യം വിശദീകരിച്ചാണ് നയം മാറ്റത്തിലുള്ള മന്ത്രിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാത്തത് ബംഗാള്‍ മാത്രമാണ്. അവിടെ സ്ഥിരനിയമനം ഇല്ല. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നടപ്പിലാക്കേണ്ട ആവശ്യവും അവിടെയില്ല. നാല് ലക്ഷത്തിലധികം കരാര്‍ ജീവനക്കാരാണ് ബംഗാളിലുള്ളത്. കരാര്‍ ജീവനക്കാരായാണ് നിയമനവും നടക്കുന്നത്. അതിനാൽ ചെലവ് സര്‍ക്കാരിന് വഹിക്കേണ്ട സാഹചര്യം അവിടെയില്ലെന്ന് മന്ത്രി ബാലഗോപാൽ വിശദീകരിക്കുന്നു. കേരളത്തിലെ പങ്കാളിത്ത പെന്‍ഷന്‍ തുടരുന്നത് സംബന്ധിച്ച് സാമ്പത്തികസ്ഥിതിയും ഭാവികാര്യങ്ങളും പരിഗണിച്ച് നയപരമായ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

നേരത്തെ, പങ്കാളിത്ത പെന്‍ഷനെ എതിര്‍ത്തിരുന്ന ഇടതുസര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ചിട്ടും പുനഃപരിശോധന കമ്മീഷന്‍ റിപ്പോര്‍ട്ട് പുറംലോകം കാണാതിരുന്നത് എന്തുകൊണ്ടാണെന്നതിനും ഇതോടെ വ്യക്തത വന്നിരിക്കുകയാണ്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി തുടരുന്നത് സംബന്ധിച്ച ആശയക്കുഴപ്പം തീര്‍ക്കാന്‍ നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മൂന്ന് മാസം പിന്നിട്ടിട്ടും സർക്കാർ തീരുമാനമെടുക്കാതെ മാറ്റിവെയ്ക്കുകയായിരുന്നു.

സർക്കാരും ജീവനക്കാരും പത്ത് ശതമാനം വീതം വിഹിതം നൽകണമെന്ന് പ്രഖ്യാപിച്ചാണ് ഉമ്മൻചാണ്ടി സർക്കാർ പങ്കാളിത്ത പെൻഷൻ പ്രാബല്യത്തിൽ കൊണ്ടുവന്നത്. എന്നാല്‍, അന്ന് പ്രതിപക്ഷമായിരുന്ന ഇടതുമുന്നണി പങ്കാളിത്ത പെൻഷൻ പദ്ധതിക്കെതിരെ ശക്തമായ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ത്തി. അധികാരത്തിലെത്തിയാല്‍ പങ്കാളിത്ത പെന്‍ഷന്‍ അറബിക്കടലില്‍ ഒഴുക്കുമെന്നായിരുന്നു ഇടതുമുന്നണിയുടെ മുന്നറിയിപ്പ്. 2016 ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പ്രധാന വാഗ്ദാനമായി ഇക്കാര്യം ചൂണ്ടിക്കാട്ടുകയും പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. എന്നാൽ ഒന്നാം പിണറായി സർക്കാർ അഞ്ചുവർഷം പിന്നിട്ടിട്ടും പങ്കാളിത്ത പെൻഷൻ പദ്ധതി സംബന്ധിച്ച് പുനഃപരിശോധനയോ തുടർനടപടികളോ സ്വീകരിച്ചില്ല. ഇടതു സർവീസ് സംഘടനകൾ ഇതുസംബന്ധിച്ച് പലതവണ ചോദ്യങ്ങളുയർത്തുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തതോടെ വിഷയം പഠിക്കാൻ ജസ്റ്റിസ് സതീഷ് ചന്ദ്രബാബുവിന്റെ നേതൃത്വത്തില്‍ സർക്കാർ കമ്മീഷനെ നിയോഗിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് നൽകുകയും ജൂലൈ ഒന്നിന് ഈ റിപ്പോർട്ട് ധനവകുപ്പിൽ എത്തുകയും ചെയ്തെങ്കിലും കമ്മീഷന്റെ ശുപാർശകൾ എന്തെന്ന് പോലും പുറത്തുവന്നിരുന്നില്ല.

Related posts

Leave a Comment