പുര കത്തുമ്പോൾ വാഴ വെട്ടുന്നത് എതിർക്കപ്പെടേണ്ടത് ; സിപിഎമ്മിനും സർക്കാരിനുമെതിരെ മാധ്യമപ്രവർത്തകന്റെ ഫേസ്ബുക്ക് കുറിപ്പ്

കൊച്ചി : കേരളത്തിലെ മതേതര ചുറ്റുപാട് തകർക്കുവാനുള്ള നീക്കങ്ങളിൽ പക്ഷം പിടിക്കുന്ന സിപിഎം നിലപാടുകൾക്കെതിരെയും വിഷയം കൈകാര്യം ചെയ്യുന്നതിലെ സർക്കാർ അനാസ്ഥയ്ക്കെതിരെയും പ്രമുഖ മാധ്യമ പ്രവർത്തകൻ ഹരിമോഹന്റെ ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാകുകയാണ്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഇന്നൊരൊറ്റ ദിവസം, രണ്ടു തവണയാണ് സി.പി.ഐ.എമ്മും അവർ നേതൃത്വം നൽകുന്നൊരു സർക്കാരും സമൂഹത്തിൽ തുറന്നുകാണിക്കപ്പെട്ടത്.

ആദ്യത്തേത് –

“ഞാൻ ബഹുമാനിക്കുകയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന പിതാവാണ് ജോസഫ് കല്ലറങ്ങാട്ട്. വലിയ പാണ്ഡിത്യമുള്ള ആളാണ്. അദ്ദേഹത്തിന്‍റെ പ്രസംഗം ഞാൻ ശ്രദ്ധാപൂർവം കേട്ടിരിക്കാറുണ്ട്. ബൈബിൾ, ഖുർആൻ, ഭഗവദ് ഗീത എന്നീ ഗ്രന്ഥങ്ങളെക്കുറിച്ചു നല്ല ധാരണയുള്ള വ്യക്തിയാണ്. ഔദ്യോഗിക ജോലിക്കു ശേഷം രാത്രിയിൽ വായനയ്ക്കായി ബിഷപ്പ് സമയം ചെലവഴിക്കാറുണ്ട്. ബിഷപ്പിനൊപ്പം ഭക്ഷണം കഴിക്കാൻ സാധിച്ചിട്ടുണ്ട്. സഭയുമായും ബിഷപ്പുമാരുമായും നല്ല ബന്ധമാണുള്ളത്. വിവാദങ്ങൾ ഉണ്ടാക്കാൻ സഭയോ സർക്കാരോ ശ്രമിക്കുന്നില്ല. വിവാദങ്ങൾക്കു ശ്രമിക്കുന്നതു വർഗീയവാദികളും തീവ്രവാദികളുമാണ്.”

  • മന്ത്രി വി.എൻ വാസവൻ

വിവാദമുണ്ടായ ശേഷം സർക്കാരിൽ നിന്നൊരു പ്രതിനിധി ആദ്യമായി പാലാ ബിഷപ്പിനെ കണ്ടശേഷം നടത്തിയ പ്രതികരണമാണ്.

ഔദ്യോഗിക ജോലിക്കു ശേഷം രാത്രിയിൽ വായനയ്ക്കായി സമയം മാറ്റിവെയ്ക്കാറുള്ള ഒരു ബിഷപ്പ് എന്താണോ പറയേണ്ടത്, അതുതന്നെയാണു കഴിഞ്ഞ ദിവസം പറഞ്ഞതത്രെ. അദ്ദേഹം വായിക്കുന്ന പുസ്തകങ്ങൾ എത്രയേറെ അറിവ് നൽകുന്നതാവും. ബൈബിളിനെയും ഖുർആനെയും ഭാഗവദ് ഗീതയെയും കുറിച്ചു നല്ല ധാരണയുള്ള അദ്ദേഹത്തെപ്പോലെ ഒരു വ്യക്തിയിൽ നിന്നു മാത്രമേ ഇത്ര മികച്ച കണ്ടുപിടിത്തങ്ങൾ ഉണ്ടാകൂവത്രെ. സർക്കാരിന്റെ ഏറ്റവും മികച്ച ചോയ്സ് ആണ് വി.എൻ വാസവൻ. മുഖ്യമന്ത്രി പിണറായി വിജയനു പരസ്യമായി പറയാൻ സാധിക്കാത്തത് അദ്ദേഹത്തിന്റെ ഒരു മന്ത്രി പറഞ്ഞിരിക്കുന്നു.

എങ്ങനെയാണ് ഒരു ഭരണകൂടത്തിനു വർഗീയ വിഷം ചീറ്റുന്ന ഒരാളെ ഇത്രയധികം പുകഴ്ത്താൻ സാധിക്കുക? എങ്ങനെയാണു സമൂഹത്തിൽ വിഭാഗീയത പരത്തിയ പ്രസ്താവന നടത്തിയ ഒരാളെ പണ്ഡിതനായി കാണാൻ കഴിയുക?

അതിന്റെ ഉത്തരം സി.പി.ഐ.എം സമ്മേളനങ്ങളുടെ ആദ്യദിവസം വായിക്കാനായി പാർട്ടി തയാറാക്കിയ കുറിപ്പിലുണ്ട്. കുറിപ്പിന്റെ ചില ഭാഗങ്ങൾ ഇങ്ങനെയാണ് –

“മുസ്‌ലിം സംഘടനകളില്‍ നുഴഞ്ഞുകയറി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ മുസ്‌ലിം വര്‍ഗീയ–തീവ്രവാദ രാഷ്ട്രീയം ശ്രമിച്ചുകൊണ്ടിരിക്കുന്നു. മുസ്‌ലിം സമൂഹത്തിലെ ബഹുഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാന്‍ പോലുള്ള സംഘടനകളെ പോലും പിന്തുണയ്ക്കുന്ന ചര്‍ച്ചകള്‍ കേരളീയ സമൂഹത്തില്‍ രൂപപ്പെടുന്നത് ഗൗരവമുള്ള കാര്യമാണ്. വര്‍ഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള ബോധപൂര്‍വമായ പരിശ്രമങ്ങൾ നടക്കുന്നു. പ്രഫഷനല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിന്‍റെ വഴിയിലേക്ക് ചിന്തിപ്പിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങൾ നടന്നുവരുന്നുണ്ട്.”

എങ്ങനെയാണു സാമൂഹികമായി പ്രത്യക്ഷത്തിൽ സമാധാനപരമായി പോയിക്കൊണ്ടിരിക്കുന്ന ഒരു നാട്ടിലെ ജനങ്ങൾക്കിടയിൽ അസ്വസ്ഥതയുടെയും ആശങ്കയുടെയും വിത്തുകൾ പാകാനാവുക എന്ന് ബിഷപ്പ് കാണിച്ചുതന്ന വഴിയിൽക്കൂടിയാണ് സി.പി.ഐ.എമ്മും നടക്കുന്നത്. പാലാ ബിഷപ്പിന്റേതു പള്ളിക്കുള്ളിലും സി.പി.ഐ.എമ്മിന്റേത് അവരുടെ സമ്മേളനങ്ങളിലെത്തുന്ന പാർട്ടി പ്രവർത്തകർക്ക് ഇടയിലുമാണ് എന്നതിൽക്കവിഞ്ഞ് ഇവിടെയെന്താണു വ്യത്യാസം?

അപ്പുറത്തു ചില മനുഷ്യർ ഓടിനടന്നു മെത്രാനെയും ഇമാമിനെയും കണ്ടു, വട്ടമേശയ്ക്കു ചുറ്റും ഒന്നിച്ചിരുന്നു, സാമൂഹിക അന്തരീക്ഷം സമാധാനപരമായി നിലനിർത്താൻ ശ്രമിക്കുന്നതിനിടെ ഇത്തരം വിഷവിത്തുകൾ പാകാൻ എങ്ങനെയാണു ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട്, മതേതരമാണെന്ന സ്വയം പ്രഖ്യാപനം ഇടയ്ക്കിടെ നടത്തുന്നൊരു പാർട്ടിക്കും സർക്കാരിനും കഴിയുന്നത്? വോട്ട് ബാങ്കിനു വേണ്ടി വിഷം ചീറ്റുന്നവരെ പണ്ഡിതന്മാരാക്കുന്നതും ആ വിഷമെടുത്തു വർണക്കടലാസ്സിൽ പൊതിഞ്ഞു വീണ്ടും അന്തരീക്ഷത്തിൽ കലർത്തുന്നതും ചിലർക്കു മാത്രം കഴിയുന്ന ഒന്നാണ്.

ഇനി ഇരുകൂട്ടരുടെയും പ്രസ്താവനകൾക്കു കാരണം ഉണ്ടെങ്കിൽ, പ്രതിപക്ഷ നേതാവ് പറഞ്ഞതുപോലെ, അതിന്റെ ഡേറ്റ പുറത്തുവിടേണ്ട ബാധ്യത ഈ പറഞ്ഞവർക്കുണ്ട്. അതുണ്ടാവണം. അതല്ലാതെ ഉറങ്ങിക്കിടക്കുന്ന ഒരു അപകടത്തെ ഉണർത്തുന്നത് ഏത് ആശങ്കയുടെ പേരിലായാലും പുര കത്തുമ്പോൾ ഏതെങ്കിലും വാഴ വെട്ടാനായാലും അങ്ങേയറ്റം എതിർക്കപ്പെടേണ്ടതാണ്.

Hari Mohan

Related posts

Leave a Comment