പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കുന്നതില്‍ മോദിയുടെ ജ്യേഷ്ഠനായി പിണറായി: കൊടിക്കുന്നില്‍

കൊല്ലം: ബി ജെ പി ഭരണത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുറയുമ്പോള്‍ സബ്‌സിഡി പൂര്‍ണമായി എടുത്ത് കളഞ്ഞ് ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്ന നടപടി, തങ്ങളെ അധികാരത്തിലേറ്റിയ ജനങ്ങളെ ശിക്ഷിക്കുന്ന നടപടിയാണ് എന്ന് കെ പി സി സി വര്‍ക്കിംങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം പി പറഞ്ഞു. പാചക വാതകത്തിന്റെ വില കുറയ്ക്കണമെന്നും, സബ്‌സിഡി പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പാരിപ്പള്ളി ഐ ഒ സി പ്ലാന്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും, ഉപരോധവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ലിറ്റര്‍ പെട്രോളിന് 2 പൈസ വില വര്‍ദ്ധിപ്പിച്ചാല്‍ കാളവണ്ടി സമരവും, കൈവണ്ടി സമരവും സംഘടിപ്പിച്ചവരെ ഇപ്പോള്‍ തെരുവില്‍ കാണുന്നില്ലെന്നും, ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി പല സ്ഥലങ്ങളിലും പരാജയപ്പെട്ടപ്പോള്‍ നക്കാപിച്ച കുറവ് വരുത്തി മുഖം മിനുക്കാന്‍ ശ്രമിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയുമെന്നും, കേരളത്തില്‍ പിണറായി വിജയന്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ദ്ധനവിന്റെ കാര്യത്തില്‍ നരേന്ദ്രമോദിയുടെ ജ്യേഷ്ഠനാവാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിക്കുമ്പോള്‍ യു പി എ ഭരണത്തില്‍ ആ ഭാരം ജനങ്ങളുടെ മേല്‍ ഉണ്ടാകാതിരിക്കാന്‍ പാചക വാതകത്തിന് സബ്‌സിഡി നല്‍കി സാധാരണക്കാരെ സഹായിച്ചിരുന്നു. കുടുംബത്ത് സ്വന്തമായി പെട്രോള്‍ പമ്പ് ഉണ്ടായതിനാല്‍ ധനകാര്യമന്ത്രി ബാലഗോപാല്‍ സ്വന്തം പോക്കറ്റില്‍ നിന്നും പണം മുടക്കി വാഹനത്തില്‍ പെട്രോളും, ഡീസലും അടിച്ച് പരിചയം ഇല്ലാത്തതിനാല്‍ സാധാരണക്കാരന്റെ പ്രയാസം മറന്ന് പോയെന്നും അദ്ദേഹം പറഞ്ഞു. ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ എ ഷാനവാസ്ഖാന്‍, നെടുങ്ങോലം രഘു, സി ആര്‍ നജീബ്, എസ് വിപിനചന്ദ്രന്‍, എന്‍ ഉണ്ണികൃഷ്ണന്‍, സുഭാഷ് പുളിക്കല്‍, സിസിലി സ്റ്റീഫന്‍, ജി മോഹനന്‍, വി റ്റി സിബി, പി എസ് പ്രദീപ്, കെ ആര്‍ വി സഹജന്‍, പി കെ രവി, വൈ ഷാജഹാന്‍, ഷേക്ക് പരീദ്, എസ്. ശ്രീകുമാര്‍, വാളത്തുംഗല്‍ രാജഗോപാല്‍, ഗീത ശിവന്‍, ബിജു പാരിപ്പള്ളി, എം സുന്ദരേശന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.
പാരിപ്പള്ളി ജംഗ്ഷനില്‍ നിന്നും വനിതകളടക്കം നൂറ് കണക്കിന് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ഐ ഒ സി പ്ലാന്റിന് മുമ്പില്‍ ബാരിക്കേഡ് ഉയര്‍ത്തി പോലീസ് തടഞ്ഞു. ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറും, ചൂട്ടും, കൊതുമ്പും, വിറകും തലയിലേറ്റിയാണ് സ്ത്രീകള്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്. മാര്‍ച്ചിന് വി ഒ സാജന്‍, കെ ജി സാബു, നീലികുളം സദാനന്ദന്‍, എന്‍ അജയകുമാര്‍, ചവറ ഗോപന്‍, കുഴിയം ശ്രീകുമാര്‍, നാസിമുദ്ദീന്‍ ലബ്ബ, ലൈല കുമാരി, തുടങ്ങിയവര്‍ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Related posts

Leave a Comment