Featured
രാജാവ് നഗ്നനാണ്, മുഖം വികൃതവും

- PIN POINT
- ഡോ. ശൂരനാട് രാജശേഖരൻ

ഒടുവിൽ സിപിഐക്ക് അതു വിളിച്ചു പറയേണ്ടി വന്നു. രാജാവ് നഗ്നനാണെന്ന്. ഭരണത്തിന്റെ മുഖം വളരെ വികൃതമാണെന്നും. സിപിഎം നയിക്കുന്ന ഇടതു മുന്നണിയിലും മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന സർക്കാരിലും അടിമപ്പണിയാണു സിപിഐ ചെയ്യുന്നതെന്നു കൂടി നേതാക്കൾ തുറന്നടിച്ചു. മുൻകാലങ്ങളിൽ ഏതു സർക്കാർ അധികാരത്തിലിരുന്നപ്പോഴും തെറ്റായ നിലപാടുകളെ നിശിതമായി എതിർത്ത് തിരുത്തിയിട്ടുള്ള പാർട്ടിയായിരുന്നു സിപിഐ. കോൺഗ്രസ് പക്ഷത്തുണ്ടായിരുന്നപ്പോഴും ഇടതു മുന്നണിയിലേക്കു മാറിയപ്പോഴും സ്വന്തം വ്യക്തിത്വം വിട്ടൊരു കളിയില്ലായരുന്നു സിപിഐ എന്ന പ്രസ്ഥാനത്തിന്. പക്ഷേ, അതിന്റെ നിഴൽപോലുമല്ല ഇന്നത്തെ പാർട്ടിയെന്നാണ് പാർട്ടിക്കുള്ളിൽ പോലും ഉയരുന്ന വിമർശനം.
മൂന്നു ദിവസം നീണ്ട പാർട്ടിയുടെ സംസ്ഥാന കൗൺസിൽ യോഗത്തിലായിരുന്നു തുറന്നുപറച്ചിൽ. സിപിഐ ഒരു ചെറിയ പാർട്ടിയല്ല. ഇന്നു കേരളം ഭരിക്കുന്ന ഇടതു മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷി. പണ്ടു മുതലേ അതങ്ങനെ ആയിരുന്നു. രണ്ടാമത്തെ വലിയ കക്ഷി. പക്ഷേ, കോൺഗ്രസിനൊപ്പം നിന്നപ്പോൾ രണ്ടാമത്തെ കക്ഷി ആയിട്ടും സി. അച്യുത മേനോനെയും പി.കെ. വാസുദേവൻ നായരെയും കേരളത്തിൽ മുഖ്യമന്ത്രിമാരാക്കി. കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരുടെ ലാളിത്യത്തിന്റെ പ്രതീകങ്ങളായിരുന്നു അവർ രണ്ടു പേരും.
ഇന്നോ? ജനങ്ങൾ തെരഞ്ഞെടുത്തുവിട്ട ഒരു മുഖ്യമന്ത്രിക്ക് സഞ്ചരിക്കണമെങ്കിൽ അൻപത് വാഹനങ്ങളുടെ അകമ്പടി വേണം. ഈ വാഹനവ്യൂഹം കടന്നുപോകുന്നതിന് മണിക്കൂറുകൾക്കു മുൻപേ വഴിയടച്ച് ജനങ്ങളെ ബന്ധികളാക്കുന്നു. ആംബുലൻസുകൾ പോലും കടത്തി വിടുന്നില്ല. സംശയമുള്ള പ്രതിപക്ഷ നേതാക്കളെ കരുതൽ തടങ്കലിൽ വയ്ക്കുന്നു. കിരാതമായ ഭരണത്തിന്റെ തെളിവുകളാണ് ഇതെല്ലാമെന്നാണ് സിപിഐ വിലയിരുത്തുന്നത്.
മുനയൊടിഞ്ഞ പാർട്ടിയും
മുടന്തൻ ന്യായങ്ങളും
മുഖ്യമന്ത്രിക്ക് ഒരുക്കുന്ന അൻപത് വാഹനങ്ങളുടെ അകമ്പടി അദ്ദേഹത്തിന്റെ മതിപ്പ് കൂട്ടുകയല്ല, ജനങ്ങൾക്കിടയിൽ അവമതിപ്പാണ് വർധിപ്പിക്കുന്നതെന്നും സിപിഐ വിലയിരുത്തുന്നു. കേരളത്തിലെ ഒരു കരിമണൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ നോക്കുകൂലിയായി 1.72 കോടി രൂപ വാങ്ങിയെന്ന ആദായ നികുതി വകുപ്പിന്റെ വെളിപ്പെടുത്തൽ എത്രമാത്രം ദുഷിച്ചു നാറുന്നതാണ്. അതിനു മുഖ്യമന്ത്രി നൽകിയ വിശദീകരണം ഒട്ടും തൃപ്തികരമല്ലെന്നും സംസ്ഥാന കൗൺസിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടര വർഷത്തെ ഭരണത്തിൽ കേരളത്തിന് കാര്യമായ ഒരു സംഭാവനയും ചെയ്യാൻ ഇടതു സർക്കാരിനു കഴിഞ്ഞില്ല. നടക്കുന്നതെല്ലാം ഭൂ മാഫിയ, ക്വാറി മാഫിയ ഇടപെടലുകളും കോർപ്പറേറ്റ് തട്ടിപ്പുകളും കമ്മിഷൻ കച്ചവടങ്ങളും മാത്രം. മന്ത്രിമാരുടെ പഴ്സണൽ സ്റ്റാഫ് അംഗങ്ങൾ വരെ കൈക്കൂലി കേസിൽ കുടുങ്ങുന്നു. സെക്രട്ടേറിയറ്റ് വളപ്പിൽ പോലും ആൾമാറാട്ടം നടത്തി കൈക്കൂലി തരപ്പെടുത്താൻ മാത്രം അഴിമതി സർവവ്യാപിയായി. ഇതെല്ലാം മറന്നും മാറ്റിവച്ചും മുഖ്യമന്ത്രിയും മന്ത്രിമാരും നിയോജക മണ്ഡലം പര്യടനത്തിന് ഒരു ബസിൽ കയറി വന്നാൽ ജനങ്ങൾ കൂവിയോടിക്കുമെന്ന മുന്നറിയിപ്പ് കൂടി നൽകുന്നുണ്ട്, സിപിഐയിലെ നട്ടെല്ല് പണയപ്പെടുത്തിയിട്ടില്ലാത്ത ചില നേതാക്കൾ.
നേതൃത്വത്തിനെതിരേ ഇത്ര രൂക്ഷമായ വിമർശനം ഉയർന്നപ്പോഴും സ്വയം തിരുത്താനോ പാർട്ടിയെ തിരുത്താനോ നേതൃത്വത്തിനു കഴിയുന്നില്ല. തന്നെയുമല്ല, സ്വന്തം പാർട്ടിക്കുള്ളിൽ നിന്നുയർന്ന വിമർശനങ്ങളെ ലഘൂകരിച്ചു കാണാനാണ് പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ ശ്രമിച്ചത്. അധികാരത്തിലിരിക്കുന്ന സർക്കാരുകൾക്കെതിരേ വിമർശനങ്ങളുയരുക സ്വാഭാവികം എന്നായിരുന്നു കാനത്തിന്റെ മറുപടി. ഇന്നു വാഴ്ത്തപ്പെടുന്ന പഴയ സർക്കാരുകൾക്കെതിരേയും വിമർശനങ്ങളുയർന്നിട്ടുണ്ടുപോലും. സാമ്പത്തിക പ്രതിസന്ധിയും അനുബന്ധ പ്രശ്നങ്ങളും സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. അതിനെതിരേ പ്രതിപക്ഷം വലിയ തോതിൽ പ്രതിഷേധിക്കുകയാണ്. അതിനൊപ്പം ചേരാൻ സിപിഐക്കു കഴിയില്ല. മുഖ്യമന്ത്രിയുടെ ആഡംബര യാത്രയോടും സിപിഐക്കു പ്രതികരിക്കാനോ തിരുത്താനോ കഴിയില്ല. സിപിഎമ്മും മുഖ്യമന്ത്രിയുമാണ് അതിനു മറുപടി പറയേണ്ടത്- കാനം രാജേന്ദ്രൻ വിമർശനങ്ങളോടു പ്രതികരിച്ചത് ഇങ്ങനെ.
ഇതിനെക്കാൾ ഭയാനകമായ എന്തു മറുപടിയാണ് ഒരു പാർട്ടി സെക്രട്ടറിയിൽ നിന്നുണ്ടാകേണ്ടത്? ആരെയാണു കാനം ഭയപ്പെടുന്നത്. അല്ലെങ്കിൽ എന്തുകൊണ്ടാണ് ഇങ്ങനെ ഭയപ്പെടുന്നത്? മൂന്നു തവണ പാർട്ടി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഒരു സീനിയർ നേതാവിൽ നിന്ന് പ്രതീക്ഷിക്കാവുന്ന വാക്കുകളല്ല ഇതൊന്നും. കാനം അദ്ദേഹത്തിന്റെ മുൻഗാമികളെ മറക്കരുത്. എം.എൻ ഗോവിന്ദൻ നായരും ടി.വി. തോമസും പി.കെ. വാസുദേവൻ നായരും വെളിയം ഭാർഗവനും സി.കെ. ചന്ദ്രപ്പനുമൊക്കെ ഇരുന്ന കസേരയിലാണ് ഇപ്പോൾ കാനം ഇരിക്കുന്നത്. രാഷ്‌ട്രീയത്തിലെ തറ്റായ തീരുമാനങ്ങളോട് അവർ പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നില്ല.

ഇഎംഎസിനെ തിരുത്തിയവർ
പിണറായിയെ ഭയക്കുന്നു
ഇഎംഎസിന്റെയും എകെജിയുടെയും മുഖത്ത് വിരൽ ചൂണ്ടി സംസാരിച്ചവരാണ് ഗോവിന്ദൻ നായരും ടി.വി തോമസുമൊക്കെ. യോജിക്കാനാവാത്ത നിലപാടുകളെ ശക്തിയുക്തം എതിർത്ത് പരാജപ്പെടുത്തിയിട്ടുണ്ട് സിപിഐ. കഴിയാതെ വന്നപ്പോൾ സിപിഎം തടവറ വിട്ട് പുറത്തു വന്നിട്ടുമുണ്ട്. 1969ൽ കേരളം അതു കണ്ടതാണ്. കർഷകരെ കണ്ണീരിലാഴ്ത്തിയ വെട്ടി നിരത്തൽ സമരം ഓർമയിലുള്ളവരുണ്ടാകും. സ്വന്തം മണ്ണിൽ ഇഷ്ടമുള്ള കൃഷി ചെയ്യാനും മണ്ണിട്ടു നികത്തി ഒരു കൂര വയ്ക്കാനം ചെറുകിട ഭൂ ഉടമകളെ പോലും അനുവിക്കാതിരുന്ന, അവരുടെ ജീവിത മാർഗങ്ങളെല്ലാം വെട്ടിനിരത്തി, കർഷക തൊഴിലാളി യൂണിയനെ മുൻനിർത്തി വി.എസ്. അച്യുതാനന്ദൻ നയിച്ച സമരം. ഈ സമരം പരിധി വിടുകയും ജനരോഷം ശക്തമാകുകയും ചെയ്തപ്പോൾ വെളിയം ഭാർഗവൻ സമരത്തെ തള്ളിപ്പറഞ്ഞു. ജനിവിരുദ്ധ പ്രക്ഷോഭത്തിൽ നിന്ന് സിപിഎം പിന്മാറണമെന്ന് ആവശ്യപ്പെട്ടു. കർക്കശക്കാരനായ വി.എസ് അച്യുതാനന്ദൻ പോലും പിന്നീട് വെട്ടിനിരത്താൻ പോയില്ല.
മറ്റൊരു തിരുത്തായിരുന്നു രണ്ടായിരാമാണ്ടിലെ രാജ്യസഭാ തെരഞ്ഞെടുപ്പ്. ഊഴപ്രകാരം അതു സിപിഐക്കു ലഭിക്കേണ്ട അവസരം. വെളിയം ഭാർഗവൻ വി.വി. രാഘവന്റെ പേര് പ്രഖ്യാപിച്ചു. അപ്പോഴുണ്ട് എകെജി സെന്ററിൽ നിന്ന് പുതിയൊരു നിർദേശം വരുന്നു. മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് കെ.എൻ രവീന്ദ്രനാഥനെ സ്ഥാനാർഥിയാക്കാനായിരുന്നു സിപിഎം തീരുമാനം. അതെങ്ങനെ ശരിയാവുമെന്ന് വെളിയം. തർക്കം ഇടതു മുന്നണി യഗത്തിലെത്തി. ഒടുവിൽ സിപിഐക്ക് അവകാശപ്പെട്ട സീറ്റിൽ സിപിഐ സ്ഥാനാർഥി തന്നെ മത്സരിക്കുമെന്ന് വെളിയം കട്ടായം പറഞ്ഞു. അതോടെ സിപിഐക്കു മുന്നിൽ കീഴടങ്ങി സിപിഎം രവീന്ദ്രനാഥിനെ പിൻവലിച്ചു.
മാണിയുടെ നോട്ടെണ്ണൽ യന്ത്രവും
നിയമസഭയിലെ കൈയാങ്കളിയും
2005ൽ ഡിഐസി രൂപം കൊണ്ടപ്പോൾ എൽഡിഎഫിന്റെ ഭാഗമാകുമെന്നു വലിയ പ്രചാരണമുണ്ടായി. പക്ഷേ, സിപിഐ വഴങ്ങിയില്ല. വെളിയത്തിന്റെ ശക്തമായ എതിർപ്പിനൊടുവിൽ ഡിഐസി ബന്ധം സിപിഎം വേണ്ടെന്നു വച്ചു. അതായിരുന്നു സിപിഐക്കാരുടെ ആശാനായിരുന്ന വെളിയം ഭാർഗവന്റെ കാർക്കശ്യം. എന്നാൽ കാനം രാജേന്ദ്രൻ സെക്രട്ടറിയായിരിക്കെ, ബാർ കോഴക്കേസിൽ കുടുക്കി നിയമസഭയിലും പുറത്തും സിപിഎം നിരന്തരം വേട്ടയാടിയ കേരള കോൺഗ്രസ് മാണി വിഭാഗത്തെ ഇടതുമുന്നണിയിൽ എടുക്കാൻ അര മണിക്കൂർ ചർച്ച പോലും വേണ്ടിവന്നില്ല.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വി.എൻ. വാസവന്റെ ശ്രമഫലമായി കേരള കോൺഗ്രസ് ജോസ് കെ മണി വിഭാഗം ഇടതുപക്ഷത്തേക്കു പോകാൻ തീരുമാനിക്കുന്നു. കേരള കോൺഗ്രസ് വരുന്നത് തങ്ങൾക്ക് ഇടതുമുന്നണിയിലെ സ്വാധീനം നഷ്ടമാക്കുമെന്ന് കണ്ട് ജോസ് കെ മാണിയെ പ്രതിരോധിക്കാൻ സിപിഐ തീരുമാനിച്ചു. എന്നാൽ അക്കാര്യം ഇടതു മുന്നണിയിൽ ഒന്നെഴുന്നേറ്റ് നിന്ന് പറയാൻ പോലും സിപിഐയിൽ ആരുമുണ്ടായില്ല. ധനമന്ത്രിയായിരുന്ന കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കാതെ തലസ്ഥാന നഗരം അപ്പാടെ മനുഷ്യ വിസർജ്യം കൊണ്ടു നിറയ്ക്കുകയും നിയമസഭയിലെ ഉപകരണങ്ങൾ തല്ലിത്തകർക്കുകയും ചെയ്ത ഇടതു സമരം എന്തിനായിരുന്നു എന്നെങ്കിലും ചോദിക്കാമായിരുന്നു കാനത്തിനും അദ്ദേഹത്തിന്റെ പാർട്ടിക്കും.
കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ കാലങ്ങളായി സിപിഐ മത്സരിക്കുകയും വിജയിക്കുകയും ചെയ്ത പല സുപ്രധാന തദ്ദേശ വാർഡുകളും കേരള കോൺഗ്രസ് ഏറ്റെടുത്തു. അപമാനിതനായി കാനം രാജേന്ദ്രൻ അതു നോക്കിയിരുന്നു. ഒരുകാര്യം ഉറപ്പ്. വരാനിരിക്കുന്ന തരഞ്ഞെടുപ്പുകളിൽ സിപിഎമ്മിനെ പോലെ സിപിഐയെയും കാത്തിരിക്കുന്നത് വലിയ തിരിച്ചടികളാണ്. അതൊഴിവാക്കാൻ സിപിഎം തടവറ വിട്ടു പുറത്തു വരാൻ സജ്ജമാക്കുന്ന പുതിയ നേതൃത്വമാണ് കാലം സിപിഐയോട് ആവശ്യപ്പെടുന്നത്.
Featured
മൂന്നാം ദിവസവും ഇരുട്ടിൽ തപ്പി പൊലീസ്

പ്രത്യേക ലേഖകൻ
കൊല്ലം: ഓയൂരിൽ ആറുവയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം മൂന്നാം ദിവസം പിന്നിടുമ്പോഴും ഇരുട്ടിൽ തപ്പി പൊലീസ്. ഡി കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. അതേ സമയം സംഭവം നടന്ന് 50 മണിക്കൂർ പിന്നിട്ടിട്ടും പ്രതികളെ കുറിച്ച് ഒരു സൂചന പോലും പൊലീസിനു ലഭിച്ചില്ല. ആരോഗ്യപരമായി ക്ഷീണിതയായ കുട്ടിയെ നിരന്തരം ചോദ്യം ചെയ്തപ്പോൾ കുട്ടി പേടിയാകുന്നു എന്നു പറഞ്ഞിരുന്നു. പിന്നീട് കുട്ടിയോടു വിവരങ്ങൾ ആരായുന്നതിൽ പൊലീസ് മയം വരുത്തി.
മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചു എന്നാണ് വിവരം. എന്നാൽ ഇവരെ ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നോ എന്നും പൊലീസിന് സംശയം.
അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ഒരു പുരുഷന്റെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടിരുന്നു. ഈ ചിത്രവുമായി രൂപസാദൃശ്യമുള്ള ജിം ഷാജഹാൻ എന്നയാളെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എന്നാൽ തനിക്ക് ഈ സംഭവവുമായി ഒരു ബന്ധമില്ലെന്ന് ഷാജഹാൻ അറിയിച്ചു. ഇയാളെ വിട്ടയയ്ക്കുകയും ചെയ്തു. പിന്നാലെ ഷാജഹാന്റെ വീട് ഒരുസംഘം ആളുകൾ തല്ലിത്തകർത്തു.
അബിഗേലുമായി സംഘം പോയത് വർക്കല ഭാഗത്തേക്കാണെന്ന് കരുതുന്നുണ്ട്. ഒരു വലിയ വീട്ടിലാണു തന്നെ താമസിപ്പിച്ചതെന്നാണു കുട്ടി പൊലീസിനോടും മാതാപിതാക്കളോടും പറഞ്ഞത്. ഇതു പാരിപ്പള്ളിക്ക് സമീപമുള്ള വീടായിരിക്കാം എന്നാണു നിഗമനം. ഈ വീട്ടിൽ നിന്നാണ് തട്ടിക്കൊണ്ടു പോയ സ്ത്രീ കുട്ടിയെ കൊല്ലത്തേക്കു കൊണ്ടുപോയത്. ആദ്യം കാറിലും പിന്നീട് ഓട്ടോറിക്ഷയിലും. ആശ്രാമം ലിങ്ക് റോഡ് വരെ കാറിലായിരിക്കണം യാത്ര എന്നാണു കരുതുന്നത്. അവിടെ കാത്തുനിന്ന യുവതിയെയും കുട്ടിയെയും സജീവൻ എന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് ആശ്രാമം മൈതാനം വരെ കൊണ്ടു വിട്ടത്. ഇയാളുടെയും കുട്ടിയെ ആദ്യം കണ്ട വിദ്യാർഥികളുടെയും ആശ്രാമം നിവാസികളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, പ്രതികളെക്കുറിച്ച് സൂചന പോലും ലഭിച്ചില്ല. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തും അന്വേഷണ ഉദ്യോഗസ്ഥരെ വട്ടം കറക്കുന്നു.
Featured
അന്വേഷണച്ചുമതല ഡിഐജി നിശാന്തിനിക്ക്

കൊല്ലം: അബിഗേലിനെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം ഡിഐജി നിശാന്തിനിക്ക്. കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്.
പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് പൊലീസിന് സംശയം. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മയക്കാൻ മരുന്ന് നൽകിയെന്നും സംശയമുണ്ട്. കുട്ടിയുടെ മൂത്രവും രക്തവും രാസപരിശോധനക്ക് അയച്ചു. പ്രതികളെ കണ്ടെത്താൻ 30 സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചെങ്കിലും ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. കുട്ടി ഭയമാകുന്നുവെന്ന് പറഞ്ഞതോടെ കൂടുതൽ ചോദിക്കുന്നത് അവസാനിപ്പിച്ചു. അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു.
അബിഗേലുമായി സംഘം പോയത് വർക്കല ഭാഗത്തേക്കാണെന്ന് കരുതുന്നുണ്ട്. പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി
chennai
വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

ചെന്നൈ: ഡിഎംഡികെ നേതാവും നടനുമായ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരം അല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് അദ്ദേഹം ഇപ്പോഴുള്ളത്. വിജയകാന്തിന് ശ്വാസകോശ ബുദ്ധിമുട്ടികൾ തുടരുകയാണെന്നും രണ്ടഴ്ച കൂടി എങ്കിലും ആശുപത്രിയിൽ തുടരേണ്ടി വരുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
നവംബർ ഇരുപതിനാണ് വിജയകാന്ത് ആശുപത്രിയിൽ ചികിത്സയിൽ ആണെന്ന വിവരം പുറത്തുവരുന്നത്.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad4 weeks ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login