Featured
വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കുന്ന രാഹുൽ ഗാന്ധി
കഴിഞ്ഞ അറുപതു ദിവസമായി നിന്നു കത്തുകയാണ് മണിപ്പൂർ. മേയ് മൂന്നിനു തുടങ്ങിയ കലാപത്തിൽ ഇതിനകം 130 പേരുടെ ജീവൻ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക്. ഒരു ലക്ഷത്തിലധികം പേർ വീടും നാടും വിട്ട് ഓടിപ്പോയി. ആയിരങ്ങൾ മറിവേറ്റു കിടക്കുന്നു. എന്നാൽ ഇതൊന്നും യഥാർഥ ചിത്രമല്ല. ഇതിന്റെ പല മടങ്ങ് വരും കൊല്ലപ്പെട്ടവരുടെയും ദുരിതമനുഭവിക്കുന്നവരുടെയും എണ്ണം.
നമ്മുടെ രാജ്യത്ത് ഇത്രയധികം കാലം ഒരേ തീവ്രതയിൽ നീണ്ടു നിന്ന ഇതുപോലൊരു ആഭ്യന്തര കലാപം ചരിത്രത്തിലില്ല. എന്നിട്ടും സംസ്ഥാന സർക്കാരിനോ കേന്ദ്ര സർക്കാരിനോ മണിപ്പൂരിന്റെ മുറിവുണക്കാനാവുന്നില്ല. വംശീയതയുടെ എരിതീയിലേക്ക് എണ്ണയൊഴിക്കുകയാണ് ഭരണകൂടങ്ങൾ. അതിനു നടുവിലൂടെ പൊള്ളലേറ്റു നിലവിളിക്കുന്ന മണിപ്പൂരിലെ ജനങ്ങൾക്ക് ആശ്വാസത്തിന്റെ ചന്ദന ലേപനവുമായി വന്നു മടങ്ങിയ രാഹുൽ ഗാന്ധിയെന്ന ദേശീയ നേതാവിന്റെ സ്നേഹ സാന്ത്വനങ്ങളാണ് ഇപ്പോൾ ഈ ദേശത്തിന്റെ ചർച്ചയാകുന്നത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നതനായ നേതാവ് എന്നതിലപ്പുറം ഒരു മേൽവിലാസം നിലവിൽ രാഹുൽ ഗാന്ധിക്കില്ല. ഒരു എംപി പോലുമല്ല. ജനാധിപത്യ രീതിയിൽ വൻഭൂരപിക്ഷത്തോടെ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം പോലും തെറിപ്പിച്ച് നിശബ്ദമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അദ്ദേഹത്തിന്റെ അനുചരൻ അമിത് ഷായുടെയും അവരുടെ നിഴലായ നിയമസംവിധാനങ്ങളുടെയും ഇരയായെങ്കിലും രാഷ്ട്രം പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒരേയൊരു ദേശീയ നേതാവാണ് രാഹുൽ ഗാന്ധി. അതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മണിപ്പൂരിൽ കണ്ടത്.
കഴിഞ്ഞവർഷം സെപ്റ്റംബറിൽ തുടങ്ങി, ഈ വർഷം ജനുവരിയിൽ അവസാനിച്ച ഭാരത് ജോഡോ പദയാത്രയിലൂടെ രാഹുൽ ഗാന്ധി കണ്ടെത്തിയത് ഇന്ത്യയുടെ രാഷ്‌ട്രീയമായിരുന്നില്ല. ഇന്ത്യക്കാരുടെ ജീവിതമായിരുന്നു. അതുകൊണ്ടാണ് കലാപകലുഷിതമായ മണിപ്പൂരിന്റെ മുറിവുകൾ നോക്കി നരേന്ദ്ര മോദിയെപ്പോലെ മൗന മുനിയായിരിക്കാൻ രാഹുലിനു കഴിയാത്തത്.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കമ്പോളത്തിൽ സ്നേഹത്തിന്റെ കടകൾ തുറക്കാൻ കഴിയുന്നതു കൊണ്ടാണ് ഒരു ലാത്തിയുടെ പോലും പിൻബലമില്ലാതെ രാഹുൽ ഗാന്ധിയെന്ന ദേശീയ നേതാവിന് മണിപ്പുരിലേക്കു സധൈര്യം കടന്നു വരാൻ കഴിഞ്ഞത്. അവിടെയും വിലക്കുകളുടെ ഉരുക്ക് ദണ്ഡുപയോഗിച്ച് അദ്ദേഹത്തിന്റെ വഴി തടഞ്ഞു, തിമിരാന്ധതയുടെ കാവി രാഷ്‌ട്രീയം.
ഇന്ത്യയുടെ സപ്ത സുന്ദരികളെന്നാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ അറിയപ്പെട്ടിരുന്നത്. അധ്വാന ശീലരായ ജനങ്ങളും സമ്പന്നമായ പ്രകൃതി വിഭവങ്ങളും സമാധാനപരമായ അന്തരീക്ഷവുമായിരുന്നു ഈ ദേശത്തിന്റെ പൂർവകാലം. മേഖലയിലെ മുഴുവൻ സംസ്ഥാനങ്ങളിലും ബിജെപി വിരുദ്ധ സർക്കാരുകളായിരുന്നു അധികാരത്തിൽ. എന്നാൽ ഈ സർക്കാരുകളെയെല്ലാം അസ്ഥിരപ്പെടുത്തി, ജനാധിപത്യത്തെ പണാധാപത്യത്തിലൂടെ അട്ടിമറിച്ച്, പൗരത്വ ഭേദഗതി നിയമം കൊണ്ടു വന്ന് ജനങ്ങളെ വംശീയമായും വർഗീയമായും വിഭജിച്ചു വേർതിരിച്ചതിന്റെ ദുരന്തമാണ് മണിപ്പൂരിൽ ഇപ്പോൾ കാണുന്നത്. സ്വസ്ഥമായിരുന്ന ഒരു ജനതയെ അസ്വസ്ഥരാക്കി ഇല്ലാതാക്കുന്നു എന്നതിലല്ല, ഇത്ര വലിയ കലാപം ആളുമ്പോഴും കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് എങ്ങനെ ഇത്ര കഠോരമായ നിസംഗത തുടരാനാകുന്നു എന്നതാണ് ആശ്ചര്യം.
സ്വന്തം രാജ്യത്ത് ആഭ്യന്തര കലാപം മൂർച്ഛിച്ചപ്പോൾ വിദേശത്തുപോയി ഇമേജ് വർധിപ്പിക്കാൻ വെമ്പൽ കൂട്ടിയതിലല്ല, യാത്ര പുറപ്പെടുന്നതിനു തൊട്ടു തലേ മണിക്കൂറുകൾ വരെ പ്രധാനമന്ത്രിയെ കാണാൻ ഇന്ദ്രപ്രസ്ഥത്തിൽ കാത്തുകെട്ടിക്കിടന്ന മണിപ്പൂരികളോട് (സർവകക്ഷി സംഘം) മുഖം തിരിച്ച നരേന്ദ്ര മോദിയുടെ ഹൃദയ ശൂന്യതയെ ഏതു മീറ്റർ കൊണ്ടാണ് അളക്കേണ്ടത്?
കഴിഞ്ഞ സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പ് വേളയിൽ, മണിപ്പൂർ സന്ദർശിക്കുന്നതിനായി കേന്ദ്ര മന്ത്രിമാരുടെ ഒരു പട തന്നെ ഉണ്ടായിരുന്നു. മണിപ്പൂരിന്റെ പുനർനിർമ്മാണത്തിലും പുനർരൂപകൽപ്പനയിലും കാവി പാർട്ടിയുടെ നേട്ടങ്ങളാണ് അവരെല്ലാം വിളമ്പിയത്. ഒപ്പം നരേന്ദ്ര മോദിയുടെ അപദാനങ്ങളും വാഴ്ത്തി. പൗരത്വ ഭേദഗതി നിയമത്തിലൂടെ മണിപ്പൂരിലെ ജനങ്ങൾക്ക് തിരിച്ചരിയൽ രേഖകളും ഉറപ്പാക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒരു വർഷം പിന്നിടുന്നതേയുള്ളൂ. അതിനിടയിൽ മണിപ്പൂരിലെ ഗോത്ര വർക്കാർ തമ്മിൽ മാത്രമല്ല, സമസ്ത സമുദായങ്ങളും വംശീയ കലാപത്തിന്റെ എരിതീയിൽ വീണു. ചൈന, മ്യാൻമർ, ബംഗ്ലാദേശ് എന്നീ വിദേശരാജ്യങ്ങളെല്ലാം അതിലേക്ക് എണ്ണ പകരുകയും ചെയ്യുമ്പോഴാണ് പ്രധാനമന്ത്രിയുടെ ക്രൂരമായ മൗനം. കുറഞ്ഞ പക്ഷം, റഷ്യ-ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ മോദി നടത്തുന്ന ഭഗീരഥ പ്രയത്നത്തിന്റെ ഒരംശമെങ്കിലും അദ്ദേഹം സ്വന്തം രാജ്യത്തെ കലാപം അമർച്ച ചെയ്യാൻ കാണിക്കണം.
സോമി-കുക്കി-ചിൻമർ ഗോത്രങ്ങളും മെയ്തേയ് ഗോത്രവർഗക്കാരും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങളും വിദേശികൾ സ്പോൺസർ ചെയ്ത തീവ്രവാദികളും ചേർന്നുള്ള ഏറ്റുമുട്ടലുകളാണ് രണ്ട് മാസമായി മണിപ്പൂരിന്റെ സ്വസ്ഥത തകർത്തത്. കുക്കി സമുദായത്തിൽപ്പെട്ട 10 എംഎൽഎമാരും വിവിധ കുക്കി-ചിൻ സിഎസ്‌ഒമാരും പ്രതിസന്ധിക്ക് ഇന്ധനം പകരാൻ കുക്കി ആധിപത്യമുള്ള പ്രദേശങ്ങൾക്ക് പ്രത്യേക ഭരണം വേണമെന്ന ആവശ്യം ഉന്നയിക്കുന്നു. അതിതീവ്രമായ ഈ നിലപാടുകൾ അമർച്ച ചെയ്യാൻ ശക്തമായ ഭരണകൂടത്തിന്റെ സാന്നിധ്യവും ഇടപെടലുകളും അനിവാര്യമാണ്. അതാണ് ഇവിടെ ഇല്ലാതെ പോകുന്നതും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനം സന്ദർശിച്ചിട്ട് ഒരു മാസത്തോളമാകുന്നു, അദ്ദേഹത്തിന്റെ സന്ദർശന വേളയിൽത്തന്നെ ഒരു കേന്ദ്ര മന്ത്രിയുടെ വീട് വരെ ആക്രമിക്കപ്പെട്ടു. പിന്നാലെ നിരവധി പേർ കൊല്ലപ്പെട്ടു. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്കായി അമിത് ഷാ പ്രഖ്യാപിച്ച ബാം കം ബ്ലഡ് മണി പദ്ധതിയും പരാജയപ്പെട്ടു. പകരം, മ്യാൻമർ ആസ്ഥാനമായുള്ള തീവ്രവാദികളും കുക്കി തീവ്രവാദി ഗ്രൂപ്പുകളും പ്രതിരോധമില്ലാത്ത മൈതേയ് ഗ്രാമവാസികൾക്കെതിരെ വ്യാപകമായ അക്രമം അഴിച്ചുവിട്ടു. മണിപ്പൂരിലെ തീ അണയ്ക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നടപടികൾ പരാജയപ്പെട്ടപ്പോൾ അടിയന്തരമായി ഇടപെടേണ്ട ബാധ്യത പ്രധാനമന്ത്രിക്കാണ്. അദ്ദേഹം അതിനു തയാറാകുന്നില്ല.
നിസ്സംഗവും നിർലജ്ജവുമായ പ്രധാനമന്ത്രിയുടെ ഈ മൗനം മറികടന്നാണ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം മണിപ്പൂരിലെത്തിയത്. മുറിവേറ്റവരുടെ ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ എല്ലാവരെയും ചേർത്തു പിടിച്ചത്. അവർക്കൊപ്പമിരുന്ന് അവരെ കേട്ടത്. അവരുടെ സങ്കടക്കണ്ണീരൊപ്പിയത്. ഈ യാത്രയിൽ രാഹുൽ ഗാന്ധിക്ക് ഒരു രാഷ്‌ട്രീയ ലക്ഷ്യവുമില്ലായിരുന്നു. ഒരിടത്തും അദ്ദേഹം രാഷ്ട്രീയം പറഞ്ഞതുമില്ല. ജൂൺ 30ന് രാത്രി ഇംഫാൽ വിമാനത്താവളത്തിൽ നിന്നു ഡൽഹിക്കു മടങ്ങുന്നതിനു മുൻപ് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞതിങ്ങനെ: മണിപ്പൂരിലെ കാഴ്ചകൾ ഹൃദയ ഭേദകമാണ്.
മണിപ്പൂരിന് ഇപ്പോൾ വേണ്ടത് സമാധാനമാണ്. എത്രയും വേഗം അതു പുനഃസ്ഥാപിക്കപ്പെടണം. ജീവനും ജീവിതവും നഷ്ടപ്പെട്ട മണിപ്പൂരിലെ സഹോദരങ്ങളുടെ സമാധാനവും സന്തോഷവും എത്രയും വേഗം തിരികെ കൊണ്ടുവരികയാണ് പ്രധാനം. അതിനപ്പുറം ഒരു രാഷ്‌ട്രീയവുമില്ല.
ഇതാണ് ഒരു ദേശീയ നേതാവിന്റെ ഹൃദയത്തിൽ തൊട്ടുള്ള ശബ്ദം. അതാണ് മോദിയും അമിത് ഷായും മറ്റനേകരും ചേർന്നു നിശബ്ദമാക്കാൻ നോക്കുന്നത്. പക്ഷേ, അവർ എത്ര പൊത്തിപ്പിടിക്കാൻ ശ്രമിച്ചാലും മതേതര ഇന്ത്യയുടെ മുഖരിതമായ പ്രകാശബിംബമായി അതു ജ്വലിച്ചുകൊണ്ടേയിരിക്കും. ഭാരത് ജോഡോ യോത്രയിലൂടെ ആസേതു ഹിമാചലം കടന്നു വെന്നിക്കൊടി പാറിച്ച രാഹുൽ ഗാന്ധിയുടെ നേതൃപടാവത്തിന്റെ പുതിയ മുഖമാണ് ഇപ്പോൾ വടക്കുകിഴക്കൻ മേഖലയിലും തെളിഞ്ഞുകണ്ടത്.
Featured
പണം എത്തിച്ചത് കെ സുരേന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം: ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായാണ് 41.40 കോടി രൂപ കേരളത്തിലേക്ക് ഒഴുകിയത്
തൃശൂര്‍: ബിജെപി തൃശൂര്‍ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കൊടകര കുഴല്‍പ്പണ ആരോപണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആരോപണ വിധേയനായ ധര്‍മരാജന്‍ കേരളത്തില്‍ എത്തിച്ചത് ആകെ 41.40 കോടിയാണെന്നുള്ള വിവരമാണ് പുറത്തുവരുന്നത്. ക്രൈംബ്രാഞ്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായാണ് 41.40 കോടി രൂപ കേരളത്തിലേക്ക് ഒഴുകിയത്. ഇതില്‍ 14.40 കോടി കര്‍ണാടകയില്‍ നിന്ന് എത്തിച്ചതാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇതില്‍ 33.50 കോടി തിരഞ്ഞെടുപ്പിനായി വിതരണം ചെയ്തു. 27 കോടി ഹവാല ഇടപാടുകളിലൂടെയാണ് എത്തിച്ചത്. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത് 7.90 കോടി രൂപയാണെന്നുള്ള വിവരവും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിലുണ്ട്. കൊടകരയില്‍ 25 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടു എന്നായിരുന്നു ധര്‍മരാജന്‍ ആദ്യം പൊലീസിന് നല്‍കിയ മൊഴി. ഇത് പിന്നീട് മൂന്നരക്കോടിയെന്ന് തിരുത്തിയിരുന്നു.
2021 ഏപ്രില്‍ നാലിന് നടന്ന സംഭവം ക്രൈംബ്രാഞ്ച് ഇ ഡിയെ അറിയിക്കുന്നത് അതേ വര്‍ഷം ജൂണ്‍ ഒന്നിനാണ്.
കൊണ്ടുവന്ന തുക എത്രയെന്ന് ധര്‍മരാജന്‍ കൃത്യമായി മൊഴി നല്‍കിയിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കവര്‍ച്ചക്കാരുടെ കുറ്റസമ്മത മൊഴി അനുസരിച്ചുള്ള തുകയും പരാതിയിലെ തുകയും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് ശേഷം നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ 41.40 കോടി രൂപ എത്തിച്ചുവെന്ന് ധര്‍മരാജന്‍ സമ്മതിച്ചു. ഇത് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി എത്തിച്ചതാണെന്നും ധര്‍മരാജന്‍ പറഞ്ഞു. കെ സുരേന്ദ്രന്‍, ബിജെപി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എം ഗണേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീശന്‍ നായര്‍ എന്നിവരുടെ നിര്‍ദേശം അനുസരിച്ചായിരുന്നു പണം എത്തിച്ചത്. പല സ്ഥലങ്ങളിലും ബിജെപി നേതാക്കള്‍ പണം കൈപ്പറ്റിയെന്നും ധര്‍മരാജന്‍ മൊഴി നല്‍കി. ധര്‍മരാജന്റെ നിര്‍ദേശമനുസരിച്ചാണ് പണമെത്തിച്ചതെന്ന് ഡ്രൈവര്‍ ഷിജിനും മൊഴി നല്‍കിയിരുന്നു.
കവര്‍ച്ച ചെയ്ത പണത്തിന്റെ ഉറവിടം കര്‍ണാടകയിലെ ബിജെപി നേതാവ് സുനില്‍ നായിക് എന്നായിരുന്നു ധര്‍മരാജന്റെ മൊഴി. തുക ബെംഗളൂരില്‍ നിന്ന് കോഴിക്കോട് വരെ പാഴ്‌സല്‍ ലോറിയിലാണ് എത്തിച്ചതെന്ന് ധര്‍മരാജന്‍ മൊഴി നല്‍കി. ബെംഗളൂരുവില്‍ നിന്ന് ഇതിനായി വിളിച്ചത് സുന്ദര്‍ലാല്‍ അഗര്‍വാളെന്ന ആളായിരുന്നുവെന്നും ധര്‍മരാജന്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ സുന്ദര്‍ലാല്‍ ഫോണ്‍ വിളിച്ചതിന്റെ രേഖകള്‍ കണ്ടെത്തിയിരുന്നു.
Featured
രാഹുല്‍ ഗാന്ധി മൂന്നിന് മാനന്തവാടിയില്‍ അരീക്കോടും;
പ്രിയങ്ക ഗാന്ധിയുടെ രണ്ടാം ഘട്ട പ്രചരണം മൂന്നു മുതല്‍ ഏഴ് വരെ
കല്‍പ്പറ്റ: വയനാട് ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി മൂന്നാം തീയതി മുതല്‍ ഏഴാം തീയതി വരെ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തും. ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും മൂന്നാം തീയതി മണ്ഡലത്തില്‍ ഉണ്ടാവും. മൂന്നിന് രാവിലെ 11 മണിക്ക് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന പൊതുയോഗത്തില്‍ ഇരുവരും പങ്കെടുക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് അരീക്കോട് നടക്കുന്ന പൊതുയോഗത്തില്‍ രാഹുല്‍ ഗാന്ധി സംസാരിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ. പി. അനില്‍ കുമാര്‍ എം. എല്‍. എ. പത്രക്കുറുപ്പില്‍ പറഞ്ഞു.
പ്രിയങ്ക ഗാന്ധി ഉച്ചയ്ക്ക് ഒരു മണിക്ക് മാനന്തവാടി നിയോജക മണ്ഡലത്തിലെ വാളാട് നടക്കുന്ന കോര്‍ണര്‍ യോഗത്തിലും 2.30ന് കോറോം ല്‍ നടക്കുന്ന കോര്‍ണര്‍ യോഗത്തിലും 4.45ന് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ തരിയോട് നടക്കുന്ന കോര്‍ണര്‍ യോഗത്തിലും പങ്കെടുക്കും.
നാലാം തീയതി രാവിലെ 10ന് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ കെണിച്ചിറയില്‍ നടക്കുന്ന കോര്‍ണര്‍ യോഗമാണ് ആദ്യ പരിപാടി. തുടര്‍ന്ന് 11ന് പുല്‍പ്പള്ളിയിലെ കോര്‍ണര്‍ യോഗത്തിലും 11.50ന് മുള്ളന്‍കൊല്ലിയിലെ പാടിച്ചിറയില്‍ കോര്‍ണര്‍ യോഗത്തിലും ഉച്ചയ്ക്ക് രണ്ടിന് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ മുട്ടിലില്‍ നടക്കുന്ന കോര്‍ണര്‍ യോഗത്തിലും 3.50ന് വൈത്തിരിയില്‍ നടക്കുന്ന കോര്‍ണര്‍ യോഗത്തിലും പ്രിയങ്ക ഗാന്ധി സംസാരിക്കും. തുടര്‍ന്ന് ഏഴാം തീയതി വരെ പ്രിയങ്ക മണ്ഡലത്തില്‍ പ്രചരണത്തിനുണ്ടാവും.
Featured
മുഖ്യമന്ത്രി വിമര്‍ശനത്തിന് അതീതനാണോ? ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കുന്ന സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് വി ഡി സതീശന്‍
പാലക്കാട്: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കുന്ന സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാരിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടാല്‍ കേസാണ്. മുഖ്യമന്ത്രി വിമര്‍ശനത്തിന് അതീതനാണോ? രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാകുമ്പോള്‍ വിമര്‍ശനം സ്വാഭാവികമാണ്. എന്നാല്‍ സര്‍ക്കാര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ഓഫീസുകളില്‍ കയറി ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യുന്നു. ദൈവത്തെ വിമര്‍ശിക്കുന്നവരുടെ നാട്ടില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചാല്‍ എന്താണ് കുഴപ്പമെന്നും വി.ഡി. സതീശന്‍ ചോദിച്ചു.
”സര്‍ക്കാരിനെ വിമര്‍ശിച്ചെന്നു പറഞ്ഞ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നിരന്തരം കേസെടുക്കുകയാണ്. എന്നെയൊക്കെ യാതൊരു മര്യാദയുമില്ലാതെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വിമര്‍ശിക്കാറുണ്ട്. ആരെങ്കിലും അയച്ചുതരുമ്പോ വായിച്ചു നോക്കും. പരാതിയൊന്നും പറയാന്‍ പോകാറില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാകുമ്പോള്‍ വിമര്‍ശനം സ്വാഭാവികമാണ്. എന്നാല്‍ സര്‍ക്കാര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ഓഫീസുകളില്‍ കയറി ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ഒക്കെയാണ്.
ഇതെന്താ സ്റ്റാലിന്റെ റഷ്യയാണോ? സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ലേ? സര്‍ക്കാരിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടാല്‍ കേസാണ്. മുഖ്യമന്ത്രി വിമര്‍ശനത്തിന് അതീതനാണോ? ദൈവത്തെ പോലും വിമര്‍ശിക്കുന്നവരുടെ നാട്ടില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചാല്‍ എന്താ കുഴപ്പം? ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുനഃപരിശോധന നടത്തണം. ഇത്തരത്തില്‍ കേസെടുക്കരുതെന്ന് സുപ്രീംകോടതി ഉള്‍പ്പെടെ നിര്‍ദേശിച്ചിട്ടുണ്ട്” -വി.ഡി. സതീശന്‍ പറഞ്ഞു.
പി.പി. ദിവ്യയെ സംരക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാരും പൊലീസും നടത്തുന്നതെന്നും സതീശന്‍ വിമര്‍ശിച്ചു. വ്യാജ പരാതി ഉണ്ടാക്കിയത് എ.കെ.ജി സെന്ററിലാണ്. ഒപ്പു വ്യാജമാണെന്ന് മാധ്യമങ്ങള്‍ കണ്ടെത്തി. കലക്ടര്‍ പൊലീസിന് കൊടുത്തത് കള്ള മൊഴിയാണ്. അത് മുഖ്യമന്ത്രിയെ കണ്ടതിനു ശേഷം നല്‍കിയ മൊഴിയാണ്. കലക്ടര്‍ യോഗത്തില്‍നിന്ന് ദിവ്യയെ വിലക്കണമായിരുന്നു. പ്രതിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി കലക്ടറെ ഉപയോഗിക്കുന്നു. എന്ത് നീതിയാണ് ഇവിടെ നടക്കുന്നത്? പാര്‍ട്ടിക്കാര്‍ക്കും മറ്റുള്ളവര്‍ക്കും വെവ്വേറെ നീതിയാണ്. പൊലീസും ജനങ്ങളും പരിഹാസ്യരായെന്നും സതീശന്‍ പറഞ്ഞു.
പാലക്കാട് സി.പി.എം -ബി.ജെ.പി ബാന്ധവമാണെന്ന ആരോപണം വി.ഡി. സതീശന്‍ ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ രണ്ട് അപരന്മാരാണുള്ളത്. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും രാഹുല്‍മാരുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ മാത്രം അപരനെ മതിയെന്നാണ് ഇരു പാര്‍ട്ടികളുടെയും തീരുമാനം. ബി.ജെ.പിക്കെതിരെ സി.പി.എമ്മോ, സി.പി.എമ്മിനെതിരെ ബി.ജെ.പിയോ അപരനെ നിര്‍ത്തിയിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured1 week ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 week ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login