Connect with us
fed final

Kerala

ഓരോ തുള്ളി ചോരയിൽ നിന്നും ഒരായിരം പേർ…

Avatar

Published

on

വിപ്ലവത്തിനു വീര്യം കൂട്ടാൻ ഒരായിരം പേരേ ഉണ്ടാക്കിയെടുക്കാനുള്ള ചോര കിട്ടുന്നില്ല എന്നുള്ളതാണ് സിപിഎമ്മും അതിന്റെ മന്ത്രിമാരും നേരിടുന്ന ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം. ഭരണം മൂലം ലാത്തിച്ചാർജിനും വെടിവെയ്പിനുമൊക്കെയുള്ള സാധ്യത നഷ്ടമായിരിക്കുന്നു. അതുകൊണ്ട്, ചോര കിട്ടാനുള്ള പുതിയ വഴികൾ തേടുകയാണു പാർട്ടിയും ചില നേതാക്കളും. കഴിഞ്ഞ 60 സ്കൂൾ യുവജനോത്സവങ്ങളിലും ഉയരാത്ത പുതിയ വിവാദത്തിന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി തിരി കൊളുത്തിയത് അതുകൊണ്ടാണെന്നു കരുതുന്നതിൽ തെറ്റില്ല.

Advertisement
inner ad

അടുത്ത യുവജനോത്സവം മുതൽ മേളയ്ക്കെത്തുന്നവർക്ക് ഇറച്ചിയും മീനും വിളമ്പുമെന്നായിരുന്നു ഉ​ദ്ഘാടന വേദിയിൽ മന്ത്രിയുടെ ഉദ്ഘോഷം. നല്ല സ്വയമ്പൻ ബിരിയാണി തന്നെ വിളമ്പുമെന്ന് മന്ത്രി അടുത്ത ദിവസം തിരുത്തി. മേള തീരുന്ന ദിവസം വരെയും അതാവർത്തിച്ചു. ഒരു രാജ്യം, ഒരു മതം, ഒരു വസ്ത്രം, ഒരു ഭക്ഷണം എന്നൊക്കെ പറഞ്ഞ് കലാപം സൃഷ്ടിക്കാൻ വാളെടുത്ത് നിൽക്കുന്നവർ ഒരു ചേരിയിൽ. വ്യത്യസ്ത ജാതിമതങ്ങളെ കൂട്ടുപിടിച്ച് അവർക്കിടയിൽ രുചിക്കൂട്ടിന്റെ വൈജാത്യങ്ങൾ വിളമ്പി കലാപത്തിനു സാധ്യത തേടുന്നവർ മറുചേരിയിൽ. ഈ ചേരികൾ തമ്മിൽ കൊമ്പുകോർത്ത് ഏറ്റമുട്ടി വീഴ്ത്താവുന്ന ചോര ഏതൊരു കമ്യൂണിസ്റ്റ്കാരനെയും രോമാഞ്ചം കൊള്ളിക്കുന്നു. ഓരോ തുള്ളി ചോരയിൽ നിന്നും ഒരായിരം പേർ ഉയിർത്തെഴുന്നേൽക്കുമെന്ന ആത്മവീര്യം പകരുന്നു.


ഇതും പോരാഞ്ഞിട്ടാണ് കലോത്സവത്തിന്റെ സ്വാ​ഗത ​ഗാനത്തിലേക്കും തീയുണ്ടാകാനുള്ള എണ്ണ പകർന്നത്. ഒരു മതത്തിനു മേൽ പ്രത്യക്ഷമായിത്തന്നെ തീവ്രവാദം ചാർത്തിക്കൊടുത്ത സ്വാ​ഗത​ഗാനത്തിന്റെ പേരിലും കലോത്സവം കലാപവേദിയായി മാറി. അങ്ങനെയൊരു സ്വാ​ഗത ​ഗാനം സ്കൂൾ യുവജനോത്സവ വേദിയിൽ പാടാൻ അനുവാദം കൊടുത്ത വിദ്യാഭ്യാസ മന്ത്രിയും വകുപ്പും അക്ഷന്തവ്യമായ അപരാധമാണ് ചെയ്തത്. അത്യാവശ്യം ചോര അവിടെയും കിട്ടും.

സാമൂതിരിയുടെ നാട്ടിൽ കൗമാരകലകളുടെ കൊടിയിറങ്ങിയിട്ട് മൂന്നു ദിവസം പിന്നിടുന്നു. മഴപ്പെയ്ത്ത് കഴിഞ്ഞിട്ടും മരം പെയ്തൊഴിഞ്ഞിട്ടുമില്ല. കേരളീയ സാംസ്കാരിക പൈതൃകത്തിന്റെ വിത്തും വളവുമാണ് ഓരോ കലോത്സവവും. അതിന്റെ ഉർവരതയിൽ വളർന്നു പന്തലിച്ച എത്രയെത്ര വൻമരങ്ങളുണ്ട് നമുക്കു ചുറ്റും. ഒന്നാമത്തെ കലോത്സവത്തിലൂടെത്തന്നെ വരവറയിച്ച ​ഗാന​ഗന്ധർവൻ യേശുദാസ് പാടി ഉറക്കുകയും ഉണർത്തുകയും ചെയ്യാത്ത ദൈവങ്ങൾ പോലുമില്ല കേരളത്തിൽ. കലോത്സവ വേദിയിൽ ദാസേട്ടന്റെ ​ഗാനത്തിനു പക്കമേളമിട്ട പി. ജയചന്ദ്രൻ നമ്മുടെ ഭാവ​ഗായകനുമായി.

1986ൽ കണ്ണൂരിന്റെ ആർ. വിനീതും കൊല്ലത്തിന്റെ പൊന്നമ്പളിയും പകർന്നാടി നേടിയ ആദ്യത്തെ കലാപ്രതിഭ- കലാതിലകപ്പട്ടങ്ങൾ ഒരു കാലത്ത് കേരളത്തിന്റെ കലാസപര്യയുടെ അവാസന വാക്കായിരുന്നു. വിനീത് കുമാർ, ദിവ്യ ഉണ്ണി, വിന്ദുജ മേനോൻ, മഞ്ജു വാര്യർ, കാവ്യ മാധവൻ, അമ്പിളീ ദേവി തുടങ്ങിയവർ പ്രതിഭകളും തിലകങ്ങളുമായി നമുക്കി‌ടയിൽ ഇന്നും വിരാജിക്കുന്നു. ഈ പട്ടം കിട്ടിയില്ലെങ്കിലും കേരളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയും വിനീത് ശ്രീനിവാസനും നവ്യ നായരുമൊക്കെ കലോത്സവങ്ങളുടെ മണിമുത്തുകളാണ്.
കലോത്സവങ്ങൾക്കു തിരശീല വീഴുമ്പോൾ വിവാദങ്ങള‍ുടെ വേദി ഉണരുന്നതും പതിവാണ്. മത്സരവേദിയിലെ ബാഹ്യ ഇടപെ‌ടലുകൾ മുതൽ വിധി നിർണയത്തിലെ അപാകതകൾ വരെ പലതും പലരും മേളയുടെ ശോഭ കെടുത്തിയിട്ടുണ്ട്. അപ്പീലുകൾ കോടതികളിലെത്തി വിധി നിർണയങ്ങളെപ്പോലും മാറ്റി മറിച്ചിട്ടുണ്ട്. സ്വർണക്കപ്പിൽ വിദ്യാഭ്യാസ മന്ത്രിയുടെ പേരെഴുതി ചേർത്തത് നിയമസഭയിൽ വലിയ ചർച്ചയ്ക്കു വന്നിട്ടുണ്ട്. എന്നാൽ അതൊന്നും വർ​ഗീയതയുടെ അപകടകരമായ അതിർവരമ്പിലേക്കു കടന്നിട്ടില്ല.

Advertisement
inner ad

ഇന്നോളമുള്ള ഒരു യുവജനോത്സവത്തിലും രുചിഭേദം വേണമെന്ന ആവശ്യം ഒരു കോണിൽ നിന്നും ഉയർന്നിട്ടില്ല. ഇത്തവണ വിളമ്പിയ ആഹാരത്തെക്കുറിച്ച് ആരും കുറ്റമൊന്നും പറഞ്ഞതുമില്ല. പിന്നെന്തിനാണ് മന്ത്രി ഇതേക്കുറിച്ച് ആവർത്തിച്ചു കൊണ്ടേയിരുന്നത്. അതിൽ രാഷ്‌ട്രീയം മാത്രമല്ല, മറ്റെന്തൊക്കെയോ ഒളിഞ്ഞുകിടപ്പുണ്ട്. അതു തിരിച്ചറിഞ്ഞാവണം, കഴിഞ്ഞ 16 കലോത്സവങ്ങൾക്കു തുടർച്ചയായി ഭക്ഷണം തയാറാക്കിയ പഴയിടം മോഹൻ നമ്പൂതിരി ഇനി മുതൽ താൻ മേളയ്ക്കില്ലെന്നു പ്രഖ്യാപിച്ചത്. കലോത്സവങ്ങളുടെ കലവറ കാക്കാൻ താൻ ഭയപ്പെടുന്നു എന്നു തുറന്നു പറഞ്ഞതിലെ അപകടം സാംസ്കാരിക കേരളം കാണാതിരുന്നുകൂടാ.

നൂറ്റാണ്ടുകൾ പഴക്കമുള്ള നമ്മുടെ സാംസ്‌കാരിക ജീവിതത്തിന്റെ വളർച്ചയിലും രൂപപരിണാമങ്ങളിലും കലകളുടെ പങ്ക് നിസ്തുലമണ്. കേരളീയ കലകളെ ആചാരം, ഭക്തി, കൃഷി, വിനോദം, സാമൂഹികം, കായികം എന്നിങ്ങനെ പലതായി വേർതിരിച്ചാണ് സമൂഹത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. താളം, മേളം, വേഷം, സം​ഗീതം, സാഹിത്യം, നൃത്തം, നടനം തുടങ്ങിയ സപ്തസാധ്യതകളടങ്ങിയ കഥകളി മുതൽ ഇശലിന്റെ മൈലാഞ്ചി മൊഞ്ചണിഞ്ഞ ഒപ്പന വരെ എത്രയെത്ര തനതുകാലരൂപങ്ങളാണു കലാ കൈരളിയുടെ ​ഗർഭ​ഗൃഹത്തിൽ പിറവികൊണ്ടത്. അവയോരോന്നും തനിമ ചോരാതെ തലമുറകളിലേക്കു പകർന്നു നൽകാൻ സ്കൂൾ കലോത്സവം വഹിച്ച പങ്ക് നിസ്തുലമാണ്. ഒരു പക്ഷേ, സ്കൂൾ കലോത്സവത്തിന്റെ ലക്ഷ്യം തന്നെ അതായിരിക്കണം.

ചെറുതായി തുടങ്ങി ഇത്ര വലിയ തോതിൽ വളർന്ന മറ്റൊരു കലാസംരക്ഷണ മേള ലോകത്ത് മറ്റൊരിടത്തും ഉണ്ടാവാനിടയില്ല. പരാതികളും പാകപ്പിഴകളുമുണ്ടാകാറുണ്ടെങ്കിലും സ്‌കൂൾ കലാമേളയെന്ന ഈ മഹോത്സവം കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലെ തിളങ്ങുന്ന ഒരേട് തന്നെയാണ്. അതിനെയാണ് ഇപ്പോൾ ഭക്ഷ്യ വിഷത്തിൽ മുക്കിക്കൊല്ലാൻ ആരൊക്കെയോ ചേർന്നു ബോധപൂർവം ശ്രമിക്കുന്നത്. സ്കൂൾ കലോത്സവമെന്നാൽ തീറ്റ മത്സരമല്ല. കലോപാസനയാണ്. ഭിന്ന സംസ്കാരങ്ങളുടെ പോരാട്ടമല്ല, നാനാജാതി മത സംസ്കാരങ്ങളുടെ സമജ്ജസ സമ്മേളനമാണ്. തീൻ മേശയല്ല, സർ​ഗ വേദികളാണ് അതിനായി ഇവിടെ തുടച്ചു മിനുക്കേണ്ടത്.

ഇരുനൂറിൽപ്പരം ഇനങ്ങളിലായി 12,000 ഓളം കുട്ടികളാണ് ഓരോ വർഷവും യുവജനോത്സവ വേദിയിലെത്തുന്നത്. അധ്യാപകരും രക്ഷിതാക്കളും കാണികളുമൊക്കെയായി കാൽ ലക്ഷത്തോളം പേർ വേറെയും. കലോത്സവത്തിനെന്ന പോലെ പ്രധാനമാണ് ഇവർക്കു വേണ്ടിയുള്ള കലവറ ഒരുക്കലും. സംസ്ഥാനത്തിന്റെ ഭിന്ന ഭാ​ഗങ്ങളിലെ ഭിന്ന ഭക്ഷണ സംസ്കാരങ്ങളിൽ നിന്നു വരുന്നവർക്കെല്ലാം വൃത്തിയും ആരോ​ഗ്യകരവുമായ നല്ല ഭക്ഷണം വിളമ്പുകയെന്നത് ഭാരിച്ച ഉത്തരവാദിത്വം തന്നെയാണ്. ഇക്കുറി കോഴിക്കോട്ടു നടന്ന യുവജനോത്സവത്തിലടക്കം ഇന്നോളമുള്ള മുഴുവൻ യുവജനോത്സവങ്ങൾക്കും അതിനു കഴിഞ്ഞിട്ടുമുണ്ട്.

Advertisement
inner ad

കുട്ടികൾക്ക് ഇഷ്ട വിഭവങ്ങൾ നൽകുകയല്ല, ഞങ്ങൾ പറയുന്ന ആഹാരം നിങ്ങൾ നിർബന്ധമായും കഴിക്കണം എന്നാണ് മന്ത്രിയുടെ പ്രസ്താവനയുടെ ധ്വനി. അതിൽ ഭീഷണിയുടെ സ്വരമുണ്ട്. സർ​ഗവേദിയിൽ കൃത്രിമമായ കലാപമുണ്ടാക്കാനുള്ള ശ്രമമുണ്ട്. രക്ത രൂഷിതമായ വിപ്ലവങ്ങളിലൂടെ കമ്യൂണിസത്തിനു വളമിട്ടു കൊടക്കുന്ന ​ഗൂഢ തന്ത്രമുണ്ട്. അഞ്ചാറു വർഷമായി ഭരണത്തിലിരുന്നു മറന്നു പോയ സമര വീര്യങ്ങൾക്കു മൂർച്ച കൂട്ടാനുള്ള ​അജ‍ൻഡയുമുണ്ട്. അതാണ് അഭിനവ കലാകേരളത്തെ ഭയപ്പെടുത്തുന്നത്. കേരളം ഒറ്റക്കെട്ടായി ചെറുക്കേണ്ടതും.

  • നമുക്കൊരു കായിക മന്ത്രിയുണ്ടെന്നു ബോധ്യപ്പെട്ടു

ഈ മാസം 15നു തിരുവനന്തപുരം കാര്യവട്ടം ​ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് കാണാൻ കൈയിൽ പണമില്ലാത്തവർ വരേണ്ട എന്ന കായിക മന്ത്രി അബ്​ദു റഹ്മാന്റെ പ്രസ്താവനയും അതിനു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ നൽകിയ പിന്തുണയും എന്നെ വല്ലാതെ ഞെട്ടിച്ചു.

കേരളത്തിലെ ആദ്യത്തെ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയം എറണാകുളം കലൂരിൽ നിർമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചപ്പോൾ അന്നത്തെ മുഖ്യമന്ത്രി കരുണാകരനോട് ഏതോ പത്രപ്രവർത്തകൻ ചോദിച്ച ഒരു ചോദ്യമുണ്ട്. കേരളം പോലെ വളരെ ചെറിയ ഒരു സംസ്ഥാനത്ത് എന്തിനാണ് ഇത്രയും വലിയ സ്റ്റേഡിയം? പത്രപ്രവർത്തകന്റെ മുഖത്തു നോക്കി കണ്ണിറുക്കി ചിരിച്ചു കൊണ്ട് കരുണകരൻ പറഞ്ഞ മറുപടി ഇന്നും പ്രസക്തമാണ്. ബോംബെയിലും കൽക്കട്ടയിലുമൊക്കെ (അന്ന് ഈ ന​ഗരങ്ങളുടെ പേര് അതായിരുന്നു) പോയി ക്രിക്കറ്റ് കളി കാണാനുള്ള പാങ്ങില്ല, കേരളത്തിലെ മിക്കവാറും ചെറുപ്പക്കാർക്ക്. നമ്മുടെ കുട്ടികൾക്കും അന്താരാഷ്ട്ര കളികൾ കാണണ്ടേ?


ധിഷണാശാലിയായ ഒരു ഭരണാധികാരിക്കു മാത്രമേ അങ്ങനെ ചിന്തിക്കാനാവൂ. അന്നു കരുണാകരൻ അങ്ങനെ ചിന്തിച്ചിരുന്നില്ലെങ്കിൽ അന്താരാഷ്‌ട്ര ക്രിക്കറ്റുകളൊന്നും ഇന്നും സഹ്യനിപ്പുറത്തേക്കു വരില്ലായിരുന്നു. ക്രിക്കറ്റും ഫുട്ബോളും ഇതര കായിക മത്സരങ്ങളുമൊക്കെ കണാനും പങ്കെടുക്കാനുമെത്തുന്നവരെല്ലാം പണക്കാരല്ല. പണമുള്ളവർ ഓസ്ട്രേലിയയിൽ പോയാലും കളി കാണും. അല്ലാത്തവരോ? വഴിച്ചെലവിനു പോലും പണമില്ലാതെ വണ്ടിക്കൂലി മാത്രമായി വന്ന് ക്രിക്കറ്റും ഫുട്ബോളും കണ്ടു മടങ്ങുന്നവരാണ് നമ്മുടെ മഹാഭൂരിഭാ​ഗവും. ഒരു ക്രിക്കറ്റ് കളി കാണാൻ അവരോട് രണ്ടായിരവും നാലായിരവുമൊക്കെ ഈടാക്കുന്നത് കൊള്ളയാണ്. നല്ല ഒന്നാന്തരം പിടിച്ചുപിറിയാണ്. ഭരിക്കുന്നവരുടെ ശ്രദ്ധ പണമില്ലാത്ത പാവപ്പെട്ടവരിലാവണം. ഏതു വിധേനയും പണമുണ്ടാക്കാനും പണമുണ്ടാക്കുന്നവരെ സംരക്ഷിക്കാനും തുനിഞ്ഞിറഞ്ഞിറങ്ങിയ അഭിനവ സിപിഎം നേതൃത്വത്തിന് അതു മനസാലാക്കാനാവില്ല. അതുകൊണ്ടു തന്നെ അവരിൽ നിന്ന് കായിക കേരളം നീതി പ്രതീക്ഷിച്ചിട്ടു കാര്യവുമില്ല. ഏതായാലും ഇത്രയും വലിയ പ്രസ്താവന നടത്തിയ മന്ത്രി അബ്ദു റഹിമാന് സമ​ഗ്ര കായിക വളർച്ചയ്ക്കുള്ള പരമ വിശിഷ്ട സേവാ മെഡൽ നല്കണമെന്ന് മുൻ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എന്ന നിലയിൽ ഒരഭ്യർഥനയുണ്ട്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

ദേവികുളം തിരഞ്ഞെടുപ്പ് കേസ്; സുപ്രീം കോടതിയിൽ തടസ്സ ഹർജിയുമായി
കോൺഗ്രസ് നേതാവ് ഡി. കുമാർ

Published

on

ന്യൂഡൽഹി : ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കോൺഗ്രസ് നേതാവ് ഡി. കുമാർ സുപ്രീം കോടതിയിൽ തടസ്സഹർജി ഫയൽ ചെയ്തു. ദേവികുളം എം.എല്‍.എ എ. രാജയുടെ നിയമസഭാംഗത്വം അസാധുവാക്കിയ ഹൈക്കോടതി വിധിയിൽ തന്റെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ്സ ഹർജി.ഹൈക്കോടതി വിധി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ഡി കുമാർ പറയുന്നു. അഭിഭാഷകൻ അൽജോ ജോസഫാണ് തടസ്സഹർജി കുമാറിനായി ഫയൽ ചെയ്തത്. അതെസമയം ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഡി രാജ നടപടികൾ തുടങ്ങി. തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്ക് സ്റ്റേയും ആവശ്യപ്പെടും.

Continue Reading

Kerala

മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി.ദണ്ഡപാണിയുടെ വിയോഗത്തിൽ അനുശോചിച്ച് കെ.സി.വേണുഗോപാൽ എം.പി

Published

on

തിരുവനന്തപുരം : മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി.ദണ്ഡപാണിയുടെ വിയോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി അനുശോചിച്ചു. ഭരണഘടന, കമ്പനി, ക്രിമിനൽ എന്നീ നിയമ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ദണ്ഡപാണിയുടെ സേവനം നിസ്തുലമാണ്. സംസ്ഥാനത്തെ പൊതുശ്രദ്ധയാകർഷിച്ച പല കേസ്സുകളിലും അഭിഭാഷകനെന്ന നിലയിൽ അദ്ദേഹം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം നിയമ രംഗത്ത് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ വേർപാടിൽ വേദനിക്കുന്ന സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

Continue Reading

Kerala

തിരുവനന്തപുരംത്ത് ഏപ്രിൽ 24 ന് പ്രാദേശിക അവധി

Published

on

തിരുവനന്തപുരം: തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ഏപ്രിൽ 24 ന് പ്രാദേശിക അവധി . മേജർ വെള്ളായണി ദേവീ ക്ഷേത്ര കാളിയൂട്ട് മഹോത്സവത്തിന്‍റെ ഭാഗമായി ഏപ്രിൽ 24 (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ 6 ഗ്രാമപഞ്ചായത്തുകളിലും നഗരസഭയുടെ ചില മേഖലകളിലുമാണ് അവധി.

കാളിയൂട്ട് മഹോത്സവത്തിന്റെ പ്രധാന ദിവസമായ ഏപ്രിൽ 24 ന് നേമം, കല്ലിയൂർ, പള്ളിച്ചൽ, ബാലരാമപുരം, വെങ്ങാനൂർ, തിരുവല്ലം എന്നീ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് അവധി (തിരുവനന്തപുരം നഗരസഭയിൽ ലയിപ്പിച്ച പ്രദേശങ്ങളുൾപ്പെടെ) പ്രദേശത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടറാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ലെന്നും ഉത്തരവിൽ പറയുന്നു.

Advertisement
inner ad
Continue Reading

Featured