Featured
ഒറ്റപ്പെട്ടുപോയ ഒരു പ്രധാനമന്ത്രി

- ഡോ. ശൂരനാട് രാജശേഖരൻ എഴുതുന്നു
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ എല്ലാ ചടങ്ങുകളും അദ്ദേഹം തന്നെ നിർവഹിച്ചു.
അതിപ്രഭാതത്തിൽ ഗണപതി ഹോമവും ദണ്ഢനമസ്‌കാരവും ചെങ്കോൽ പ്രതിഷ്ഠയും. ഉച്ചയ്ക്കുശേഷം സ്റ്റാമ്പിന്റെയും 75രൂപ നാണയത്തിന്റെ പ്രകാശനവും. ഉദ്ഘാടനവും മണിക്കൂറുകൾ നീണ്ടുനിന്ന പ്രസംഗവും. എല്ലാം ഒറ്റയ്ക്കുചെയ്യേണ്ടിവന്ന പ്രധാനമന്ത്രിയെ മറ്റ് എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്തുകുകയായിരുന്നോ ?.
ഈ ചരിത്ര നിമിഷങ്ങളിൽ മറ്റാരുടെയും കൈമുദ്രവേണ്ടായെന്ന് പ്രധാനമന്ത്രി തീരുമാനിച്ചോ ?

പഴയ പാർലമെന്റ് മന്ദിരം നിർമിച്ച ബ്രിട്ടീഷ് വാസ്തുശില്പിമാരായ എഡ്വിൻ ലൂത്തീൻസിനെയും ഹെർബർട്ട് ബക്കറെയും പൂവിട്ടു പൂജിക്കണം.
ഇനിയൊരു നൂറു വർഷമെങ്കിലും ഇന്ത്യ അടക്കി വാഴാമെന്ന പ്രതീക്ഷയിൽ ഇവിടെയൊരു ഭരണസിരാകേന്ദ്രം സ്ഥാപിക്കണമെന്ന ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ആവശ്യം സാക്ഷാത്കരിക്കപ്പെടാൻ ഇവരെയാണു ചുമതലപ്പെടുത്തിയത്,
1920കളിൽ. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാരെന്ന നിലയിൽ ലോകത്തെ ഏതു കോണിലെയും അഥവാ, അധീശത്വത്തിന്റെ നേരടയാളമായി ഗ്രേറ്റ് ബ്രിട്ടനിൽത്തന്നെയുള്ള ഏതെങ്കിലുമൊരു വാസ്തുശില്പത്തെ അവർക്കു മാതൃകയാക്കാമായിരുന്നു.
എന്നാൽ, ഇന്ത്യയിൽ നിർമിക്കുന്ന ബ്രിട്ടീഷ് സെക്രട്ടേറിയറ്റ് ഇന്ത്യൻ വാസ്തുശില്പങ്ങളെ മാതൃയാക്കി മതിയെന്നു തീരുമാനിച്ചത് എഡ്വിനും ഹെർബർട്ട് ബക്കറുമായിരുന്നു. അവരുടെ അന്വേഷണം ചെന്നെത്തിയത് 9-12 നൂറ്റാണ്ടുകളിൽ വടക്കേ ഇന്ത്യയിലുണ്ടായിരുന്ന യോഗിനി ക്ഷേത്രങ്ങളിൽ. ഹിന്ദു ധർമ തന്ത്രപ്രകാരം നിർമിച്ചിട്ടുള്ള ക്ഷേത്രങ്ങളാണിവ. പൂർണമായും ക്ഷേത്രങ്ങളെന്നു പറഞ്ഞുകൂടാ. മറ്റു ക്ഷേത്രങ്ങളിൽ നിന്നു വളരെ വേറിട്ടതായിരുന്നു ഇവ. വൃത്താകൃതിയിലുള്ള ഈ ക്ഷേത്രങ്ങൾക്കു മേൽക്കൂരയില്ല, പ്രതിഷ്ഠയുമില്ല. എങ്കിലും പാർവതീ ദേവിയെയാണ് ഇവിടെ ആരാധിച്ചിരുന്നതെന്നു വിശ്വാസം.

മലമുകളിലും വിജനമായ വനനിബിഢങ്ങളിലുമൊക്കെയായിരുന്നു ഈ ക്ഷേത്രങ്ങൾ. അതുകൊണ്ടു തന്നെ അവയൊന്നും സംരക്ഷിക്കപ്പെട്ടില്ല. കാലക്രമത്തിൽ കള്ളന്മാരും കൊള്ളക്കാരുമൊക്കെ കൈയേറി. ഇന്നിപ്പോൾ വളരെ വിരളമാണ് ഈ ക്ഷേത്രങ്ങൾ. പക്ഷേ, അവയുടെ ഏറ്റവും വലിയ സംരക്ഷിത സ്മാരകമാണ് പഴയ പാർലമെന്റ് മന്ദിരം. പ്രവിശാലവും വൃത്താകൃതവുമായ പഴയ പാർലമെന്റ് മന്ദിരത്തിനുള്ളിൽ 790 മുറികളുണ്ട്. ലോക്‌സഭയും രാജ്യസഭയും സമ്മേളിക്കാനുള്ള പ്രത്യേക ഹാളുകളുണ്ട്. രാഷ്ട്രപതിക്ക് അഭിസംബോധന ചെയ്യാനും വളരെ വിശേഷപ്പെട്ട ദിവസങ്ങളിൽ ഒരുമിച്ചിരിക്കാനുമുള്ള സെൻട്രൽ ഹാളുണ്ട്. ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന നിലയിൽ ക്ഷേത്രവിശുദ്ധിയുമുണ്ട്.
ചരിത്ര ഗവേഷകരും ആർക്കിയോളജിക്കൽ വിദഗ്ധരും മാത്രമാണ് ഈ മന്ദിരത്തെ യോഗിനി മന്ദിർ ആയി കാണുന്നത്. ഇന്ത്യയുടെ ജനാധിപത്യധാരയ്ക്ക് ഇതൊരു മതേതര മാതൃകമാത്രമാണ്. ഹിന്ദുവും മുസൽമാനും ക്രൈസ്തവരും സിക്കും പാഴ്‌സിയും ജൈനനും ബുദ്ധനുമൊക്കെ ഒരുമിച്ചിരുന്ന് രാജ്യകാര്യങ്ങൾ ആലോചിക്കുകയും ചർച്ച ചെയ്യുകയും തീരുമാനിക്കുയും ചെയ്യുന്ന ഒരിടം. 1929ൽ ഈ മന്ദിരം ഉദ്ഘാടനം ചെയ്തപ്പോൾ സന്ദർശക ഗ്യാലറിയിലിരുന്ന് പ്രധാന ഹാളിലേക്ക് ബ്രിട്ടീഷ് വിരുദ്ധ മുദ്രാവാക്യം വിളിച്ച് ചെറിയൊരു നാടൻ ബോംബെറിഞ്ഞു പ്രതിഷേധിച്ച ധീരനായൊരു യുവാവുണ്ട്, ചരിത്രത്തിൽ- സാക്ഷാൽ ഭഗത് സിംഗ്. അക്കാലത്ത് അടിമത്തത്തിനെതാരായ ഇന്ത്യൻ യുവത്വത്തിന്റെ ഗർജിക്കുന്ന സിംഹമായിരുന്നു ഭഗത് സിംഗ്. അദ്ദേഹത്തിന്റെ ചോരയുടെ ചുവപ്പുകൂടിയുണ്ട്, പഴയ പാർലമെന്റ് മന്ദിരത്തിന്.
കാലപ്പഴക്കം കൊണ്ടും സ്ഥലപരിമിതി കൊണ്ടും വീർപ്പു മുട്ടിയ ഈ മന്ദിരത്തിനു പകരം മറ്റൊന്ന് നിർമിക്കണം എന്ന ആലോചന തുടങ്ങിയത് പ്രധാനമന്ത്രി ഡോ. മൻ മോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സർക്കാരിന്റെ കാലത്താണ്. അന്നത്തെ പ്രതിപക്ഷവുമായി ആലോചിച്ച് സ്പീക്കർ മീരാ കുമാറാണ് പുതിയ പാർലമെന്റ് മന്ദിരം നിർമിക്കാനുള്ള ഭരണാനുമതി നൽകിയത്. പുതിയ പാർലമെന്റ് മന്ദിരത്തിൽ എന്തൊക്കെ വേണം, പഴയത് എന്ത് ചെയ്യണം തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കാൻ 2012ൽ ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. ഈ കമ്മിറ്റിയും പിന്നാലെ വന്ന അനേകം കമ്മിറ്റികളും നിരന്തരം നടത്തിയ കൂടിയാലോചനകളുടെ ഫലമാണ് കഴിഞ്ഞ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പുതിയ പാർലമെന്റ് മന്ദിരം. എന്നാൽ, ഉദ്ഘാടനച്ചടങ്ങ് മാത്രമല്ല, പുതിയ മന്ദിരത്തിന്റെ രൂപഭംഗി പോലും വലിയ തോതിൽ വിമർശിക്കപ്പെടുകയാണിപ്പോൾ.

1947 ഓഗസ്റ്റ് 14ന്, സ്വാതന്ത്ര്യ ദിനത്തലേദിവസം പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു രാജ്യത്തോടായി പറഞ്ഞതിങ്ങനെ: ‘ ഭാരതത്തിന്റെ എല്ലാ മക്കളും തുല്യതയോടെ ഒരുമിച്ചു കഴിയുന്ന സ്വാതന്ത്ര്യത്തിന്റെ മണിമാളികയാണ് ഇനി നമ്മൾ നിർമിക്കേണ്ടത്.’ എന്നാൽ 2023 മേയ് 28ന് പ്രധാനമന്ത്രി തുറന്ന പുതിയ പാർലമെന്റ് മന്ദിരം അത്തരത്തിലൊന്നാണ് എന്നു പറയാൻ വയ്യ. നാനാജാതി മതസ്ഥർ ഉൾപ്പെട്ട നാനാത്വത്തിലെ ഏകത്വമാണ് ഭരണഘടനയുടെ അന്തഃസത്ത. പ്രായപൂർത്തി എന്ന ഒരൊറ്റ യോഗ്യത മാത്രം അടിസ്ഥാനമാക്കി എല്ലാവരും കൂടി തെരഞ്ഞെടുക്കുന്നതാണ് നമ്മുടെ ഭരണ സംവിധാനം. വലുതും ചെറുതുമായ രാഷ്ട്രീയ വിശ്വാസങ്ങളും മതങ്ങളും ജാതികളും ഭാഷകളും സംസ്‌കാരങ്ങളും ഒക്കെ ചേർന്നതാണ് ഇന്ത്യയുടെ വൈവിധ്യങ്ങൾ. അവയെല്ലാം അംഗീകരിക്കപ്പെട്ടെങ്കിൽ മാത്രമേ ഇന്ത്യക്ക് ഇതുപോലെ നിലനിൽക്കാനാവൂ. എന്നാൽ അതിൽ മാറ്റം വരുന്നു എന്ന സൂചനയാണ് പുതിയ പാർമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് വിളംബരം ചെയ്യുന്നത്.
പഴയ ചോള രാജാക്കന്മാരുടെ സ്ഥാനാരോഹണ ചടങ്ങുകളെ അനുസ്മരിപ്പിക്കുന്നതായിരുന്നു പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം. ഹിന്ദു സന്യാസിമാരുടെ മാത്രം സാന്നിധ്യത്തിൽ, വേദമന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ ചക്രവർത്തിമാരുടെ സിംഹാസനങ്ങൾക്കൊപ്പം പ്രതിഷ്ഠിക്കുന്ന അധികാരദണ്ഡായ ഒരു ചെങ്കോൽ ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ വേണ്ടിയിരുന്നില്ല.
ഈ ചെങ്കോൽ സ്ഥാപിക്കുന്നതിനും തുടർന്നുള്ള ഉദ്ഘാടന കർമങ്ങൾക്കും പാർലമെന്റ് ഹാളിൽ നേരിട്ടു സാക്ഷിയായത് ജനപ്രതിനിധികളോ രാഷ്ട്രീയ നേതാക്കളോ അല്ല, ഏതാനും ഹിന്ദു സന്യാസിമാർ മാത്രമാണ്. ആറു പതിറ്റാണ്ട് കാലം ഈ രാജ്യത്തെ നയിച്ച, ഇപ്പോഴത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും ചെറുതും വലുതുമായ മുഴുവൻ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികളുടെ സാന്നിധ്യത്തിൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കർ, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര സെക്രട്ടേറിയറ്റിന്റെ ചീഫ് സെക്രട്ടറി, പാർലമെന്റ് സെക്രട്ടറി ജനറൽ എന്നിവരുടെ നേതൃത്വത്തിൽ
വേണ്ടിയിരുന്നു ഈ ഉദ്ഘാടനം. കാരണം ഇവരെല്ലാം ചേർന്നതാണ് നമ്മുടെ ജനാധിപത്യം.
ഹിന്ദു സന്യാസമാർ മാത്രമല്ല, രാജ്യത്തെ മുഴുവൻ മതങ്ങളുടെയും തെരഞ്ഞെടുക്കപ്പെട്ട ആചാര്യന്മാരെ പ്രത്യേക ക്ഷണിതാക്കളായി സന്ദർശക ഗ്യാലറിയിൽ ആദരിച്ചിരുത്തുകയും ചെയ്യാമായിരുന്നു. പക്ഷേ, ഉൾക്കൊള്ളലിന്റെ രാഷ്ട്രീയമല്ല, തിരസ്‌കരണത്തിന്റെ ജനാധിപത്യമാണ് കഴിഞ്ഞ ദിവസം ഇന്ദ്രപ്രസ്ഥത്തിൽ അരങ്ങേറിയത്. അത് ലോകത്തിനു മുന്നിൽ ഇന്ത്യയെ സംശയത്തിന്റെ നിഴലിൽ നിർത്തുകയാണിപ്പോൾ.
ഈ സന്നിഗ്ധ ഘട്ടത്തിൽ ജനാധിപത്യത്തെക്കുറിച്ച് മഹാത്മജി പറഞ്ഞ ചില വാക്കുകളാണ് എനിക്ക് പെട്ടെന്ന് ഓർമ വരുന്നത്. ‘യഥാർത്ഥ ജനാധിപത്യം നിലനിൽക്കുന്നത് തങ്ങൾ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഏതാനും ചിലരിലല്ല, അവർ ആരെയാണോ പ്രതിനിധീകരിക്കുന്നത് അവരുടെ ആത്മാവിനെയും പ്രതീക്ഷയെയും അഭിലാഷങ്ങളെയും സംരക്ഷിച്ചു പരിപാലിക്കുമ്പോഴാണ്. ബലപ്രയോഗത്തിലൂടെ ജനാധിപത്യം അടിച്ചേല്പിക്കാൻ കഴിയില്ലെന്നു ഞാൻ വിശ്വസിക്കുന്നു. ജനാധിപത്യത്തിന്റെ ആത്മാവ് ബാഹ്യശക്തികളിൽ നിന്നല്ല അത് നമ്മുടെ ഉള്ളിൽ നിന്ന് വരേണ്ടതാണ്. ആരെയും തിരസ്‌കരിക്കുന്നതല്ല, എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് യഥാർഥ ജനാധിപത്യം.’
Featured
കെ.ഇ. ഇസ്മയിലിനെതിരെ നടപടിയെടുത്ത് സി.പി.ഐ; ആറുമാസത്തേക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിലിനെതിരെ നടപടിയെടുത്ത് സി.പി.ഐ. പി. രാജുവിന്റെ മരണത്തിന് പിന്നാലെ കെ.ഇ. ഇസ്മയില്‍ നടത്തിയ പരസ്യ പ്രതികരണങ്ങള്‍ക്കാണ് പാർട്ടി നടപടി. ആറുമാസത്തേക്കാണ് സസ്‌പെൻഷൻ. സി.പി.ഐ ജില്ലാ കൗണ്‍സില്‍ ചേർന്നാണ് നടപടി സ്വീകരിച്ചത്.
പി. രാജുവിന് പാർട്ടി നടപടിയില്‍ വിഷമമുണ്ടായിരുന്നുവെന്നായിരുന്നു മാധ്യമങ്ങളോട് ഇസ്മയില്‍ നടത്തിയ പ്രതികരണം. തുടർന്ന് സി.പി.ഐ ഇസ്മയിലിനോട് വിശദീകരണം തേടുകയുണ്ടായി.കെ.ഇ. ഇസ്മയിലിനെതിരെ സി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റി പരാതിയും നല്‍കുകയുണ്ടായി.മുൻ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ഇസ്മയില്‍ ഇപ്പോള്‍ പാലക്കാട് ജില്ലാ കൗണ്‍സിലിലെ ക്ഷണിതാവാണ്.
സാമ്ബത്തിക തിരിമറി നടത്തി എന്ന ആരോപണത്തിന് പിന്നാലെയാണ് പി. രാജുവിനെതിരെ പാർട്ടി നടപടിയെടുത്തത്. എന്നാല്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടും പാർട്ടി നടപടി പിൻവലിച്ചില്ല. ഇക്കാര്യം പാർട്ടി പുനഃപരിശോധിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും കെ.ഇ. ഇസ്മയില്‍ പ്രതികരണത്തില്‍ വ്യക്തമാക്കിയിരുന്നു.
പി.രാജുവിനെ ചിലർ വേട്ടയായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പി.രാജുവിന്റെ സംസ്‌കാരചടങ്ങില്‍ പോലും ആരും പങ്കെടുത്തില്ലെന്നും അദ്ദേഹം പ്രതികരിക്കുകയുണ്ടായി. ഫെബ്രുവരി 27നാണ് പി. രാജു അന്തരിച്ചത്. അർബുദം ബാധിച്ച് ദീർഘനാളായി ചികിത്സയിലായിരുന്നു.
Featured
എസ്ബിഐ ജീവനക്കാരിയെ ബാങ്കിൽ കയറി ഭർത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

കണ്ണൂർ: എസ്ബിഐ ജീവനക്കാരിയെ ഭർത്താവ് ബാങ്കിൽ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. തളിപ്പറമ്പ് പൂവം എസ്ബിഐ ശാഖയിലെ ജീവനക്കാരി അനുപമക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഭർത്താവ് അനുരൂപ് അറസ്റ്റിലായി. ബാങ്കില്‍ കയറിയാണ് പ്രതി ഭാര്യയെ വെട്ടിയത്.
ഇന്ന് ഉച്ചയ്ക്ക് 3.30ഓടെയാണ് സംഭവം. ബാങ്കില്‍ എത്തിയ അനുരൂപ് ഭാര്യയെ പുറത്തേക്ക് വിളിക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ പ്രകോപിതനായ ഇയാള്‍ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. വെട്ടേറ്റ് ബാങ്കിനകത്ത് ഓടിക്കയറിയ അനുപമ പാൻട്രിയില്‍ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെയെത്തി വീണ്ടും വെട്ടുകയായിരുന്നു. കുടുംബ പ്രശ്നമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സ്വകാര്യ കാർ വില്‍പ്പനശാലയിലെ ജീവനക്കാരനാണ് അനുരൂപ്.
chennai
തമിഴ്നാട്ടിലെ പ്രശസ്ത പാമ്പ് പിടുത്തക്കാരൻ സന്തോഷ് കുമാർ മൂർഖന്റെ കടിയേറ്റ് മരിച്ചു

കോയമ്പത്തൂർ: തമിഴ്നാട്ടിലെ പ്രശസ്ത പാമ്പ് പിടുത്തക്കാരൻ സന്തോഷ് കുമാർ (39) പാമ്പ് കടിയേറ്റ് മരിച്ചു. കോയമ്പത്തൂർ സ്വദേശി ആണ് സന്തോഷാണ് പാമ്പുകടിയേറ്റ് മരിച്ചത്. വടവള്ളിയിലെ വീട്ടില്‍ കയറിയ മൂർഖനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. കോയമ്പത്തൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പതിനഞ്ചാം വയസ്സ് മുതല്‍ പാമ്പുപിടുത്തവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
-
News3 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
You must be logged in to post a comment Login