മുഖ്യമന്ത്രി ചതിയന്‍ഃ സുധാകരന്‍

തിരുവനന്തപുരംഃ കാലാവധി കഴിഞ്ഞ പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന സര്‍ക്കാര്‍ നിലപാട് ഉദ്യോഗാര്‍ഥികളോടുള്ള വഞ്ചനയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍. മാസങ്ങളോളം സെക്രട്ടേറിയറ്റ് നടയില്‍ സത്യഗ്രഹമിരുന്ന ഉദ്യോഗാര്‍ഥികളുമായി ഡിവൈഎഫ്ഐ നേതാക്കളെക്കൊണ്ടു ചര്‍ച്ച നടത്തി സമരം അവസാനിപ്പിച്ച മുഖ്യമന്ത്രി ഈ സംസ്ഥാനത്തെ മുഴുവന്‍ ഉദ്യോഗാര്‍ഥികളെയും വ‍ഞ്ചിച്ചു. പല ലിസ്റ്റുകളില്‍ നിന്നും ഒരാളെപ്പോലും നിയമിച്ചിട്ടില്ല. കൊടും ചതിയാണ് പിണറായി വിജയന്‍ യുവാക്കളോടു ചെയ്തത്. ചതിയനാണ് അദ്ദേഹം- സുധാകരന്‍ കുറ്റപ്പെടുത്തി.

463 റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് റദ്ദായത്. എന്നാല്‍ സര്‍ക്കാര്‍ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലുമായി നാലു ലക്ഷത്തോളം താല്‍ക്കാലിക ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഇവരെല്ലം പിന്‍വാതില്‍ വഴി നിയമനം നേടിയ സ്വന്തക്കാരാണ്. ഇപ്പോള്‍ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്കു നിയമനം ഉറപ്പാക്കുന്ന തരത്തില്‍ താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കി നിര്‍ത്തിയാല്‍ പരിഹരിക്കാവുന്നതേയുള്ളൂ, ഇപ്പോഴത്തെ പ്രശ്നം. എന്നാല്‍ അതു ചെയ്യാതെ, സ്വന്തക്കാരെ പിന്‍വാതില്‍ നിയമനം വഴി സംരക്ഷിക്കുകയാണു സര്‍ക്കാര്‍ ചെയ്യുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

ചട്ടപ്രകാരം പ്രവര്‍ത്തിക്കുന്ന പിഎസ്‌സിക്ക് നിയമം വിട്ട് ഒന്നും ചെയ്യാനാവില്ലെന്ന പിഎസ്‌സി ചെയര്മാന്‍റെ പ്രസ്താവനയെ സുധാകരന്‍ പരിഹസിച്ചു. ഒഴിവുള്ള തസ്‌തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നത് ഏതു ചട്ടപ്രകാരമാണെന്ന് അദ്ദേഹം ചോദിച്ചു. ചട്ടങ്ങളുണ്ടാക്കിയത് നിയമസഭയാണ്. ഉദ്യോഗാര്‍ഥികളുടെ സംരക്ഷണത്തിന് ആവശ്യമായ തരത്തില്‍ ചട്ടങ്ങള്‍ ഉണ്ടാക്കേണ്ടതും നിയമസഭയാണ്. സര്‍ക്കാര്‍ എന്തിനാണു അതിനു മടിക്കുന്നതെന്നെന്ന് അദ്ദേഹം ചോദിച്ചു.

കാലാവധി കഴിഞ്ഞ റാങ്ക്ലിസ്റ്റില്‍ നിന്ന് പരമാവധി ആളുകള്‍ക്ക് ജോലി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അതുവരെ താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Related posts

Leave a Comment