ഫോൺവിളി വിവാദം: മന്ത്രി ശശീന്ദ്രന് താക്കീത് ; ആറ് എൻസിപി നേതാക്കൾക്ക് സസ്പെൻഷൻ

തിരുവനന്തപുരം: സ്ത്രീ പീഡന പരാതി നല്ല നിലയിൽ ഒത്തുതീർപ്പാക്കാനായി വനം മന്ത്രി എ.കെ ശശീന്ദ്രൻ പരാതിക്കാരിയുടെ അച്ഛനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ആറ് നേതാക്കൾക്കെതിരെ നടപടിയെടുത്ത് എൻസിപി. പരാതിക്കാരിയുടെ അച്ഛനും നടപടി നേരിട്ടവരിലുണ്ട്. പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്ന വിലയിരുത്തലിനെ തുടർന്ന് നേതാക്കളെ സസ്പെൻഡ് ചെയ്തെങ്കിലും ഭീഷണി മുഴക്കിയ മന്ത്രിയ്ക്കെതിരെ നടപടിയെടുത്തില്ല. എ.കെ ശശീന്ദ്രനെതിരെയുള്ള നടപടി വെറും താക്കീതിലൊതുക്കി. കുണ്ടറ ബ്ലോക്ക് പ്രസിഡൻ്റ് ബെനഡിക്ട്, സംസ്ഥാന സമിതി അംഗം പ്രദീപ് കുമാർ, മഹിളാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് ഹണി വിക്ടോ, സംസ്ഥാന സമിതി അംഗങ്ങളായ ജയൻ പുത്തൻപുരയ്ക്കൽ, സലീം കാലിക്കറ്റ് എന്നിവരെയും എൻവൈസി കൊല്ലം പ്രസിഡൻ്റ് ബിജുവിനെയുമാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
ഫോൺ സംഭാഷണങ്ങളിലും ഇടപെടലുകളിലും ജാഗ്രത വേണമെന്നാണ് മന്ത്രി ശശീന്ദ്രന് എൻസിപി നൽകിയി നിർദ്ദേശം. പ്രവർത്തകർ ഇനി ശുപാർശകളും നിവേദനങ്ങളുമായി മന്ത്രിയെ നേരിട്ട് ബന്ധപ്പെടരുതെന്നും നിർദ്ദേശമുണ്ട്. സംസ്ഥാന സമിതിയിലൂടെ മാത്രമേ അത്തരം കാര്യങ്ങൾക്ക് സമീപിക്കാവൂ എന്നാണ് പാർട്ടി തീരുമാനം.
 മന്ത്രി എ കെ ശശീന്ദ്രനുമായുള്ള ഫോൺ സംഭാഷണം റെക്കോ‍ർഡ് ചെയ്ത് പ്രചരിപ്പിച്ചതിനാണ് നേതാക്കൾക്കെതിരെ നടപടി. പ്രദീപ് കുമാർ മന്ത്രിയെ കൊണ്ട് ഫോൺ ചെയ്യിപ്പിച്ചുവെന്നും ഹണി വിക്ടോ ഇത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നുമാണ് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ വിശദീകരിച്ചത്. പല ക്രിമിനൽ കേസുകളിലും ബെനഡിക്ട് പ്രതിയാണെന്നും അച്ചടക്കത്തിന്റെ കൂടി ഭാഗമായാണ് നടപടിയെന്നും പി സി ചാക്കോ പ്രതികരിച്ചു.

Related posts

Leave a Comment