ആശുപത്രികൾ സ്തംഭിച്ചു ; രോഗികൾ നെട്ടോട്ടത്തിൽ ; നാളെ മുതൽ അത്യാഹിത വിഭാഗത്തിലും ചികിൽസയില്ല

പ്രത്യേക ലേഖകൻ

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെയും മുഖ്യമന്ത്രിയുടെയും ഭീഷണിക്ക് വഴങ്ങില്ലെന്ന് പ്രഖ്യാപിച്ച് പിജി ഡോക്ടർമാരും ഗവ. മെഡിക്കൽ കോളേജിലെ ഡോക്ടർമാരും സമരം ശക്തമാക്കിയതോടെ സംസ്ഥാനത്തെ ആശുപത്രികളിൽ ചികൽസാ വിഭാഗങ്ങൾ സ്തംഭിച്ചു. ഡോക്ടർമാരുടെ അഭാവത്തിൽ എല്ലാ മെഡിക്കൽ കോളേജുകളിലും ഇന്ന് നാമമാത്രമായ ചികിൽസാ സൗകര്യം മാത്രമാണ് രോഗികൾക്ക് ലഭിച്ചത്. അതേസമയം, ചർച്ചയ്ക്ക് തയാറായിട്ടും ആരോഗ്യമന്ത്രി ധാർഷ്ട്യം തുടരുന്ന പശ്ചാത്തലത്തിൽ ഇന്നുമുതൽ അത്യാഹിത വിഭാഗങ്ങളിലെ ചികിൽസയും ബഹിഷ്കരിക്കുമെന്ന് പി.ജി ഡോക്ടർമാർ അറിയിച്ചു. രോഗികളുടെ ദുരിതം അവസാനിപ്പിക്കാനായി ഏത് നിമിഷവും ചർച്ചയ്ക്ക് തയാറാണെന്ന് വ്യക്തമാക്കിയിട്ടും ആരോഗ്യമന്ത്രി ധാർഷ്ട്യം തുടരുകയാണെന്ന് പിജി ഡോക്ടർമാർ പ്രതികരിച്ചു.
നാല് മാസം മുമ്പ് ടോക്കൺ സമരം നടത്തിയപ്പോൾ ആരോഗ്യമന്ത്രി വീണാ ജോർജ് നൽകിയ പല വാഗ്ദാനങ്ങളും ഇനിയും നടപ്പാക്കിയിട്ടില്ല. കഴിഞ്ഞദിവസം നടത്തിയ അനുനയ ചർച്ചയിലടക്കം ജൂനിയർ ഡോക്ടർമാരുടെ കുറവ് നികത്തുന്നത് ഉൾപ്പടെ മറ്റ് ആവശ്യങ്ങൾ എല്ലാം പരിഗണിക്കാമെന്ന് വാക്കാൽ ഉറപ്പ് മാത്രമാണ് ആരോഗ്യമന്ത്രിയിൽ നിന്ന് ലഭിച്ചത്. വാക്കാൽ ലഭിച്ച ഉറപ്പിൻ മേൽ മാത്രം സമരം പിൻവലിക്കേണ്ടെന്നാണ് പിജി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. രേഖാമൂലം ഉറപ്പ് നൽകാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്നും അവർ വ്യക്തമാക്കുന്നു.
പിജി ഡോക്ടർമാരുടെ കുറവ് നികത്താൻ നോൺ – അക്കാദമിക് ജൂനിയർ റെസിഡന്‍റ് ഡോക്ടർമാരെ രണ്ടു ദിവസത്തിനുള്ളിൽ നിയമിക്കുമെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കിയത്. എന്നാൽ ഇങ്ങനെ നേരത്തേയും വാക്കാൽ ഉറപ്പ് നൽകിയ കാര്യങ്ങൾ ഇനിയും പാലിക്കപ്പെട്ടിട്ടില്ലെന്ന് ഡോക്ടർമാർ പറയുന്നു.
നീറ്റ് പിജി പ്രവേശനം സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് അനിശ്ചിതമായി നീളുകയാണ്. ഇതോടെ, ഡോക്ടർമാരുടെ കുറവും അമിതജോലിഭാരവും പിജി ഡോക്ടർമാരെ കാര്യമായി ബാധിക്കുന്നുണ്ട്. ഇതിനെതിരെയാണ് ഒപി അടക്കം ബഹിഷ്കരിച്ച് പിജി ഡോക്ടർമാർ സമരത്തിലേക്ക് നീങ്ങിയത്.
അതേസമയം, ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സർക്കാർ ഡോക്ടർമാർ സെക്രട്ടേറിയറ്റ് പടിക്കൽ ആരംഭിച്ച അനിശ്ചിതകാല നിൽപ് സമരം രണ്ടാം ദിവസം പിന്നിട്ടു. മാനവ വിഭവ ശേഷി കുറവായ ആരോഗ്യ വകുപ്പിൽ കടുത്ത മാനസിക സമ്മർദത്തിലും ആവശ്യത്തിന് വിശ്രമം പോലുമില്ലാതെ അധിക ജോലി ചെയ്തുമാണ് സർക്കാർ ഡോക്ടർമാർ കോവിഡിനോടൊപ്പം കോവിഡേതര ചികിത്സയും മറ്റു പ്രതിരോധ പ്രവർത്തനങ്ങളും പൊതുജനാരോഗ്യ സംവിധാനങ്ങളുടെ ഭരണ നിർവ്വഹണവും നടത്തുന്നത്. തളരാത്ത ഈ പോരാട്ടത്തിനിടയിലും ഡോക്ടർമാർക്ക് ശമ്പള പരിഷ്കരണം വന്നപ്പോൾ അവരുടെ ശമ്പളത്തിൽ ആനുപാതിക വർദ്ധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന പല അലവൻസുകളും, ആനുകൂല്യങ്ങളും നിഷേധിക്കുന്ന രീതിയാണ് ഉണ്ടായിരിക്കുന്നതെന്ന് കെജിഎംഒഎ കുറ്റപ്പെടുത്തി.
ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ കഴിഞ്ഞ പത്ത് മാസത്തിനിടെ പല തവണ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും അനുകൂല തീരുമാനം ഇനിയും ഉണ്ടായിട്ടില്ല. ഈ കടുത്ത അവഗണനയ്ക്കും നീതി നിഷേധത്തിനും എതിരെയാണ് കഴിഞ്ഞ ദിവസം സർക്കാർ ഡോക്ടർമാര്‍ സെക്രട്ടറിയേറ്റ് പടിക്കൽ നിൽപ്പ് സമരം ആരംഭിച്ചത്. ധനമന്ത്രി ബാലഗോപാൽ സംഘടനാ പ്രതിനിധികളുമായി ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയെങ്കിലും ഡോക്ടർമാരുടെ ആവശ്യങ്ങളിൽ വ്യക്തമായ ഉറപ്പുനൽകാൻ മന്ത്രിമാർ തയാറായില്ല.
നില്‍പ്പ് സമരത്തിന്റെ രണ്ടാം ദിവസമായ ഇന്നലത്തെ പ്രതിഷേധം കെ ജി എം ഒ എ കൊല്ലം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നടന്നത്. രണ്ടാംദിവസത്തെ പ്രതിഷേധം കെ ജി എം ഒ എ മുന്‍ സംസ്ഥാന പ്രസിഡൻറ് ഡോ: ഒ വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. ഇന്ന് കെ ജി എം ഒ എ പത്തനംതിട്ട ജില്ലയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തുന്നത്. ഡോക്ടർമാരുടെ ഏറ്റവും ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാവണം എന്നും അല്ലാത്ത പക്ഷം കൂടുതൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുവാൻ ഡോക്ടര്‍മാര്‍ നിർബന്ധിതരാകുമെന്നും സംസ്ഥാന പ്രസിഡൻറ് ഡോ: ജി എസ് വിജയകൃഷ്ണൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ടി എൻ സുരേഷ് എന്നിവര്‍ മുന്നറിയിപ്പ് നൽകി.

Related posts

Leave a Comment