കേരളത്തിലും മോദി ഭരണം ; ഇന്ധന നികുതി കുറയ്ക്കില്ലെന്ന് സർക്കാർ ;നികുതിയിനത്തിൽ അഞ്ചുകൊല്ലത്തിൽ നേടിയത് 5000 കോടി ; കേരളം അധിക നികുതി കുറച്ചേതീരൂ വെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: പെട്രോൾ, ഡീസൽ വിലയിൽ സംസ്ഥാനത്തെ ജനങ്ങളുടെ വികാരം നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഫലിപ്പിച്ച് പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. രാവിലെ എംഎൽഎ ഹോസ്റ്റലിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തിൽ സൈക്കിൾ ചവിട്ടി നിയമസഭയിലെത്തിയ യുഡിഎഫ് അംഗങ്ങൾ, അടിയന്തര പ്രമേയ നോട്ടീസ് അവതരണ വേളയിൽ കേരളത്തിലെ മുണ്ടുടുത്ത മോദിയുടെ ഭരണത്തിനെതിരെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. നികുതിക്കൊള്ള കുറയ്ക്കണമെന്ന മുദ്രാവാക്യമുയർത്തി ഏറെ നേരം നടപടികൾ സ്തംഭിപ്പിച്ച പ്രതിപക്ഷം ഒടുവിൽ സഭ ബഹിഷ്ക്കരിച്ച് പുറത്തിറങ്ങി സഭാ കവാടത്തിൽ കുത്തിയിരുന്നു. പിന്നീട് പ്രതിപക്ഷ സമരം സഭയ്ക്ക് പുറത്ത് തെരുവിലേക്ക് പടരുന്നതായിരുന്നു കാഴ്ച. സഭാ മന്ദിരത്തിനുള്ളിൽ നിന്ന് സൈക്കിളിൽ പുറത്തേക്ക് വന്ന പ്രതിപക്ഷ നേതാവും സംഘവും ഇന്ധന കൊള്ളയ്ക്കെതിരെ യുഡിഎഫിന്റെ പ്രക്ഷോഭജ്വാലയ്ക്ക് തിരികൊളുത്തി. പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്നലെ ശക്തമായ പ്രതിഷേധത്തിനാണ് സഭ സാക്ഷ്യംവഹിച്ചത്.
ശൂന്യവേളയിൽ കെ. ബാബു അടിയന്തര പ്രമേയനോട്ടീസ് അവതരിപ്പിച്ചെങ്കിലും വിഷയം ചർച്ച ചെയ്യേണ്ടതില്ലെന്ന നിലപാടാണ് ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ ഭാഗത്തുനിന്നുണ്ടായത്. ‘സംസ്ഥാനം നികുതി കുറക്കുമോ’ എന്ന ഒരേയൊരു ചോദ്യത്തിനാണ് ഉത്തരം തേടുന്നതെന്നും വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നതായും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ധനമന്ത്രി മറുപടി നൽകിയില്ല. അതേസമയം, കേന്ദ്രസർക്കാർ ഇനിയും പെട്രോൾ വില കുറച്ചാൽ സംസ്ഥാനത്തിന് നഷ്ടപ്പെടാൻ പോകുന്ന നികുതിയെക്കുറിച്ച് ധനമന്ത്രി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. പെട്രോളിനും മദ്യത്തിനും ലഭിക്കുന്ന നികുതിയിൽ കൂടി കൈകടത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അതിനാൽ, യുഡിഎഫ് എംപിമാർ സൈക്കിളിൽ പോകേണ്ടത് പാർലമെന്റിലേക്കാണെന്നും ധനമന്ത്രി പറഞ്ഞു.
യുഡിഎഫിന്റെ പത്തൊമ്പത് എംപിമാർ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് മൂന്നിന് സൈക്കിളിൽ പാർലമെന്റിലേക്ക് എത്തിയപ്പോൾ അതിൽ പങ്കെടുക്കാതിരുന്ന ഏക എംപി സിപിഎമ്മിന്റെ എ.എം ആരിഫ് മാത്രമായിരുന്നുവെന്ന് നോട്ടീസ് അവതരിപ്പിച്ച കെ. ബാബു തിരിച്ചടിച്ചു. ഇന്ധനവില ക്രമാതീതമായി വർധിച്ചതിനു പിന്നാലെ ബസ് നിരക്കുകൂടി വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ജനങ്ങളെ ഉലക്ക കൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം മുറംകൊണ്ട് വീശി ആശ്വസിപ്പിക്കുന്നതുപോലെയാണ് കേന്ദ്രസർക്കാർ നികുതി കുറച്ചത്. എന്നാൽ, ഒരു നയാപൈസ പോലും കുറയ്ക്കാതെ കേരളം മോദിയുടെ നികുതി ഭീകരത തുടരുകയാണ്- ബാബു പറഞ്ഞു. എന്തുവന്നാലും ഞങ്ങൾ നികുതി കുറയ്ക്കില്ലെന്ന മുട്ടാപ്പോക്ക് നിലപാടാണ് കേരള സർക്കാരിന്റേത്. പെട്രോളിനെ ജിഎസ്ടിയിൽ ഉൾപ്പെടുത്തേണ്ടെന്ന് കെ.എൻ ബാലഗോപാൽ വാദിച്ചത് വിഹിതം കുറയുമെന്ന് പേടിച്ചിട്ടായിരുന്നു. എവിടെയോ കിടക്കുന്ന ക്രൂഡോയിലിന് നോക്കുകൂലി ഈടാക്കുകയാണ് പിണറായി സർക്കാർ. മറ്റെല്ലാ സംസ്ഥാനങ്ങളും നികുതി കുറച്ചിട്ടും അത് ചെയ്യാതെ വണ്ടിയിടിച്ച് മരിച്ചു കിടക്കുന്നയാളുടെ കയ്യിലെ മോതിരം അടിച്ചുമാറ്റുന്ന കള്ളന്റെ പണിയാണ് കേരള സർക്കാർ കാട്ടുന്നത്. ഉപതെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ കേന്ദ്രം പേരിനെങ്കിലും കുറവു വരുത്തി. ഇനി ജനങ്ങളുടെ പ്രഹരം കിട്ടിയാലേ നികുതി കുറയ്ക്കൂ എന്ന നിലപാടാണോ സംസ്ഥാന സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പറയണം. കേന്ദ്രത്തിലെ ചേട്ടൻബാവയും കേരളത്തിലെ അനിയൻ ബാവയും ചേർന്ന് നികുതി ഭീകരതയെന്ന പുതിയ പ്രയോഗം തന്നെ ജനങ്ങളെ പഠിപ്പിച്ചെന്നും കെ. ബാബു ചൂണ്ടിക്കാട്ടി.
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞപ്പോൾ ഇന്ധന വില കൂട്ടിയത് കേന്ദ്ര സർക്കാരാണെന്നായിരുന്നു ഇതിന് മന്ത്രിയുടെ മറുപടി. കൂട്ടിയവർ തന്നെ കുറയ്ക്കട്ടെ, ഏതായാലും കേരളത്തിന് ലഭിക്കുന്ന വരുമാനം വേണ്ടെന്ന് വെയ്ക്കാനാവില്ലെന്നും കെ.എൻ ബാലഗോപാൽ വ്യക്തമാക്കി. മന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു.
തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ധന നികുതി കുറക്കില്ലെന്ന് പിടിവാശി തുടരുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ ജനകീയ സമരം സഭയിൽ പ്രഖ്യാപിച്ചു. കേന്ദ്രം നാമമാത്രമായാണ് നികുതി കുറച്ചത്. സംസ്ഥാനങ്ങൾ അതിന് ആനുപാതികമായി നികുതി കുറക്കാൻ തയ്യാറായി. എന്നാൽ ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന കേരളം, അധിക നികുതി കുറക്കാൻ തയ്യാറാകുന്നില്ല. ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. അധിക വരുമാനമാണ് സംസ്ഥാന സർക്കാർ ഇതിലൂടെ നേടുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇതിനിടെയാണ് പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യങ്ങൾ മുഴക്കി നടുത്തളത്തിലേക്ക് ഇറങ്ങിയത്. ഏറെ നേരം സഭ സംഘർഷ ഭരിതമായി.

ഇന്ധന നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേന്ദ്ര സർക്കാർ നാമമാത്രമായാണ് നികുതി കുറച്ചതെങ്കിലും അതിന് ആനുപാതികമായി മറ്റ് സംസ്ഥാനങ്ങൾ ചെയ്തതു പോലെ കേരളവും നികുതി കുറക്കാൻ തയാറാകണം. അഞ്ചു വർഷത്തിനിടെ ഇന്ധന വിൽപനയിലൂടെ 5000 കോടി രൂപയുടെ അധിക വരുമാനം ലഭിച്ച കേരളം, നികുതി കുറച്ച് ജനങ്ങളെ സഹായിക്കണം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതി ഭീകരതയാണ് നടപ്പാക്കുന്നത്. നികുതി ഭീകരതയ്ക്ക് എതിരെയാണ് പ്രതിപക്ഷത്തിന്റെ സമരം. കേന്ദ്രം കൂട്ടുമ്പോൾ സംസ്ഥാന സർക്കാർ സന്തോഷിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇന്ധന നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നാവശ്യപ്പെട്ട് കെ. ബാബു നൽകിയ അടിയന്തിര പ്രമേയ നോട്ടീസിൽ ഇടപെട്ട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
കേന്ദ്ര കുറച്ചപ്പോൾ ഇവിടെയും കുറഞ്ഞില്ലേയെന്നാണ് ധനമന്ത്രി ചോദിക്കുന്നത്. ഈ വാദം നിരത്തി പാർട്ടിക്കാരെ പറ്റിക്കാം. ഞങ്ങളെ പറ്റിക്കാൻ പറ്റില്ല. കേന്ദ്രം കുറച്ചാൽ കുറയ്ക്കാമെന്ന നിലപാടിലായിരുന്നു മുൻ ധനമന്ത്രി തോമസ് ഐസക്ക്. എന്നാൽ ഇപ്പോഴത്തെ ധനമന്ത്രി പഞ്ചാബിലേക്കും രാജസ്ഥാനിലേക്കും നേക്കിയിരിക്കുകയാണ്. ഈ രണ്ടു സംസ്ഥാനങ്ങളും നികുതി കുറച്ചതോടെ മന്ത്രിയുടെ നോട്ടം മുകളിലേക്കായി. മുകളിലേക്ക് നോക്കി ഇരിക്കുകയല്ല, നികുതി കുറയ്ക്കുകയാണ് വേണ്ടത് -സതീശൻ പറഞ്ഞു.
യു.പി.എ സർക്കാർ വില നിർണയാധികാരം എണ്ണ കമ്പനികൾക്ക് വിട്ടുകൊടുത്തതാണ് ഇന്ധന വിലക്കയറ്റത്തിന് കാരണമെന്നു പറയുന്ന സി.പി.എമ്മും സർക്കാരും ബി.ജെ.പിയെ സഹായിക്കുകയാണ്. അന്താരാഷ്ട്ര വിപണയിൽ ക്രൂഡ് ഓയിൽ വിലയ്ക്ക് ആനുപാതികമായി പെട്രോൾ ഡീസൽ വില നിശ്ചയിക്കാനുള്ള അധികാരമാണ് എണ്ണ കമ്പനികൾക്ക് നൽകിയത്. അതനുസരിച്ചായിരുന്നെങ്കിൽ ഇപ്പോൾ കിട്ടുന്നതിന്റെ പകുതി വിലയ്ക്ക് പെട്രോളും ഡീസലും ലഭിക്കുമായിരുന്നു. യു.പി.എയെയും കോൺഗ്രസിനെയും കുറ്റപ്പെടുത്തുന്ന വാദം മോദി സർക്കാരിനെ പരസ്യമായി സഹായിക്കുന്നതാണ്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നാലു തവണ നികുതി കുറച്ചിട്ടുണ്ട്. യു.ഡി.എഫ് ഭരണകാലത്ത് 493 കോടി രൂപ ലഭിച്ചപ്പോൾ അഞ്ച് വർഷം കൊണ്ട് എൽ.ഡി.എഫ് അയ്യായിരം കോടി രൂപയിലധികമാണ് അധിക വരുമാനമുണ്ടാക്കിയത്. 500 കോടിയുടെ സ്ഥാനത്ത് അയ്യായിരം കോടി അധികമായി ലഭിച്ചിട്ടും നികുതി കുറയ്ക്കില്ലെന്നു പറയുന്നത് അംഗീകരിക്കാനാകില്ല. അധിക വരുമാനം പൂർണമായും ഉപേക്ഷിക്കണമെന്നല്ല പ്രതിപക്ഷം പറയുന്നത്. മത്സ്യത്തൊഴിലാളികൾ, ഓട്ടോ- ടാക്‌സി തൊഴിലാളികൾ ഉൾപ്പെടെയുള്ള ദുർബല വിഭാഗങ്ങൾക്ക് ഇന്ധന സബ്‌സിഡി നൽകണം. മഹാമാരിക്കാലത്ത് ജനങ്ങൾ കഷ്ടപ്പെടുമ്പോൾ അവരെ സഹായിക്കണം. നികുതി കുറക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ പിടിവാശി അവസാനിപ്പിക്കണം. അതല്ലെങ്കിൽ ജനകീയ സമരവുമായി യുഡിഎഫ് മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

Related posts

Leave a Comment