അനിയന്ത്രിത ഇന്ധന വിലവർധനവിൽ വേറിട്ട പ്രതിഷേധവുമായി എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71 വയസിന്റെ ആഘോഷം 71 ലിറ്റർ ഇന്ധനം സൗജന്യമായി വിതരണം ചെയ്ത് കൊണ്ട് പ്രതിഷേധിച്ചു

കൊച്ചി: അനിയന്ത്രിതമായ ഇന്ധനവില വർധനവിൽ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസൂചകമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 71 വയസ്സിൻ്റെ ആഘോഷം 71 ലിറ്റർ ഇന്ധനം സൗജന്യമായി വിതരണം ചെയ്ത് കൊണ്ട് പ്രതിഷേധിച്ചു. ഹൈബി ഈഡൻ എം. പി പരിപാടി ഉത്ഘാടനം ചെയ്തു. പെട്രോളിയം ഉത്പന്നങ്ങളിൽ രാജ്യത്ത് നടക്കുന്നത് നികുതി ഭീകരതയാണെന്നും, നരേന്ദ്ര മോദി – പിണറായി കൂട്ടുകെട്ടാണ് കേരളത്തിൽ ഈ ഭീകരതയ്ക്ക് നേതൃത്വം നൽകുന്നതെന്നും ഹൈബി ഈഡൻ എം. പി പറഞ്ഞു. കേരളത്തിൽ പെട്രോളിന് പുറമെ ഡീസലിനും സെഞ്ച്വറി അടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പെട്രോളിയം ഉൽപ്പന്നങ്ങളെക്കാൾ കൂടുതൽ നികുതി ചുമത്തി സാധാരണക്കാരന്റെ ജീവിതം കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ് ഭരണകൂടങ്ങൾ. ജി എസ് ടിയിൽ പെട്രോളിയത്തെ ഉൾപ്പെടുത്താത്തതും കുറ്റകരമായ അനാസ്ഥയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദർബാർ ഹാൾ ഗ്രൗണ്ടിന് സമീപമുള്ള സിവിൽ സപ്ലൈസ് പമ്പിലാണ് ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് 71 ലിറ്റർ ഇന്ധനം സൗജന്യമായി വിതരണം ചെയ്തത്. സമരത്തിൽ ഡി സി സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്നു.നേതാക്കളായ കെ പി ധനപാലൻ ,ഡൊമിനിക്ക് പ്രസൻ്റേഷൻ ,അബ്ദുൾ മുത്തലിബ് ,വി പി സജീന്ദ്രൻ ,ടോണി ചമ്മിണി ,വി കെ മിനിമോൾ, സേവ്യർ തായങ്കേരി ,ജോസഫ് ആൻ്റണി ,അബ്ദുൾ ലത്തീഫ് ,പി കെ അബ്ദുൾ റഹിമാൻ ,പോളച്ചൻ മണിയൻകോട്, പി വി സജീവൻ ,വി കെ ശശികുമാർ ,ഹെൻറിഓസ്റ്റിൻ ,ജോഷി പള്ളൻ ,ടിറ്റോ ആൻ്റണി, മനു ജേക്കബ്ബ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നല്കി.

Related posts

Leave a Comment