കണ്ണൂർ വി.സിയുടെ പുനർനിയമനത്തിനെതിരെ ഹർജി

തിരുവനന്തപുരം: ഡോക്ടർ ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറായി പുനർനിയമനം നൽകിയതിനെതിരെ സർവകലാശാല സെനറ്റ് അംഗം ഡോ: പ്രേമചന്ദ്രൻ കീഴോത്തും അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി ജോസും മുതിർന്ന അഭിഭാഷകൻ ജോർജ്ജ് പൂന്തോട്ടം മുഖേന ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു.

സർവകലാശാല നിയമപ്രകാരം വൈസ് ചാൻസലർക്ക് നിയമന സമയത്ത് 60 വയസ്സ് പൂർത്തിയാകാൻ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ച് സർക്കാരിൻറെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ചാൻസലർ കൂടിയായ ഗവർണർ 61 വയസ്സുകാരനായ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതെന്നും യുജിസി റെഗുലേഷൻ പ്രകാരം രൂപീകരിച്ച വിസി നിർണയ സമിതി പിരിച്ചുവിട്ടത് അധികാര ദുർവിനിയോഗമാണെന്നും, ഇക്കാരണങ്ങളാൽ ഗോപിനാഥ്‌ രവീന്ദ്രന് വി.സിയായി തുടരാൻ യോഗ്യതയില്ലെന്നും ഹർജിയിൽ പറയുന്നു. ചാൻസിലർ,വൈസ് ചാൻസിലർ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, രജിസ്ട്രാർ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി ഫയൽ ചെയ്തിട്ടുള്ളത്.

Related posts

Leave a Comment