ശ്രീരാമകൃഷ്ണനുമായി വ്യക്തിബന്ധം, വർക്ക് ഷോപ്പിലേക്കു ക്ഷണിച്ചത് നേരിട്ട്ഃ സന്ദീപ് നായർ

തിരുവനന്തപുരംഃ മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനെ വർക്ക് ഷോപ്പ് ഉദ്ഘാടനത്തിലേക്ക് താൻ നേരിട്ട് ക്ഷണിക്കുകയായിരുന്നുവെന്ന് സ്വർണക്കടത്ത് കേസിൽ ജാമ്യം അനുവദിക്കപ്പെട്ട പ്രതി സന്ദീപ് നായർ. വ്യക്തി ബന്ധം വച്ചാണ് ക്ഷണിച്ചതെന്നും മറ്റ് ബന്ധമൊന്നും അന്നത്തെ സ്പീക്കറുമായി ഇല്ലായിരുന്നുവെന്നും സന്ദീപ് അവകാശപ്പെടുന്നു. സ്വപ്നയും ശ്രീരാമകൃഷ്ണനുമായി ബന്ധമില്ലെന്നും സന്ദീപ് പറയുന്നു. സ്വപ്നക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്നും സ്വർണ്ണക്കടത്ത് കേസ് പ്രതി മാധ്യമങ്ങളോട് പറഞ്ഞു.
താൻ സ്വർണം കടത്തിയോ ഇല്ലയോ എന്ന കാര്യം ഇനി കോടതിയാണ് പറയേണ്ടതെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ. വ്യക്തിബന്ധത്തിന്റെ പേരിലാണ് മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ കടയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചതെന്നും സന്ദീപ് നായർ പറഞ്ഞു.
ഞാൻ നേരിട്ട് പോയി ക്ഷണിക്കുകയായിരുന്നു. ഉദ്ഘാടനത്തിന് സ്വപ്നയുണ്ടായിരുന്നു. സ്വർണം കടത്തി എന്ന ആരോപണമാണ് എന്റെ പേരിലുള്ളത്. അതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തു. കൊഫേപോസെ ചുമത്തി. ഒരു വർഷം കരുതൽ തടങ്കലിലാക്കി. ഇപ്പോൾ വിട്ടയച്ചു. ഇനി കോടതി ശിക്ഷ വിധിക്കുമ്പോഴാണ് ആരാണ് കുറ്റവാളിയെന്ന് മനസ്സിലാവുകയെന്നും സന്ദീപ് വ്യക്തമാക്കി.

‘ഞാൻ നിരപരാധിയോ അപരാധിയോ എന്നത് വരുംകാലങ്ങളിൽ മനസ്സിലാകും. ഫൈസൽ ഫരീദിനെ വാർത്തകളിലൂടെ മാത്രമേ അറിയുകയുള്ളൂ. സരിത്ത് എന്റെ സുഹൃത്താണ്. 2006 മുതൽ സരിത്തിനെ അറിയാം. സരിത്ത് മുഖേനയാണ് സ്വപ്ന സുരേഷുമായുള്ള പരിചയം. കോടതിയിൽ കേസുകളുള്ളതിനാൽ എല്ലാ കാര്യങ്ങളും തുറന്നുപറയാനാവില്ല.

യുഎഇ കോൺസുലേറ്റുമായുള്ള ബന്ധം അവരുടെ കരാറുകൾ എടുത്ത് ചെയ്യുന്ന ആളെന്ന നിലയ്ക്കാണ്. ഈദും മറ്റും പരിപാടികളൊക്കെ വരുന്ന ഘട്ടത്തിൽ പാവപ്പെട്ടവർക്ക് വിതരണം ചെയ്യുന്നതിനായി വസ്ത്രങ്ങളും മറ്റും വാങ്ങിച്ച് നൽകിയിരുന്നത് ഞാനായിരുന്നു. ചില ഘട്ടത്തിൽ ഇടനില നിൽക്കുക മാത്രമാണ് ചെയ്തിരുന്നത്’- സന്ദീപ് നായർ കൂട്ടിച്ചേർത്തു.

റമീസുമായി പരിചയം ഒരു സ്വർണക്കടത്ത് കേസിനെ തുടർന്നുണ്ടായതാണ്. ലൈഫ് മിഷൻ ഇടപാടിൽ കമ്മീഷൻ വാങ്ങിയിട്ടുണ്ട്. അത് തെറ്റാണോയെന്നും സന്ദീപ് ചോദിച്ചു.

ലൈഫ് മിഷൻ എന്നാണ് നിങ്ങൾ പറയുന്നതെങ്കിലും യുഎഇ റെഡ് ക്രസന്റ് യുഎഇ കോൺസുലേറ്റ് വഴിയാണ് ഫ്ളാറ്റുകൾ പണിയുന്നത്. സർക്കാർ സ്ഥലം നൽകി എന്നേയുള്ളൂ. അവിടെ ഫ്ളാറ്റ് പണിയുന്നതിന്റെ പണം മുഴുവൻ മുടക്കുന്നത് കോൺസുലേറ്റാണ്. അപ്പോൾ അവർക്ക് തീരുമാനിക്കാം ആരെകൊണ്ട് പണിയിപ്പിക്കണമെന്ന്. അതിന്റെ കരാറെടുത്തതിലൂടെയാണ് കമ്മീഷൻ കിട്ടിയതെന്നും സന്ദീപ് പറഞ്ഞു.

Related posts

Leave a Comment