കേരളത്തിൽ സിറോ പ്രിവിലൻസ് പഠനത്തിന് അനുമതി ;കോവിഡ് രോഗ പ്രതിരോധ ശേഷി കണക്കെടുപ്പ് ലക്ഷ്യം

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് സിറോ പ്രിവിലൻസ് പഠനം നടത്താൻ‍ അനുമതി നൽകി ഉത്തരവായി. വാക്സിനേഷനിലൂടെയും രോഗം ബാധിച്ചും സംസ്ഥാനത്ത് എത്രപേർക്ക് രോഗപ്രതിരോധ ശേഷി കൈവരിക്കാൻ കഴിഞ്ഞുവെന്നതിന്റെ കണക്കെടുപ്പാണ് ലക്ഷ്യം. ഇനിയെത്ര പേര്‍ക്ക് രോഗം വരാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കാനും ഇതിലൂടെ കഴിയും. കോവിഡ് പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും രോഗം വരാനുള്ളവരെ കൂടുതല്‍ സുരക്ഷിതരാക്കാനും സിറോ പ്രിവിലൻസ് പഠനം വഴിയൊരുക്കുമെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
ദേശീയ തലത്തില്‍ നാലു തവണ സിറോ സര്‍വയലന്‍സ് പഠനം നടത്തിയിരുന്നു. എന്നാൽ കേരളം അന്ന് അതിന് തയാറായിരുന്നില്ല. ഏറ്റവുമൊടുവിൽ ഐസിഎംആർ നടത്തിയ സിറോ സര്‍വയലന്‍സ് പഠനത്തില്‍ കേരളത്തില്‍ 42.07 ശതമാനം പേര്‍ക്ക് ആര്‍ജിത പ്രതിരോധ ശേഷി കണ്ടെത്താന്‍ സാധിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വന്നുപോയവരുടെ വിവരങ്ങള്‍ കണ്ടെത്തുന്നതിന് ആന്റി ബോഡി പരിശോധനയാണ് നടത്തുക. തെരഞ്ഞെടുക്കപ്പെവരുടെ രക്തത്തിലുള്ള ഇമ്യൂണോഗ്ലോബുലിന്‍ ജി ആന്റിബോഡി സാന്നിധ്യം നിര്‍ണയിക്കുകയാണ് സിറോ പ്രിവലന്‍സ് സര്‍വെയിലൂടെ ചെയ്യുന്നത്. കോവിഡ് വന്ന് പോയവരില്‍ ഐജിജി പോസിറ്റീവായിരിക്കും. ഇവരെ സെറോ പോസിറ്റീവ് എന്നാണ് പറയുക.
18 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, അഞ്ചു വയസിനും 17 വയസിനും ഇടയ്ക്കുള്ള കുട്ടികള്‍, 18 വയസിന് മുകളിലുള്ള ആദിവാസികള്‍, തീരദേശത്തുള്ളവര്‍, നഗരങ്ങളിലെ ചേരി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എന്നിവരിലാണ് പരിശോധന നടത്തുന്നത്. ഈ പഠനത്തിലൂടെ വിവിധ ജന വിഭാഗങ്ങളുടെയും വാക്‌സിന്‍ എടുത്തവരുടേയും സിറോ പോസിറ്റിവിറ്റി കണ്ടെത്താനും രോഗബാധയും മരണനിരക്കും തമ്മിലുള്ള അനുപാതം കണക്കാക്കാനും കഴിയും.
 

Related posts

Leave a Comment