പെരിയ ഇരട്ടക്കൊലഃ പ്രതികളുടെ ഭാര്യമാര്‍ ജോലി രാജിവച്ചു

കാസർഗോഡ് : പെരിയക്കേസിലെ പ്രതികളുടെ ഭാര്യമാർ ജോലി രാജിവെച്ചു. കാഞ്ഞങ്ങാട് പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ഭാര്യമാരാണ് ജില്ലാ ആശുപത്രിയിലെ ശുചീകരണജോലി രാജിെവച്ചത്. ഒന്നാംപ്രതി അയ്യങ്കാവ് വീട്ടിൽ പീതാംബരന്റെ ഭാര്യ ഏച്ചിലടുക്കത്തെ പി. മഞ്ജുഷ, രണ്ടാംപ്രതി സജി സി.ജോർജിന്റെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാംപ്രതി കെ.എം.സുരേഷിന്റെ ഭാര്യ എസ്.ബേബി എന്നിവര്‍ക്കായിരുന്നു പാര്‍ട്ടി ഇടപെട്ട് ജോലി നല്‍കിയത്. രണ്ടരമാസംമുമ്പ് ഇവർക്ക് ജോലിലഭിച്ചപ്പോള്‍ മുതല്‍ കടുത്ത എതിര്‍പ്പും സമരങ്ങളുമാണു നടന്നത്. യൂത്ത് കോണ്‍ഗ്രസിന്‍റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നാണു രാജി.

എന്നാല്‍ കൊലക്കേസ് പ്രതികള്‍ക്കും മനുഷ്യാവകാശങ്ങളുണ്ടെന്നായിരുന്നു സിപിഎം തുടക്കത്തില്‍ സ്വീകരിച്ച നിലപാട്. ഈ മനുഷ്യാവകാശം, സര്‍‌ക്കാര്‍ ജോലി നല്‍കിക്കൊണ്ടു സംരക്ഷിക്കാനാവില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ വ്യക്തമാക്കിയിരുന്നു. കൊലക്കേസ് പ്രതികള്‍ക്കു മനുഷ്യാവകാശ സംരക്ഷണം നല്‍കുന്നതിനു തുല്യമാണ് അവരുടെ ഭാര്യമാര്‍ക്കു ജോലി നല്‍കുന്നതെന്നും വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ പാര്‍ട്ടി നേതൃത്വം ഇടപെട്ടാണ് ഇവരുടെ രാജിയില്‍ തീരുമാനമയാത്.

ജില്ലാപഞ്ചായത്ത് പ്രസിഡന്റും സി.പി.എം. നേതാവുമായ ബേബി ബാലകൃഷ്ണൻ അധ്യക്ഷനായ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയാണ് നിയമനം നടത്തിയത്. മൂന്നുപേർക്കും പിൻവാതിൽ നിയമനം നൽകിയെന്നാരോപിച്ച് യു.ഡി.എഫ്. പ്രതിഷേധം നടത്തിയിരുന്നു. നിയമനം വിവാദമായ സാഹചര്യത്തിലാണ് രാജി. പെരിയ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും പിതാക്കന്മാര്‍ സുപ്രീം കോടതിയില്‍ വരെ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി റദ്ദാക്കണണെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ലക്ഷങ്ങള്‍ മുടക്കിയാണ് സുപ്രീം കോടതി വരെ നിയമ പോരാട്ടം നടത്തിയത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റേതടക്കം എല്ലാ സമ്മര്‍ദങ്ങളും അതിജീവിച്ച് കേസ് ഇപ്പോള്‍ സിബിഐ അന്വേഷണത്തിലാണ്.

Related posts

Leave a Comment