‘ഒരൊറ്റയൊരണ്ണം ചിതയിൽ പെറുക്കി വെക്കാൻ ബാക്കി ഇല്ലാത്തവിധം ചിതറി പോകും’; പെരിയ കൊലവിളി പ്രസംഗത്തിൽ സിപിഎം നേതാവ് വി .പി. പി. മുസ്തഫയെ സി ബി ഐ ചോദ്യം ചെയ്തു

പെരിയ ഇരട്ടക്കൊലപാതക കേസിൽ മന്ത്രി എം വി ഗോവിന്ദന്‍റെ പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം കാസർകോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ വി പി പി മുസ്തഫയെ സിബിഐ സംഘം ചോദ്യം ചെയ്തു. സിബിഐ യുടെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്തത്. സിബിഐ ഡിവൈഎസ്പി ടി.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്തത്. 2019 ഫെബ്രുവരി 17നാണ് ശരത്‍ലാലും കൃപേഷും കൊല്ലപ്പെട്ടത്. കേസ് ആദ്യം അന്വേഷിച്ച ക്രൈം ബ്രാഞ്ചും വിവാദ പ്രസംഗത്തിൻ്റെ പേരിൽ മുസ്തഫയെ ചോദ്യം ചെയ്തിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെടുന്നതിന് ഒരു മാസം മുൻപ് കല്യോട്ട് നടന്ന സിപിഎം യോഗത്തിൽ മുസ്തഫ നടത്തിയ പ്രസംഗം വിവാദമായിരുന്നു.

‘പാതാളത്തോളം ഞങ്ങൾ ക്ഷമിച്ചു കഴിഞ്ഞു. ഇനി ചവിട്ടാൻ വന്നാൽ പാതാളത്തിൽ നിന്ന് റോക്കറ്റ് പോലെ കുതിച്ചുയരും. അതിൻറെ വഴിയിൽ പിന്നെ കല്യോട്ടല്ല, ഗോവിന്ദൻ നായരല്ല, ബാബുരാജല്ല, ഒരൊറ്റയൊരണ്ണം ചിതയിൽ പെറുക്കി വെക്കാൻ ബാക്കി ഇല്ലാത്തവിധം ചിതറി പോകും. അങ്ങനെ റോക്കറ്റ് പോലെ പാതാളത്തിൽ നിന്നുയർന്നുവരാനുള്ള അവസരം ഉണ്ടാകരുത്’, ഇതായിരുന്നു മുസ്തഫയുടെ പ്രസംഗത്തിലെ വിവാദ പരാമർശങ്ങൾ.

2019 ജനുവരി ഏഴിന് നടന്ന യോഗത്തിൽ ആയിരുന്നു മുസ്തഫയുടെ വിവാദപ്രസംഗം. പ്രസംഗത്തിൽ പരാമർശിക്കുന്ന ഗോവിന്ദൻനായർ കല്ലിയോട്ട് സ്വദേശിയും യുഡിഎഫ് ജില്ലാ കൺവീനർ ആയ കോൺഗ്രസ് നേതാവ് എ ഗോവിന്ദൻ നായരാണ്. ബാബുരാജ് കല്ല്യോട്ടെ പ്രാദേശിക കോൺഗ്രസ് നേതാവും ഇപ്പോൾ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എം കെ ബാബുരാജും . പ്രസംഗം നടന്ന് 40 ദിവസങ്ങൾക്കുശേഷം ഫെബ്രുവരി 17 നാണ് കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്ത് ലാലും കൊല ചെയ്യപ്പെട്ടത്.

കൊലപാതകം നടന്നതിനു പിറ്റേദിവസം മുതൽ മുസ്തഫയുടെ പ്രസംഗത്തിലെ വീഡിയോയും ഓഡിയോയും വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. കേസിൽ സി പി എം ജില്ലാ കമ്മിറ്റിയംഗം വിവി രമേശൻ, കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി രാജ് മോഹൻ, അഭിഭാഷകരായ പി.ബിന്ദു, എ ജി നായർ തുടങ്ങിയവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. സി പി എം ഉദുമ ഏരിയ സെക്രട്ടറിയായിരുന്ന കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി ബാലകൃഷണനടക്കം 14 പേരാണ് നിലവിൽ പ്രതികളായിട്ടുള്ളത്. ഒന്നാം പ്രതി പീതാംബരനടക്കം 12 പേർ കണ്ണൂർ സെൻട്രൽ ജയിലിൽ ജൂഡിഷ്യൽ കസ്റ്റഡിയിലാണ്.

Related posts

Leave a Comment