പെരിയയില്‍ പുലരേണ്ട നീതി ; വീക്ഷണം എഡിറ്റോറിയൽ വായിക്കാം


സര്‍ക്കാര്‍ ഖജനാവിലെ പണം ചെലവഴിച്ചു പെരിയ ഇരട്ടക്കൊലകേസിലെ പ്രതികളെ രക്ഷിക്കാനാവാത്ത വിധത്തില്‍ സിബിഐ കുരുക്ക് മുറുകുകയാണ്. ബ്രാഞ്ച് സെക്രട്ടറിയടക്കം അഞ്ചു പേരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്യുകയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ ഉദുമ എം എല്‍ എയുമായ കെ.വി. കുഞ്ഞിരാമനെ പ്രതിചേര്‍ത്തതും സിപിഎമ്മിന് കനത്ത പ്രഹരമായി. ഉന്നതനായ മറ്റൊരു പ്രതി ചേര്‍ത്താല്‍ പെരിയ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിയും. കണ്ണൂരിലും കോഴിക്കോട്ടും നടന്ന നിരവധി രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഉപദേശങ്ങളും പരിരക്ഷയും നല്‍കുന്ന ഇയാള്‍ സിബിഐ അന്വേഷിക്കുന്ന മറ്റൊരു കൊലക്കേസില്‍ പ്രതിയാണ്. പാര്‍ട്ടി പ്രാദേശിക നേതാക്കളെയും പ്രവര്‍ത്തകരെയും ഒന്നൊന്നായി സിബിഐ പിടികൂടുമ്പോഴും സിപിഎമ്മിന് പങ്കില്ലെന്നുള്ള പല്ലവി ആവര്‍ത്തിക്കുകയാണ് പാര്‍ട്ടി നേതൃത്വം. ഭരണത്തിന്റെ തണലും പൊതുഖജനാവിലെ പണവും വാരിക്കോരി ചെലവഴിച്ചിട്ടും കേസ് സിബിഐക്ക് വിടുന്നതില്‍ വിജയകരമായി പ്രതിരോധിക്കാന്‍ സിപിഎമ്മിന് സാധിച്ചില്ല. സിബിഐയുടെ വരവും അറസ്റ്റും നടന്നതോടെയാണ് കേസ് അന്വേഷണം നീതിപൂര്‍വമാണെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബങ്ങള്‍ക്ക് ബോധ്യമായത്. സംസ്ഥാനസർക്കാർ കേസ് അട്ടിമറിക്കുമെന്ന് ബോധ്യമായപ്പോഴായിരുന്നു ഈ കുടുംബങ്ങള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെ പ്രതിരോധിക്കാന്‍ ലക്ഷങ്ങള്‍ പ്രതിഫലം നല്‍കി ഡല്‍ഹിയില്‍ നിന്നു പ്രഗത്ഭരായ അഭിഭാഷകരെ കൊണ്ടു വന്നു വാദം നടത്തിയെങ്കിലും ഹൈക്കോടതിയില്‍ നിന്നും ഇരകള്‍ക്ക് ആശ്വാസകരമായ വിധിയാണുണ്ടായത്. സര്‍ക്കാര്‍ കൊലയാളികള്‍ക്ക് വേണ്ടി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സിബിഐ അന്വേഷണം എന്ന ആവശ്യം സുപ്രീംകോടതിയും ശരിവെക്കുകയായിരുന്നു. ഇരു കോടതികളിലും പ്രതികളുടെ അഭിഭാഷകര്‍ക്ക് വേണ്ടി ഒന്നര കോടി രൂപയാണ് സര്‍ക്കാര്‍ ചിലവഴിച്ചത്. കേസില്‍ തുടക്കം മുതല്‍ പ്രതികള്‍ സിപിഎമ്മിന്റെ നേതാക്കളും ജനപ്രതിനിധികളുമാണെന്നറിഞ്ഞിട്ടും അവരെ പ്രതി ചേര്‍ക്കാനോ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനോ സംസ്ഥാന പൊലീസ് തയ്യാറായില്ല. സിപിഎം സഹയാത്രികരായ അഭിഭാഷകരുടെയും നേതാക്കളുടെയും ഉപദേശപ്രകാരമായിരുന്നു എഫ്‌ഐആര്‍ പോലും തയ്യാറാക്കിയത്. ഇതോടെയാണ് കുടുംബങ്ങള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചു അനുകൂലവിധി സമ്പാദിച്ചത്. പ്രതികള്‍ക്ക് വേണ്ടി പൊതുഖജനാവിലെ പണവും ഇരകള്‍ക്ക് സ്വന്തം കീശയിലെ കാശും എന്ന അസാധാരണമായ അവസ്ഥയായിരുന്നു സിബിഐ അന്വേഷണം തടയാന്‍ സിപിഎമ്മും സര്‍ക്കാരും സ്വീകരിച്ചത്.
ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പരാജയപ്പെട്ട സിപിഎമ്മും സര്‍ക്കാരും സിബിഐ അന്വേഷണം അട്ടിമറിക്കാനും തടസ്സപ്പെടുത്താനും നിരവധി തറവേലകള്‍ പ്രയോഗിച്ചു. കേസ് ഡയറിയും മൊഴിപ്പകര്‍പ്പുകളും മറ്റു രേഖകളും സിബിഐക്ക് കൈമാറാന്‍ സംസ്ഥാന പൊലീസ് തയ്യാറായില്ല. നാല് തവണ സിബിഐ കത്ത് നല്‍കിയിട്ടും കേസ് ഡയറി കൈമാറാതെ സിബിഐയെ പരിഹസിക്കുകയായിരുന്നു. ഒടുവില്‍ ഹൈക്കോടതി കനത്ത താക്കീതോടെ ഇടപെട്ടതിന് ശേഷമാണ് കേസ് ഡയറി കൈമാറിയത്. ഇതിനകം കേസിലെ സുപ്രധാന തെളിവുകള്‍ സംസ്ഥാന പൊലീസ് നശിപ്പിച്ചു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കണ്ടെടുത്ത ആയുധങ്ങള്‍ കൊലയ്ക്ക് ഉപയോഗിച്ചതാണോ എന്ന സംശയം വ്യാപകമാണ്. പ്രതികളെല്ലാം പിടിയിലായന്നും അന്വേഷണം തൃപ്തികരമാണെന്നും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വാദിച്ച സര്‍ക്കാരിന്റെ മുഖംമൂടിയാണ് കുഞ്ഞിരാമനടക്കമുള്ള വരെ പ്രതിചേര്‍ത്തതോടെ അഴിഞ്ഞുവീഴുന്നത്. കോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചവരെയാണ് സിബിഐ അറസ്റ്റ് ചെയ്തതെന്നും പാര്‍ട്ടിക്ക് ഇതില്‍ പങ്കില്ലെന്നുള്ള സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ആവര്‍ത്തിച്ചുള്ള കള്ളം പറച്ചിലാണ് വീടിനും നാടിനും പ്രിയപ്പെട്ടവരായ രണ്ടു ചെറുപ്പക്കാരെ അരുംകൊല ചെയ്തവര്‍ ഭരണത്തണലില്‍ നെഞ്ച് വിരിച്ചു നടക്കുകയായിരുന്നു. കൊലച്ചോര പുരണ്ട കൈകളുമായി ഇവര്‍ നാട്ടില്‍ വിലസുമ്പോള്‍ രണ്ടു കുടുംബങ്ങളില്‍ കണ്ണീരിന്റെയും നൊമ്പരങ്ങളുടെയും ദിനങ്ങളായിരുന്നു കടന്നു പോന്നത്. മുന്‍ എംഎല്‍എ കുഞ്ഞിരാമനെ അറസ്റ്റ് ചെയ്യുന്നത് തടയാന്‍ പാര്‍ട്ടിയും സര്‍ക്കാരും പലതരം അടവുകള്‍ പയറ്റുന്നുണ്ട്. ഏറെ ഭീഷണിയും സമ്മര്‍ദ്ദവും ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടും ഊര്‍ജ്ജിതമായ അന്വേഷണത്തോടെ സിബിഐ മുന്നോട്ട് പോവുകയാണ്. ഈ കേസിലെ പ്രതികള്‍ അറസ്റ്റിലായതോടെ അത് വ്യക്തമാകുന്നു. ഇരകള്‍ക്ക് നീതി ലഭിച്ചില്ലെങ്കില്‍ നിയമവ്യവസ്ഥയിലും വ്യവഹാരങ്ങളിലും സമൂഹത്തിനുള്ള വിശ്വാസം നഷ്ടമാകുമെന്ന് തീര്‍ച്ച. ടിപി വധക്കേസിലെ ഭാഗിക നീതിയല്ല; സമ്പൂര്‍ണ നീതിയാണ് സമൂഹം പ്രതീക്ഷിക്കുന്നത്.

Related posts

Leave a Comment