Featured
ലേഖി പറഞ്ഞസത്യം
ജനങ്ങൾക്ക് മുമ്പേ അറിയാം
- നിരീക്ഷകൻ
ഗോപിനാഥ് മഠത്തിൽ
ഒടുവിൽ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ആ സത്യം തുറന്നുപറഞ്ഞു. ഒരുമിനിറ്റ് മിണ്ടാതിരിക്കൂ…..ഇല്ലെങ്കിൽ ഇഡി നിങ്ങളുടെ വീട്ടിലെത്തും എന്നായിരുന്നു താക്കീത്. ഡൽഹി സേവനബില്ലിൻറെ ചർച്ചയ്ക്കിടെ ലോക്സഭയിൽ പ്രതിപക്ഷ എം.പിയോട് നടത്തിയ ഈ ഭീഷണി മോദി സർക്കാരിൻറെ എതിർശബ്ദങ്ങളോടുള്ള സമീപനത്തിന് കൂടുതൽ വ്യക്തത നൽകുന്നു. ഭരണത്തിൻറെ പത്തുവർഷത്തിനുള്ളിൽ എത്രയെത്ര കേസുകളാണ് ഇ.ഡി, സി.ബി.ഐ, എൻ.ഐ.എ തുടങ്ങിയ കേന്ദ്രഅന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷപാർട്ടിനേതാക്കന്മാർക്കെതിരെ ചുമത്തിയിട്ടുള്ളത്. പലതും അവാസ്ഥവമായ കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. മോദിസർക്കാരിൻറെ പ്രധാന നോട്ടപ്പുള്ളി അവരുടെ മുൻവൈരിയായ കോൺഗ്രസ്സും അതിൻറെ നേതാക്കന്മാരായ സോണിയാഗാന്ധിയും രാഹുലുമായിരുന്നു. എത്രതവണ അവർ കെട്ടിച്ചമച്ച, അത്ര വിവാദമല്ലാത്ത കേസിൻറെ പേരിൽ ഈ അടിച്ചമർത്തൽ അന്വേഷണ ഏജൻസികൾക്കു മുമ്പിൽ സോണിയായ്ക്കും രാഹുലിനും ഹാജരാകേണ്ടിവന്നു. അതിൻറെ തുടർവേട്ടയാടലിൻറെ ഭാഗമായാണ് മോദി പരാമർശത്തിൻറെ പേരിൽ അപകീർത്തികേസിൽ ശിക്ഷിക്കപ്പെട്ട് രാഹുൽ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാകുന്നത്. സത്യത്തിന് അത്ര നിലനിൽപ്പില്ലാത്ത കാലത്തിലൂടെയാണ് ഇന്ത്യൻ രാഷ്ട്രീയത്തിൻറെ സഞ്ചാരം. അതിൽ നീതിയുടെ അൽപ്പവെട്ടം പ്രസരിപ്പിക്കുന്നത് സുപ്രീംകോടതിയാണ്. ആ വെട്ടമാണ് രാഹുലിന് സൂററ്റ് മജിസ്ട്രേറ്റ് കോടതി വിധിച്ച രണ്ടുവർഷത്തെ തടവുശിക്ഷ സ്റ്റേ ചെയ്തിരിക്കുന്നത്. ബിജെപി കാർ നൽകിയ ഒട്ടേറെ കേസുകൾ ഉണ്ടെങ്കിൽപ്പോലും ഒന്നിൽപ്പോലും രാഹുൽ ശിക്ഷിക്കപ്പെട്ടിരുന്നില്ല. പരാതിക്കാരനായ പൂർണേഷ് മോദിപോലും സത്യത്തിൽ മോദി സമുദായക്കാരനല്ലെന്നാണ് രാഹുലിന് വേണ്ടിവാദിച്ച മുതിർന്ന അഭിഭാഷകൻ മനുസംഘ്വി പറഞ്ഞത്. അതിനർത്ഥം പൂർണേഷ് എന്ന പേരിനൊപ്പം മോദി നാമം കൽപ്പിതമാണെന്നാണ്. മുമ്പൊരിക്കൽ ഇതേ പംക്തിയിൽ പറഞ്ഞിട്ടുള്ള കാര്യം ഒരിക്കൽക്കൂടി പറയട്ടെ. ഭരണപ്രതിയോഗികളെ കേസിൻറെ ചതിയിൽപ്പെടുത്താൻ ഒരുപാട് കള്ളപ്പേരുകാരെ അല്ലെങ്കിൽ വാടകപ്പേരുകാരെ കേന്ദ്രസർക്കാർ ചെല്ലും ചെലവുംകൊടുത്ത് നിർത്തിയിട്ടുണ്ട്. അതിലൊരാളാണ് പൂർണേഷ്. ഇതേ തന്ത്രം കേരളത്തിലെ ഇടതുപക്ഷ ഭരണകുടവും പിന്തുടരുന്നുണ്ട്. അനുകരണീയവ്യക്തിത്വങ്ങളെ അനുകരിക്കുന്നത് നല്ലതാണ്. പക്ഷെ ഇവിടെ കേന്ദ്രഗവൺമെൻറിൻറെ മോശമായ നയങ്ങളും ശൈലിയും അന്ധമായി പിന്തുടരുകയാണ് ഇടതുപക്ഷഭരണം. ആവശ്യമായ വിഷയങ്ങളിൽ നിതാന്തമൗനവും അനാവശ്യമായ വിഷയങ്ങളിൽ ചൊറിയുകയുമാണത്.
നമ്മൾ പറഞ്ഞുതുടങ്ങിയത് മീനാക്ഷിലേഖിയുടെ പ്രസ്താവനയെക്കുറിച്ചാണ്. ലേഖി അത് പറയുന്നതിന് മുമ്പുതന്നെ അവരുടെ വാക്കുകളിലെ സത്യം ജനം തിരിച്ചറിഞ്ഞതാണ്. ഇഡിയ്ക്കും സിബിഐയ്ക്കും പ്രധാനപണി നീതിപൂർവ്വകമായ അന്വേഷണത്തിലൂടെ കുറ്റം തെളിയിക്കലും സാമ്പത്തിക ക്രമേക്കേടുകൾ കണ്ടെത്തലുമൊന്നുമില്ലാതെ അമിത്ഷായുടെ വാക്കുകൾക്കുമാത്രം കാതോർക്കുകയും അതുമാത്രം ചെയ്ത് യജമാന സംതൃപ്തി നേടുക എന്നതാണ്. അത് ഏജൻസികളുടെ വിവേചനാധികാരം തന്നെ നഷ്ടപ്പെടുത്തിയിരിക്കുന്നു. വേട്ടക്കാരനൊപ്പം സഞ്ചരിക്കുന്ന നായ്ക്കളുടെ അതേപ്രവൃത്തി. കുരയ്ക്കുക, വരുതിയിലാക്കുക, അമ്പെയ്യാൻ പാകത്തിൽ തയ്യാറാക്കി നിർത്തുക ഈ കലാപരിപാടികളുടെ ആവർത്തനം പിന്നിട്ട പല വർഷങ്ങളിലൂടെ ഭാരതം കണ്ടുമടുത്തിരിക്കുന്നു. ഇനിയും അത് അഞ്ചുവർഷം തുടർന്നാൽ മറ്റൊരു തിരഞ്ഞെടുപ്പ് ഉണ്ടായിക്കൂടെന്നില്ല. അപ്പോഴേയ്ക്കും ജനാധിപത്യത്തിൻറെ അവകാശവും ആർദ്രതയും പൂർണമായി കെട്ടടങ്ങും. ഭാരതം മോദിയുടെ, ഷായുടെ വരട്ടുതത്വശാസ്ത്രങ്ങളിൽ പിടയുകയും നിയമം ഏകപക്ഷീയമായി മാറ്റിയെഴുതപ്പെടുകയും ചെയ്യും. കോൺഗ്രസ് മുൻനിന്ന് ആഗസ്റ്റ് 15 ന് നേടിയെടുത്ത സ്വാതന്ത്ര്യം, സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഒരു വരിയിൽപ്പോലും ആലേഖനം ചെയ്യപ്പെടാത്ത ഒരു പാർട്ടിയുടെ ഭരണത്തിൽ ഊർദ്ധശ്വാസം വലിച്ചുകൊണ്ടിരിക്കുന്നു. അവർ, സ്വാതന്ത്ര്യം കിട്ടിയശേഷം ആദ്യം വധിച്ചത് സമരനായകനായ മഹാത്മാഗാന്ധിയെയാണ്. പിന്നെ കാലാന്തരത്തിൽ ജനാധിപത്യത്തിൻറെ ഔദാര്യത്തിൽ അധികാരം കിട്ടിയപ്പോൾ മറ്റൊരു സമരനായകനായ ജവഹർലാൽ നെഹ്റുവുമായി ബന്ധപ്പെട്ട എല്ലാ അടയാളങ്ങളെയും അസ്ഥിരപ്പെടുത്തുകയും മായ്ച്ചുകളയുകയും ചെയ്തു. അതിൻറെ തുടർച്ചയായാണ് സോണിയായ്ക്കും രാഹുലിനുമെതിരെയുള്ള കേസിൻറെ പേരിലുള്ള നിരന്തര വേട്ടയാടലുകൾ. ഇപ്പോൾ അപകീർത്തികേസിൽ രാഹുൽ രക്ഷപ്പെട്ടത് ആശ്വാസകരമായ കാര്യമാണ്. സത്യത്തിലേക്കും നന്മയിലേക്കുമുള്ള അദ്ദേഹത്തിൻറെ രാഷ്ട്രീയപ്രയാണത്തിന് സകല ഭാവുകങ്ങളും നേരുന്നു.
വാൽക്കഷണം:
ഭരണമോ നാശമോശം. എങ്കിലിരിക്കട്ടെ ഗണപതിക്ക് ഒരു തേങ്ങയടി. അതുപോലാണ് എൽഡിഎഫിൻറെ പോക്ക്. ഗണപതിയെപിടിച്ച് അൽപ്പം മിത്തും ശാസ്ത്രവും വിളമ്പാമെന്നുവിചാരിച്ചപ്പോഴാണ് ഒരുവിഭാഗം ജനങ്ങൾ ഇവ രണ്ടുമായി ഷംസീറിൻറെ ദേഹത്ത് തേങ്ങയടിക്കാൻ ഒരുമ്പെട്ടത്. ഷംസീറിൻറെ രക്ഷയ്ക്കായി ഓടിയെത്തിയത് ഗോവിന്ദനും ബാലനും ശാസ്ത്രസാഹിത്യപരിഷത്തുമാണ്. ശാസ്ത്രസാഹിത്യപരിക്ഷത്ത് എന്ന സാധനം ഇപ്പോഴാണ് ഉണ്ടെന്നറിഞ്ഞത്. അല്ലെങ്കിലും അത് പണ്ടേ ഇടതുപക്ഷത്തിൻറെ ഒരു തട്ടുകടയാണ്. ബാലൻറെ കാര്യം പറയണ്ട. പിണറായി മൗനവ്രതം നോൽക്കുമ്പോൾ അദ്ദേഹത്തിൻറെ ശബ്ദം കൊടുത്തിരിക്കുന്നത് ബാലനാണ്. അതാകട്ടെ ആരും മൈൻഡ് ചെയ്യുന്നില്ല. ഗോവിന്ദനാണെങ്കിൽ ഷംസീറിൻറെ കാര്യത്തിൽ ഇന്ദ്രപ്രസ്ഥം കാണാൻ പോയ ദുര്യോധനനെപ്പോലെ ഒരുതരം സ്ഥലജലവിഭ്രാന്തി. വെള്ളമുണ്ടെന്നുധരിച്ച് മുണ്ടുപൊക്കിപ്പിടിച്ച് നടന്നിടത്ത് വെള്ളമില്ല. പിന്നെയും അതേ അവസ്ഥ വന്നിടത്ത് മുണ്ടുതാഴ്ത്തിനടന്നപ്പോൾ ആകെ നനഞ്ഞു വെള്ളത്തിൽ വീഴുകയും ചെയ്തു. ഇത് കണ്ട് ചിരിക്കുന്നത് ഒരാൾമാത്രമാണ്. ഗണപതി.
Featured
ഡി. ഗുകേഷ് ലോക ചെസ് ചാമ്പ്യൻ; ലോക ചാമ്പ്യൻ ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
സിംഗപ്പൂർ: ലോക ചെസ് ചാമ്പ്യനായി ഇന്ത്യയുടെ ഡി. ഗുകേഷ്. ചെെനീസ് ഗ്രാൻഡ് മാസ്റ്റർ ഡിങ് ലിറനെ തോൽപ്പിച്ചാണ് ഗുകേഷിന്റെ നേട്ടം. പതിനാലാം റൗണ്ടിൽ ഏഴര പോയിന്റോടെയാണ് ഗുകേഷ് ലോകചാമ്പ്യനായത്. ചാമ്പ്യനാവുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് 18കാരനായ ഗുകേഷ്. ഇരുപത്തിരണ്ടാം വയസ്സിൽ ചാമ്പ്യനായ റഷ്യൻ താരം ഗാരി കാസ്‌പറോവിന്റെ റെക്കോർഡ് ആണ് ഗുകേഷ് തകർത്തത്.
ആറര പോയിന്റോടെയായിരുന്നു ഇരുവരും പതിമൂന്നാം ഗെയിമിനെത്തിയത്. പതിമൂന്നാം ഗെയിമിൽ ലോകചാമ്പ്യന്റെ കളി കെട്ടഴിച്ച ഡിങ് ആക്രമണത്തേക്കാൾ മൂർച്ചയുള്ള പ്രതിരോധവുമായി ഗുകേഷിനെ പിടിച്ചുകെട്ടി. സമയസമ്മർദത്തിലും കൃത്യതയുള്ള നീക്കങ്ങളായിരുന്നു ഡിങിന്റേത്. 3 ഗെയിമിൽ ഇരുവരും രണ്ട് കളിവീതം ജയിച്ചു. ബാക്കി ഒമ്പതും സമനിലയായിരുന്നു. എന്നാൽ പതിനാലാം ഗെയിമിൽ ഗുകേഷ് ജയം പിടിക്കുകയായിരുന്നു.
Featured
ജനാധിപത്യ – ഭരണഘടന വിരുദ്ധവുമായ നയങ്ങളാണ് മോദി സർക്കാർ രാജ്യത്ത് നടപ്പിലാക്കുന്നത്: വി.കെ അറിവഴഗൻ
രാജ്യത്ത് മോദി സർക്കാർ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധവും ഭരണഘടന വിരുദ്ധവുമായ നയങ്ങളാണ്. ഇതിനെ എതിർക്കുന്ന രാഹുൽഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ശബ്ദത്തെ അടിച്ചമർത്തുവാനുള്ള ശ്രമം രാജ്യത്ത് വില പോകില്ലെന്നും എഐസിസി സെക്രട്ടറി ഡോ.വി.കെ അറിവഴഗൻ പറഞ്ഞു. കേരളത്തിൽ പിണറായി സർക്കാരിന് എതിരെ ശക്തമായ ഭരണ വിരുദ്ധ വികാരം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും, അസംബ്ലി ഉപതിരഞ്ഞെടുപ്പുകളിലും യു ഡി എഫിനുണ്ടായ മികച്ച വിജയം ജനവികാരത്തിന്റെ തെളിവാണെന്നും അറിവഴഗൻ പറഞ്ഞു.
മിഷൻ – 2025 ഭാഗമായി ഡി സി സി യിൽ ചേർന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എ ഐ സി സി സെക്രട്ടറി. വാർഡ് കോൺഗ്രസ് കമ്മിറ്റികൾ ഡിസംബർ 20നകം പൂർത്തീകരിക്കുവാനും വൈദ്യുതി ചാർ്ജജ് വർദ്ധനവിന് എതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈദ്യുതി ഭവനുകളിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും 17ന് നടത്തുവാനും യോഗം തീരുമാനിച്ചു. കെ. കരുണാകരന്റെ ചരമ ദിനമായ ഡിസംബർ 23ന് ലീഡർ സ്മാരക നിർമ്മാണ ഫണ്ടിലേക്ക് ജില്ലയിലെ മുഴുവൻ ബൂത്തുകളിലും ഭവന സന്ദർശനം നടത്തി ഫണ്ട് സമാഹരണം നടത്തും. 26ന് മഹാത്മാഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷനായതിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് ചിന്നക്കടയിൽ പൊതു സമ്മേളനം സംഘടിപ്പിക്കും. 28ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 136-ാമത് ജന്മദിനത്തോടനുബന്ധിച്ച് ബൂത്ത് – വാർ്ഡ് – മണ്ഡലം – ബ്ലോക്ക് തലങ്ങളിൽ വിവിധ പരിപാടികൾ നടത്തും. കോർപ്പറേഷനിലെ അഴിമതി ഭരണത്തിനും വികസനം ഇല്ലായ്മയ്ക്കും എതിരെ നടത്തി വരുന്ന പ്രക്ഷോഭ പരിപാടികളുടെ രണ്ടാംഘട്ടമായി 19 മുതൽ 23 വരെ വിവിധ സോണൽ ഓഫീസുകളിലേക്ക് പ്രതിഷേധ മാർ്ച്ച് നടത്തുവാനും നേതൃയോഗം തീരുമാനിച്ചു.
ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. കെ പി സി സി ജന. സെക്രട്ടറിമാരായ എം. ലിജു, പഴകുളം മധു, എം. എം നസീർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ബിന്ദുകൃഷ്ണ, ശൂരനാട് രാജശേഖരൻ, യു ഡി എഫ് ജില്ലാ ചെയർമാൻ കെ. സി. രാജൻ, കെ പി സി സി നിർവാഹക സമിതി അംഗം എ. ഷാനവാസ്ഖാൻ, എഴുകോൺ നാരായണൻ, ആർ. ചന്ദ്രശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു.
Featured
കാബൂളിൽ ചാവേറാക്രമണം; താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു
കാബൂൾ: അഫ്‌ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ ചാവേറാക്രമണം. സ്ഫോടനത്തിൽ താലിബാന്റെ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു. അഭയാർഥികാര്യ മന്ത്രാലയത്തിനുള്ളിലായിരുന്നു സ്ഫോടനം നടന്നത്. മന്ത്രാലയത്തിലെത്തിയ ഒരു അഭയാർഥി ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ചാവേറാക്രമണം നടന്നത്.
താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം കൊല്ലപ്പെടുന്ന ആദ്യ പ്രമുഖ നേതാവാണ് ഖലീൽ ഹഖാനി. അഫ്ഗാൻ തലസ്ഥാനത്ത് നടന്ന ചാവേർ സ്ഫോടനത്തിൽ അഭയാർഥി മന്ത്രി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ഖലീൽ ഹഖാനിയുടെ അംഗരക്ഷകനും മറ്റൊരാളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ചാവേർ സ്ഫോടനത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും വി വരമുണ്ട്. അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര് -
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
News16 hours ago
ക്ഷാമബത്ത കേസില് ഇടക്കാല ഉത്തരവ്
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്ഷം: കോളേജ് നടത്തുന്ന പരീക്ഷകള് അസാധുവാകും
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login