പെൻഷൻ പ്രായം 57; ആശ്രിത നിയമനം വേണ്ട

*ശമ്പള കമ്മീഷൻ ശുപാർശ സമർപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനം നിലനിൽക്കുന്നുവെന്ന ആക്ഷേപത്തിനിടെ, സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 ൽ നിന്ന് 57 ആയി ഉയർത്തണമെന്നത് ഉൾപ്പെടെയുള്ള ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് ശമ്പള പരിഷ്കരണ കമ്മീഷൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ കെ മോഹൻദാസ് ചെയർമാനും റിട്ട. പ്രൊഫസർ എം.കെ സുകുമാരൻ നായർ, അഡ്വ. അശോക്, മാമൻ ചെറിയാൻ എന്നിവർ അംഗങ്ങളുമായുള്ള പതിനൊന്നാം കേരള ശമ്പള പരിഷ്കരണ കമ്മീഷന്റെ ആറും ഏഴും ഭാഗങ്ങളാണ് സർക്കാരിന് സമർപ്പിച്ചത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രവര്‍ത്തി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചായി കുറയ്ക്കണമെന്നും ആശ്രിത നിയമനം സമ്പൂര്‍ണമായി ഒഴിവാക്കണമെന്നും ശുപാര്‍ശയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രവര്‍ത്തി ദിവസങ്ങള്‍ അഞ്ചായി കുറയ്ക്കുമ്പോള്‍ ഓരോ ദിവസത്തേയും പ്രവര്‍ത്തി സമയം രാവിലെ 9:30 മുതല്‍ വൈകുന്നേരം 5:30 വരെയാക്കണം. വര്‍ക്ക് ഫ്രം ഹോം നിര്‍ബന്ധമാക്കണമെന്ന് പറയുന്നില്ലെങ്കിലും അത്യാവശ്യ സാഹചര്യങ്ങളില്‍ അനുവദിക്കാമെന്നാണ് ശുപാര്‍ശ. അതോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ മാതൃകയില്‍ ലീവുകളുടെ എണ്ണം നിജപ്പെടുത്തണം, അവധി ദിവസങ്ങള്‍ കുറയ്ക്കണം.
ആശ്രിത നിയമനം പൂര്‍ണമായും ഒഴിവാക്കണമെന്നാണ് മറ്റൊരു ശുപാര്‍ശ. സര്‍വീസിലിരിക്കുന്ന ഒരാള്‍ മരണപ്പെടുമ്പോള്‍ ബന്ധുവിന് ജോലി നല്‍കുന്നതിലൂടെ ഉദ്ദേശലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പ്രാപ്തമല്ല. ആശ്രിതര്‍ക്ക് മെച്ചപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കണം. എന്നാല്‍ ഭരണഘടനയനുസരിച്ച് ആര്‍ട്ടിക്കിള്‍ 16ന്റെ അന്തസത്ത ലംഘിക്കുന്നതുകൊണ്ടും സര്‍വീസ് കാര്യക്ഷമതയില്‍ ഇടിവ് സംഭവിക്കുന്നതുകൊണ്ടും പൊതു ഉദ്യോഗാര്‍ത്ഥികളുടെ അവസരം കുറയുന്നതുകൊണ്ടും ആശ്രിത നിയമനം നിര്‍ത്തണമെന്നാണ് ശുപാര്‍ശ.
സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം കൈപ്പറ്റുന്ന എയ്ഡഡ് കോളേജ്, സ്‌കൂള്‍ അധ്യാപകരുടെ നിയമനത്തില്‍ സുതാര്യതയുണ്ടാകണമെന്നതാണ് മറ്റൊരു പ്രധാന ശുപാര്‍ശ. ഇത്തരം നിയമനങ്ങള്‍ മെറിറ്റ് അടിസ്ഥാനത്തില്‍ വേണമെന്നാണ് കമ്മിഷന്‍ ശുപാര്‍ശ. മാനേജ്‌മെന്റുകളുടെ കൂടി സഹകരണത്തോടുകൂടി ഇത് നടപ്പിലാക്കാന്‍ വേണ്ട നടപടികള്‍ കേരള റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഫോര്‍ പ്രൈവറ്റ് സ്‌കൂള്‍ ആന്‍ഡ് കോളേജ് സ്വീകരിക്കണമെന്നും അതുവരെ അഭിമുഖങ്ങള്‍ ഉള്‍പ്പെടെ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്ന രീതി സ്വീകരിക്കാമെന്നാണ് ശുപാര്‍ശയില്‍ പറയുന്നത്.പരാതികളുയര്‍ന്നാല്‍ പരിഹരിക്കുന്നതിന് റിട്ടയേഡ് ഹൈക്കോടതി ജഡ്ജി ഓംബുഡ്സ്മാനായുള്ള സമിതി വേണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
കമ്മീഷൻ റിപ്പോർട്ടിന്റെ ആറാം ഭാഗത്തിൽ ഗ്രാന്റ്-ഇൻ-എയ്ഡ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളവും പെൻഷനും പരിഷ്‌കരിക്കുന്നത് സംബന്ധിച്ച ശുപാർശകളും ഏഴാം ഭാഗത്തിൽ ഭരണപരമായ കാര്യക്ഷമത, സാമൂഹിക ഉത്തരവാദിത്തം, ജനസൗഹാർദ്ദം, ലിംഗനീതി എന്നിവ സംബന്ധിച്ച ശുപാർശകളുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. കമ്മീഷന്റെ കാലാവധി ആഗസ്റ്റ് 31ന് അവസാനിച്ചിരുന്നു.
അതേസമയം, പി.എസ്.സി ലിസ്റ്റിൽ ഉന്നത റാങ്കുകളിൽ എത്തിയവർക്ക് പോലും നിയമനം നൽകുന്നില്ലെന്ന് ആരോപിച്ച് സർക്കാരിനെതിരെ യുവജന സംഘടനകൾ പ്രതിഷേധം ശക്തമാക്കുമ്പോൾ നിലവിലെ ജീവനക്കാർക്ക് ഒരുവർഷം കൂടി അധിക സർവീസ് നൽകണമെന്ന ശുപാർശ സർക്കാർ അംഗീകരിക്കുമോയെന്നതാണ് കേരളം ഉറ്റുനോക്കുന്നത്. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ സംബന്ധിച്ചുള്ള ശുപാർശയും ഫലപ്രാപ്തിയിലെത്തുമോയെന്നത് കാത്തിരുന്നു കാണേണ്ടിവരും.

Related posts

Leave a Comment