പെഗാസസും ഫോൺ ചോർത്തലും വീണ്ടും ചർച്ചയാകുമ്പോൾ ; കൂടുതൽ അറിയാം

2019 ലാണ് പെഗാസസ് സോഫ്റ്റ് വെയർ ആഗോള തലത്തിൽ ചർച്ചയാകുന്നത്. 20 രാജ്യങ്ങളിൽനിന്നുള്ള 1400 പേരുടെ വിവരങ്ങൾ ആയിരുന്നു അന്ന് ചോർന്നത്. ചാര ഗ്രൂപ്പിനെതിരെ വാട്സ്ആപ്പ് യു എസ് ഫെഡറൽ കോടതിയെ സമീപിച്ചതോടെയാണ് ഈ വിവരം പുറംലോകമറിയുന്നത്.ഇസ്രയേല്‍ കമ്പനിയായ എന്‍എസ്‌ഒയാണ് പെഗസ്സസ് സോഫ്റ്റ് വെയറിന്റെ നിര്‍മ്മാതാക്കള്‍.സമീപകാലത്ത് ലോകത്ത് നടന്ന സൈബര്‍ ആക്രമണങ്ങളിൽ ഈ സോഫ്റ്റ്‌വെയറും വ്യാപകമായി ഉപയോഗപ്പെടുത്തിയിരുന്നു.സൈനിക ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി മാത്രമായിരുന്നില്ല മറിച്ചു രാഷ്ട്രീയ എതിരാളികളുടെ വിവരങ്ങള്‍ ചോര്‍ത്താറുമുണ്ടായിരുന്നു.

സൈബര്‍ ആക്രമണത്തിന് പിന്നില്‍ സര്‍ക്കാരുകള്‍ക്കായി സൈബര്‍ ചാരപ്പണി ചെയ്യുന്ന കമ്പനിയുടെ സാന്നിധ്യം അന്നേ വാട്ട്‌സ്‌ആപ്പ് സ്ഥിരീകരിച്ചിരുന്നു.പെഗാസസ് സോഫ്റ്റ്‌വയറാണ് ഇതിനായി ഉപയോഗിക്കപ്പെട്ടതെന്നാണ് കണ്ടെത്തല്‍ നടത്തിയത്. ആക്രമിക്കപ്പെട്ട ഫോണിന്റെ ക്യാമറയുടെയും മൈക്രോഫോണിന്റെയും അടക്കം നിയന്ത്രണം ഏറ്റെടുക്കാന്‍ സഹായിക്കുന്ന സോഫ്റ്റ് വയറാണ് പെഗസ്സസ്.2019 ലെ പെഗാസസിന്റെ വാട്ട്‌സ്‌ആപ്പ് ആക്രമണത്തിന്റെ ഇരകളില്‍ ഭൂരിപക്ഷവും സൈനികരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു. അന്ന് സംഭവം വിവാദമായതിന് പിന്നാലെ പെഗാസസ് ആക്രമണത്തില്‍ ഇന്ത്യക്കാരുടെ ഫോണുകളും ചോര്‍ത്തപ്പെട്ടുവെന്ന് വെളിപ്പെടുത്തലുമായി ചില വാര്‍ത്തകള്‍ വന്നു.

പിന്നാലെ വാട്‌സാപ്പിനോട് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടി. തുടര്‍ന്ന് 2019 നവംബറില്‍ മറുപടി നല്‍കിയ വാട്ട്‌സ്‌ആപ്പ്, വിവരങ്ങള്‍ ചോര്‍ന്നതില്‍ കേന്ദ്ര സര്‍ക്കാരിനോട് ഖേദം പ്രകടിപ്പിച്ചു. സുരക്ഷ കാര്യങ്ങളില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെയിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും വാട്‌സാപ്പ് വിശദീകരണം നല്‍കി.എന്നാല്‍ കേന്ദ്രസര്‍ക്കാറിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാക്കള്‍ അന്ന് രംഗത്ത് എത്തിയത് വാര്‍ത്തയായിരുന്നു.

അംഗീകൃത സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമേ സോഫ്റ്റ് വയര്‍ വില്‍ക്കാറുള്ളൂവെന്നും ഭീകരവാദവും കുറ്റകൃത്യങ്ങളും തടയാനാണ് പെഗാസസ് തയ്യാറാക്കിയതെന്നുമാണ് ഇസ്രയേല്‍ കമ്പനിയായ എന്‍എസ്‌ഒ പറയുന്നത്. കമ്പനി സ്വയം പെഗസ്സസ് ഹാക്കിങ്ങിനായി ഉപയോഗിക്കാറില്ലെന്നും എന്‍എസ്‌ഒ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രിസഭയിലെ മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും ഉൾപ്പെടെയുള്ള ഫോൺ ചോർത്തൽ സംബന്ധിച്ച വാർത്ത പുറത്തുവരുന്നത്. ഇത് ഇരുസഭകളെയും സ്തംഭിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ വേണമെന്നു ആവശ്യവുമായി പ്രതിപക്ഷം മുന്നോട്ടു വന്നിരിക്കുകയാണ്. ഈ വിഷയം വരും ദിവസങ്ങളിൽ കൂടുതൽ കത്തിക്കയറുവാനാണ് സാധ്യത.

Related posts

Leave a Comment