പെ​ഗാസസിൽ സുപ്രീം കോടതിയുടെ വിദ​ഗ്ധ സമിതി വന്നേക്കും, വിധി ഇന്ന്

ന്യൂൽഹി: പെഗാസസ് ഫോണ്‍ നിരീക്ഷണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളിൽ ഇന്ന് സുപ്രീംകോടതി വിധി പറഞ്ഞേക്കും .ഫോണ്‍ നിരീക്ഷണം അന്വേഷിക്കാനായി സുപ്രീംകോടതി മേൽനോട്ടത്തിൽ ഒരു വിദഗ്ധ സമിതിക്ക് രൂപം നൽകിയേക്കുമെന്നാണ് സൂചന.SIT അന്വേഷണം ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകരും സന്നദ്ധ പ്രവർത്തകരും നൽകിയ ഹര്‍ജികളിലാണ് വിധി.

വാലിയ രാഷ്ട്രീയ വിവാദമായി തുടരുന്ന പെഗാസസിൽ ഇന്ന് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. പെഗാസസ് ഫോണ്‍ നിരീക്ഷണത്തിൽ അന്വേഷണം വേണമെന്ന ആവശ്യത്തിലാണ് സുപ്രീംകോടതി വിധി പറയുക. അന്വേഷണത്തിനായി ഒരു വിദഗ്ധ സമിതിക്ക് രൂപം നൽകുമെന്ന് കഴിഞ്ഞ മാസം ചീഫ് ജസ്റ്റിസ് എൻ.വി. രമണ സൂചന നൽകിയിരുന്നു. വിദഗ്ധ സമിതി അംഗങ്ങളെ തീരുമാനിച്ച ശേഷം കേസിൽ വിധി പറയാമെന്നാണ് അന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്. സുപ്രീംകോടതി മേൽനോട്ടത്തിലുള്ള അന്വേഷണ സംവിധാനത്തിന് തന്നെയാണ് സാധ്യത.

ഇസ്രായേൽ ചാര സോഫ്റ്റുവെയറായ പെഗാസസ് ഉപയോഗിച്ച് മാധ്യമ പ്രവര്‍ത്തകരുടെയടക്കം ഫോണുകൾ നിരീക്ഷിച്ചോ എന്നതിൽ കോടതി ചോദിച്ചിട്ടും വ്യക്തമായ മറുപടി കേന്ദ്ര സര്‍ക്കാര്‍ നൽകിയില്ല. പെഗാസസ് വാങ്ങിയോ ഇല്ലയോ എന്നതിൽ വ്യക്തത നൽകാനും കേന്ദ്രം തയ്യാറായില്ല. പെഗാസസ് കെട്ടുകഥയെന്നും, സ്വതന്ത്ര അംഗങ്ങൾ ഉൾപ്പെട്ട ഒരു വിദഗ്ധ സമിതി രൂപീകരിക്കാൻ അനുവദിച്ചാൽ തെറ്റിദ്ധാരണകൾ മാറ്റാം എന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. അത് തള്ളിയാണ് അന്വേഷണത്തിനുള്ള വിദഗ്ധസമിതി സുപ്രീംകോടതി തന്നെ പ്രഖ്യാപിക്കുന്നത്.

Related posts

Leave a Comment