കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളുടെ വ്യാപന പശ്ചാത്തലത്തിൽ ഖത്തറിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്ക് മുൻപുള്ള PCR പരിശോധനാ ഫലം വൈകുന്നതുമായി ബന്ധപ്പെട്ടു നൂറുക്കണക്കിനു യാത്രക്കാർക്ക് പണവും സമയവും നഷ്ടപ്പെടുകയും യാത്രകൾ മുടങ്ങുന്നതും പതിവായിരിക്കയാണ്. വ്യാപനം കൂടുന്നതിനനുസരിച്ചു തിരക്ക് കാരണം പരിശോധനാ ഫലം രണ്ടും മൂന്നും ദിവസം വൈകുന്നുണ്ട്. ടെസ്റ്റ് റിസൾട്ടിനു 72 മണിക്കൂർ കാലാവധിയേയുള്ളൂ എന്നിരിക്കെ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ പി സി ആർ പരിശോധന നടത്താൻ കഴിയില്ല. യാത്ര മുടങ്ങിയാൽ പണം തിരിച്ചു കിട്ടാത്ത ടിക്കറ്റുകൾ ആണ് മിക്ക വിമാനക്കമ്പനികളും നൽകുന്നത്. വീണ്ടും ടിക്കറ്റ് എടുക്കുമ്പോൾ പിന്നെയും പി സി ആർ പരിശോധന നടത്തേണ്ട ഗതികേടിലാണ് യാത്രക്കാർ. ഇങ്ങനെ ആയിരക്കണക്കിന് റിയാലാണ് ഓരോ യാത്രക്കാരനും നഷ്ടപ്പെടുന്നത്. കുടുംബസമേതം യാത്ര ചെയ്യുന്നവരുടെ കാര്യം പറയുകയും വേണ്ട. അവധി കാലാവധി അടക്കമുള്ള മറ്റു പ്രശ്നങ്ങൾ വേറെയും ഉണ്ട്. ഇതിനും പുറമേ മരണം, ആസന്ന മരണം എന്നിങ്ങനെയുള്ള കേസുകളിൽ എംബസി വഴി പി സി ആർ പരിശോധന ഒഴിവാക്കികൊണ്ടുള്ള സംവിധാനം എയർ സുവിധ പോർട്ടൽ എടുത്തു കളഞ്ഞതും പ്രവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇതിനൊരു പരിഹാരം എന്ന നിലയിൽ യാത്രക്ക് മുൻപേ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ആന്റിജൻ ടെസ്റ്റുകൾ നടത്തി ആളുകളെ യാത്ര ചെയ്യാൻ അനുവദിക്കുകയും അവരവരുടെ നാട്ടിൽ തിരിച്ചെത്തിയാൽ നടത്തുന്ന പരിശോധന കർശനമാക്കുകയും ചെയ്യാവുന്നതാണ്.
ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ഖത്തർ കെ എം സി സി ഇന്ത്യയിലെ ബന്ധപ്പെട്ട അധികാരികൾക്കും ഖത്തറിലെ ഇന്ത്യൻ അംബാസഡർക്കും നിവേദനം നൽകിയിട്ടുണ്ടെന്നു പ്രസിഡണ്ട് എസ് എ എം ബഷീർ പറഞ്ഞു.
പി സി ആർ പരിശോധന; യാത്രക്കാരുടെ ദുരിതം അവസാനിപ്പിക്കണമെന്ന് ഖത്തർ കെ എം സി സി
