സർക്കാരിന്റെ കോവിഡ് വിജയഗാഥ നമ്പർ വൺ തട്ടിപ്പ്: പി.സി വിഷ്ണുനാഥ്

തിരുവനന്തപുരം: പിആർ തന്ത്രങ്ങൾ ഉപയോഗപ്പെടുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു അഭിപ്രായ രൂപീകരണത്തിൽ വിജയിക്കാൻ ശ്രമിച്ച നമ്പർ വൺ സത്യാനന്തര തട്ടിപ്പായിരുന്നു സംസ്ഥാന സർക്കാരിന്റെ കോവിഡ് വിജയഗാഥയെന്ന് പി.സി വിഷ്ണുനാഥ് എംഎൽഎ. അശാസ്ത്രീയമായ നയം പിന്തുടർന്ന് കോവിഡ് രോഗവ്യാപനത്തെ നിയന്ത്രിക്കുന്നതിൽ സർക്കാർ സമ്പൂർണ പരാജയമായെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിപ്പെഴുതി.
പോസ്റ്റിന്റെ പൂർണരൂപം: ജനങ്ങളുടെ ഭീതിയെയും അനിശ്ചിതാവസ്ഥയെയും ഇത്ര  മനുഷ്യത്വരഹിതമായി ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയ സംസ്കാരം കേരളത്തിൽ രൂപപ്പെട്ടത് അത്യന്തം ദൗർഭാഗ്യകരമാണ്. അശാസ്ത്രീയമായ നയം പിന്തുടർന്നു രോഗവ്യാപനത്തെ നിയന്ത്രിക്കുന്നതിൽ സമ്പൂർണമായി പരാജയപ്പെടുകയും പിആർ തന്ത്രങ്ങൾ ഉപയോഗപ്പെടുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു അഭിപ്രായ രൂപീകരണത്തിൽ വിജയിക്കാൻ ശ്രമിക്കുകയും ചെയ്ത നമ്പർ വൺ സത്യാനന്തര തട്ടിപ്പായിരുന്നു സംസ്ഥാന സർക്കാരിന്റെ കോവിഡ് വിജയഗാഥ.
ഇപ്പോൾ രോഗ പ്രതിരോധത്തിനാവശ്യമായ ഉപകരണങ്ങളുടെ പേരിൽ നമ്പർ വൺ കൊള്ള കൂടി നടത്തി എന്ന വിവരമാണ് പുറത്തുവരുന്നത്.  ബന്ധപ്പെട്ട സർക്കാർ രേഖകൾ നശിപ്പിക്കപ്പെട്ടു എന്നാണ് ഇപ്പോൾ പറയുന്നത്. സെക്രട്ടേറിയറ്റിൽ ഉണ്ടായതിനു സമാനമായ ‘തീ പിടുത്തം’ ആരോഗ്യ വകുപ്പിൽ സംഭവിക്കാതിരിക്കട്ടെ. സത്യത്തിന്റ ഗ്രഹണ കാലം മാറുന്ന സമയത്ത് ഊതിപ്പെരുപ്പിച്ച പിആർ വിഗ്രഹങ്ങളുടെ പൊള്ളത്തരം ജനം തിരിച്ചറിയും. വഞ്ചനയ്ക്കു മറുപടിയും പറയിക്കും.

Related posts

Leave a Comment