കോൺഗ്രസ് സഖ്യത്തിനെതിരായ സിപിഎം തീരുമാനം കാപട്യം : പഴകുളം മധു

പത്തനംതിട്ട: ഉത്തർപ്രദേശ്, പഞ്ചാബ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ അടുത്ത് നടക്കുവാൻ പോകുന്ന നിയമസഭാ തെരത്തെടുപ്പുകളിൽ കോൺഗ്രസ് പാർട്ടിയുമായി തെരഞ്ഞെടുപ്പ് സഖ്യം പാടില്ലെന്ന പോളിറ്റ്ബ്യൂറോ തീരുമാനം പിണറായി വിജയൻ അടക്കമുള്ള കേരളത്തിലെ സി.പി.എം നേതാക്കളുടെ ബി.ജെ.പി വിരുദ്ധ പൊയ്മുഖവും കാപട്യവും വ്യക്തമാക്കുന്നതാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു പറഞ്ഞു. ജില്ലയിലെ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ രൂപീകരണത്തിന്റെ രണ്ടാംഘട്ട പ്രഖ്യാപനം വളളിക്കോട് മണ്ഡലത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുന്ന നരേന്ദ്ര മോദി, അമിത് ഷാ കൂട്ടുകെട്ടിന് സന്തോഷം നൽകുന്ന തീരുമാനം കേരളത്തിലേയും ബംഗാളിലേയും നേതാക്കളുടെ പിടിവാശി മൂലമാണ് ഉണ്ടായത്. സ്വർണ്ണക്കടത്ത് കേസ്, സുപ്രീം കോടതിയിൽ പിണറായിക്കെതിരായ അഴിമതി കേസ് എന്നിവ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാവില്ലെന്നും പഴകുളം മധു പറഞ്ഞു. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണം എവിടെയെന്ന് ഗവേഷണം നടത്തേണ്ട സ്ഥിതിയാണിപ്പോൾ. കോൺഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പി, സി.പി.എം നേതാക്കളുട മോഹം മലർപ്പൊടിക്കാരന്റെ ഒരിക്കലും സഫലമാകാത്ത സ്വപ്നമായി അവശേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന് ക്ഷീണം സംഭവിച്ചാൽ മതേതര ഇന്ത്യയുടെ ആത്മാവ് തന്നെ ഇല്ലാതാകുമെന്ന് പഴകുളം മധു ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. ബൂത്ത് കമ്മിറ്റികളുടെ താഴെ യൂണിറ്റ് കമ്മിറ്റികളുടെ രൂപീകരണം പൂർത്തിയാകുമ്പോൾ അച്ചടക്കവും ലക്ഷ്യബോധവും ഉള്ള ഏറ്റവും വലിയ സെമി കേഡർ രാഷ്ട്രീയ പ്രസ്ഥാനമായി കോൺഗ്രസ് പാർട്ടി മാറുമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി പറഞ്ഞു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പ്രൊഫ. ജി.ജോൺ അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ റോബിൻ പീറ്റർ, വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, സജി കൊട്ടക്കാട്, മണ്ഡലം ഭാരവാഹികളായ പി.എൻ.ശ്രീദത്ത്, സാംകുട്ടി പുളിക്കത്തറയിൽ, വർഗീസ് കുത്തുകല്ലുംപാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആർ.പ്രമോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിമൽ വള്ളിക്കോട്, പദ്മ ബാലൻ, ആൻസി വർഗീസ്, സുഭാഷ് നടുവിലേതിൽ എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Comment