ഇന്ധനകൊള്ളയുടെ യഥാർത്ഥ പ്രതി മുഖ്യമന്ത്രി : പഴകുളം മധു

പത്തനംതിട്ട: ധനമന്ത്രി ബാലഗോപാലിന്റെ പിന്നിൽ മുഖം പൂഴ്ത്തി നിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാനം നടത്തുന്ന ഇന്ധന കൊള്ളയുടെ യഥാർത്ഥ പ്രതിയെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു പറഞ്ഞു. കെ.പി.സി.സി ആഹ്വാനമനുസരിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ചക്രസ്തംഭന സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധനമന്ത്രി വെറും ഹിസ് മാസ്റ്റേഴ്‌സ് വോയ്‌സ് ആണ്. പരിഹാസം നിറഞ്ഞ ചിരിയോടെ വില കുറക്കില്ലെന്ന് പറയുന്ന ധനമന്ത്രി ജനങ്ങളെ പറ്റിക്കാൻ കള്ളക്കണക്കുകളാണ് നിരത്തുന്നത്. മുഖ്യമന്ത്രി പിണറായിക്ക് ഇപ്പോൾ കുടുംബക്ഷേമം മാത്രമേ ലക്ഷ്യമുള്ളൂ. ‘മരുമകനെ നിനക്ക് വേണ്ടി’ എന്നതാണ് സംസ്ഥാന ഭരണത്തിന്റെ മുഖമുദ്ര. മന്ത്രിസഭയിൽ മുഖ്യമന്ത്രിക്കും പി.ഡബ്ല്യൂ.ഡി ടൂറിസം മന്ത്രിക്കും മാത്രമേ പ്രസക്തിയുള്ളു. മറ്റ് മന്ത്രിമാരെല്ലാം വെറും വഴിപാട് മന്ത്രിമാരാണ്. ഉദ്യോഗസ്ഥന്മാർ മറ്റ് മന്ത്രിമാരെ ഗൗനിക്കുന്നില്ല. പിണറായി മൗനം വെടിഞ്ഞ് ഇന്ധന കൊള്ളയെപറ്റി പ്രതികരിക്കണം. സംസ്ഥാനം ഇതുവരെ ഈടാക്കിയ അധിക നികുതികൊണ്ട് തൃപ്തിപ്പെട്ട് ഉമ്മൻ ചാണ്ടിയുടെ മാതൃകയിൽ ജനങ്ങൾക്ക് ആശ്വാസം നൽകണമെന്നും പഴകുളം മധു ആവശ്യപ്പെട്ടു.
ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി നിർവാഹക സമതി അംഗം ജോർജ്ജ് മാമ്മൻ കൊണ്ടൂർ, മുൻ ഡി.സി.സി പ്രസിഡന്റുമാരായ പി.മോഹൻരാജ്, ബാബു ജോർജ്, കെ.പി.സി.സി സെക്രട്ടറിമാരായ എൻ.ഷൈലാജ്, അനീഷ് വരിക്കണ്ണാമല, ഡി.സി.സി ഭാരവാഹികളായ അനിൽ തോമസ്, എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം, കെ.ജയവർമ്മ, തോപ്പിൽ ഗോപകുമാർ, സുനിൽ.എസ്.ലാൽ, കെ.ജാസിംകുട്ടി, സജി കൊട്ടയ്ക്കാട്, വിനീത അനിൽ, ലാലു ജോൺ, സിന്ധു അനിൽ, എസ്.ബിനു, സോജി മെഴുവേലി, എം.എസ്.പ്രകാശ്, സതീഷ് ബാബു, വി.എ.അഹമ്മദ്ഷാ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ, ഡി.സി.സി നിർവാഹക സമിതി അംഗം സലിം.പി.ചാക്കോ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുൾ കലാം ആസാദ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റനീസ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Comment