വാർധക്യകാല പെൻഷൻ നൽകി വിജയരാഘവനെ കുടിയിരുത്തണം: കെ. സുധാകരൻ എം.പി

തിരുവനന്തപുരം: സംഘപരിവാറിന്റെ അക്രമശൈലിയിലേക്കു കോൺഗ്രസ് മാറിയെന്നു പ്രസ്താവിച്ച സിപിഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവനെ പാർട്ടിയുടെ വാർധക്യകാല പെൻഷൻ നൽകി ഉടനേ എവിടെയെങ്കിലും കുടിയിരുത്തണമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എം.പി.സ്ഥലകാല ബോധം നഷ്ടപ്പെട്ട് പരിസരബോധമില്ലാതെ നിരന്തരം അസംബന്ധം പുലമ്പുന്ന വിജയരാഘവൻ പാർട്ടിക്കു മാത്രമല്ല കേരളീയ സമൂഹത്തിനും ബാധ്യതയാണ്.
സിപിഎം-ബിജെപി അക്രമരാഷ്ട്രീയം അരങ്ങു തകർക്കുന്ന കണ്ണൂരിൽ 1984 മുതൽ 2018 വരെയുള്ള കാലയളവിൽ ഉണ്ടായ 125 രാഷ്ട്രീയ കൊലപാതകങ്ങളിൽ സിപിഎം 78 കേസുകളിലും ബി.ജെ.പി. 39 കേസുകളിലും പ്രതിസ്ഥാനത്താണ്. മൂന്നര ദശാബ്ദത്തിനിടയിൽ ഒരേയൊരു കേസിൽ മാത്രം പ്രതിസ്ഥാനത്തുള്ള കോൺഗ്രസ്സ് അക്രമശൈലി സ്വീകരിക്കുന്നു എന്നു പറയാൻ വിജയരാഘവന് എങ്ങനെ നാവുപൊന്തിയെന്നു സുധാകരൻ ചോദിച്ചു.
ഇന്ധനവിലയിലും, മുല്ലപ്പെരിയാർ മരം മുറിയിലും മുഖം വികൃതമായ ഇടതുസർക്കാരിനെയും സിപി.എമ്മിനേയും പ്രതിരോധിക്കാൻ കോൺഗ്രസ്സിനുമേൽ കുതിരകയറുന്നിനു പകരം സർക്കാരിനെ തിരുത്താൻ ആക്ടിംഗ് സെക്രട്ടറിക്കു നട്ടെല്ലുണ്ടോയെന്നും സുധാകരൻ ചോദിച്ചു.
മുല്ലപ്പെരിയാർ മരംമുറിയിൽ വാതുറക്കാത്ത മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ മേൽ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. നിയമസഭയിൽ തടർച്ചയായ ദിവസങ്ങളിൽ യു.ഡി.എഫ് എം.എൽ.എ.മാർ വൻപ്രതിഷേധം ഉയർത്തിയെങ്കിലും കല്ലിനു കാറ്റുപിടിച്ചതുപോലെ മുഖ്യമന്ത്രി സഭയിൽ തലകുനിച്ചിരിക്കുകയായിരുന്നു.
തന്റെ മന്ത്രിസഭയിലെ രണ്ട് അംഗങ്ങൾ പരസ്യമായി പോർവിളി മുഴക്കിയിട്ടും മുഖ്യമന്ത്രി ഇടപെട്ടില്ല. മുഖ്യമന്ത്രിയുടെ വ്യക്തമായ പങ്കാണ് ഇതിൽ നിന്നു പുറത്തുവരുന്നതെന്നു സുധാകരൻ പറഞ്ഞു.

Related posts

Leave a Comment