സ്വർണക്കടത്തിൽ പാർട്ടിപ്പോര് ; പി ജയരാജനും കെപി സഹദേവനും സിപിഎം താക്കീത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലും പാർട്ടി കമ്മിറ്റിയിലും പോരുണ്ടാക്കിയ പി ജയരാജനും കെപി സഹദേവനുമെതിരെ സിപിഎമ്മിന്റെ അച്ചടക്ക നടപടി. കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലെ പരിധിവിട്ട പെരുമാറ്റത്തിന്റെ പേരിലാണ് ഇരുവർക്കുമെതിരെ സംസ്ഥാന സമിതിയുടെ താക്കീത്. കണ്ണൂരിലെ സിപിഎം വിഭാഗീയതയിൽ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ട് അച്ചടക്ക നടപടി സ്വീകരിച്ചുവെന്നതാണ് ശ്രദ്ധേയം. ഇരുനേതാക്കളും തമ്മിൽ ഇനി തർക്കം ആവർത്തിക്കരുതെന്ന മുന്നറിയിപ്പും പാർട്ടി നൽകി. ഇന്നലെ എകെജി സെന്ററിൽ ചേർന്ന സംസ്ഥാന സമിതി യോഗം വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്കുള്ള തർക്കത്തിലും ഇടപെട്ടു. ഒടുവിൽ പാർട്ടി സംസ്ഥാന സമിതിയംഗം പി സതീദേവിയെ ആ പദവിയിലേക്ക് നിയോഗിക്കാൻ തീരുമാനം എടുത്തു.  സ്വർണക്കടത്ത് കേസിൽ ഇടപെട്ട അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവർക്ക് വേണ്ടി നടന്ന ചർച്ചയാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വാക്പോരിൽ കലാശിച്ചത്. ഇരുനേതാക്കളും തമ്മിലുളള വാക്പോര് അതിരുവിട്ടതോടെ യോഗം നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു.
യോഗത്തിന്റെ പൊതുമര്യാദയ്ക്ക് നിരക്കാത്ത തരത്തിലുള്ള പെരുമാറ്റമാണ് ഇരു നേതാക്കളില്‍ നിന്നുണ്ടായതെന്ന് ജില്ലാ സെക്രട്ടറിയേറ്റില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇക്കാര്യം സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്.  യോഗത്തിലെ തർക്കം പരിധിവിട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് പാർട്ടിക്ക് തലവേദനയായിരുന്നു. സോഷ്യൽ മീഡിയ വാഴ്ത്തലുകളും പ്രതികളുമായുള്ള പി ജയരാജന്‍റെ ബന്ധം സഹദേവൻ ഉയർത്തിയതാണ് വാക്പോരിൽ കലാശിച്ചത്. തർക്കം സംസ്ഥാന സമിതിയോഗത്തിൽ ചർച്ചയായതോടെയാണ് ഇനി ആവർത്തിക്കരുതെന്ന് പാർട്ടി മുന്നറിയിപ്പ് നല്‍കിയത്.
അതേസമയം, സിപിഎമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങൾ അടത്തമാസം രണ്ടാം വാരം മുതൽ ആരംഭിക്കുമെന്ന് യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ആക്ടിങ് സെക്രട്ടറി വിജയരാഘവൻ അറിയിച്ചു. ഓണം അവധിക്ക് ശേഷം രണ്ട് ദിവസങ്ങളിലായി എല്ലാ ജില്ലാ കമ്മിറ്റി യോഗങ്ങളും ചേരും. നിലവില്‍ കോവിഡ് പശ്ചാത്തലമുള‌ളതു കൊണ്ടാണ് ജില്ലാ കമ്മിറ്റി തീയതി തീരുമാനിക്കാത്തത്. ജില്ലാ സമ്മേളനങ്ങള്‍ ജനുവരി മാസത്തിലാകും ചേരുക. എല്ലാ സമ്മേളനങ്ങളും കോവിഡ് സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാകും നടത്തുക. ഇത്തവണ സംസ്ഥാന സമ്മേളനം നടക്കുന്നത് ഫെബ്രുവരി മാസത്തില്‍ എറണാകുളം ജില്ലയിലാകും. അടുത്തവര്‍ഷം നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയായി തിരഞ്ഞെടുത്തിരിക്കുന്നത് കണ്ണൂരാണ്. സമ്മേളനത്തില്‍ എല്ലാവിധ ജനങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കണമെന്നും മന്ത്രിമാരടക്കം പാര്‍ട്ടി നയം പ്രാവര്‍ത്തികമാക്കണമെന്നും എ. വിജയരാഘവന്‍ ആവശ്യപ്പെട്ടു.

Related posts

Leave a Comment