തെരഞ്ഞെടുപ്പ്, പാർട്ടി ഓഫീസ്: പയ്യന്നൂരിൽ സിപിഎം നേതാക്കൾ രണ്ടര കോടി രൂപ മുക്കി

കണ്ണൂർ: തെരഞ്ഞെടുപ്പ് ഫണ്ട് പിരിവിലും പാർട്ടി ഓഫീസ് നിർമാണത്തിനു നടത്തിയ ചിട്ടിയിലുമായി പയ്യന്നൂരിൽ സിപിഎം നേതാക്കൾ രണ്ടര കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് പാർട്ടി നിയോ​ഗിച്ച അന്വേഷണ കമ്മിഷൻ കണ്ടെത്തി. കുറ്റക്കാരായ നിയമസഭാം​ഗം ഉൾപ്പെടെയുള്ള സീനിയർ നേതാക്കളെ ഒഴിവാക്കി, ലോക്കൽ- ഏരിയ കമ്മിറ്റി നേതാക്കളെ പ്രതികളാക്കി തടിയൂരാൻ സിപിഎം ജില്ലാ നേതൃത്വം നീക്കങ്ങൾ തുടങ്ങി. പയ്യന്നൂർ ഏരിയാ കമ്മിറ്റിക്കെതിരേയാണു ​ഗുരുതരമായ ആരോപണങ്ങൾ.
ഒരു നിയമസഭാംഗം പ്രതി സ്ഥാനത്ത് നിൽക്കുന്ന സംഭവത്തിൽ താഴെ തട്ടിൽ മാത്രം നടപടിയെടുത്ത് മുഖം രക്ഷിക്കാനാണ് സിപിഎം ശ്രമം. 2021 നിയമസഭ തെരഞ്ഞെടുപ്പ് ഫണ്ടിലാണു തിരിമറി കണ്ടെത്തിയത്. പാർട്ടി ഏരിയ കമ്മറ്റി ഓഫീസ് നി‍ർമ്മിക്കാൻ സ്വരുക്കൂട്ടിയ തുകയിലും തട്ടിപ്പ് കണ്ടെത്തി. തെരഞ്ഞെടുപ്പ് ഫണ്ടിൽ മാത്രം വ്യാജ രസീത് ഉണ്ടാക്കി ഒരു കോടിയിലേറെ രൂപ നേതാക്കൾ തട്ടിയെടുത്തെന്നാണ് ജില്ലാ കമ്മറ്റിക്ക് കിട്ടിയ പരാതി. ഒരു നിയമസഭ അംഗം, തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ചുമതലുണ്ടായിരുന്ന ജില്ലയിലെ ഒരു ഏരിയ സെക്രട്ടറി എന്നിവർക്കെതിരെയാണ് പരാതി ഉയർന്നത്. സിപിഎം സംസ്ഥാന കമ്മറ്റി അംഗം ടിവി രാജേഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥ് എന്നിവരടങ്ങിയ അന്വേഷണ കമ്മീഷൻ പരാതി അന്വേഷിച്ച് ജില്ലാ കമ്മറ്റിക്ക് റിപ്പോർട്ട് നൽകി.
ആകെ പിരിച്ചെടുത്തവയിൽ രണ്ട് രസീത് ബുക്കുകളുടെ കൗണ്ടർ ഫോയിലുകൾ തിരിച്ചെത്തിയിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇത് ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ കൊണ്ടുവന്ന കൗണ്ടർ ഫയലുകൾ സ്വകാര്യ പ്രസിൽ നിന്ന് പുതുതായി അച്ചടിച്ചതാണെന്നും ബോധ്യപ്പെട്ടു. ഈ രസീതു ബുക്കുകൾ വഴി ഒരു കോടി രൂപ പിരിച്ചെന്നാണു വിവരം.
ഇതിനു പുറമേയാണ് പാർട്ടി ഓഫീസ് നിർമിക്കാൻ പാർട്ടി തന്നെ നേരിട്ട് ചിട്ടി തുടങ്ങിയത്. ആയിരം രൂപ തവണയിൽ 15,000 പേരേ ചിട്ടിയിൽ ചേർത്തു. അതിൽ ഒരു തവണത്തെ തുക പാർട്ടിക്കു ലഭിച്ചില്ല. ഇതു മാത്രം ഒന്നര കോടി രൂപ വരും ഈ തുകയും നേതാക്കൾ അടിച്ചു മാറ്റിയെന്നാണ് ആക്ഷേപം. ഗുരുതര സാമ്പത്തിക തിരിമറി നടന്നെന്ന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച ചേർന്ന ജില്ലാ കമ്മറ്റി ചർച്ച ചെയ്തു. ആരോപണ വിധേയരായ രണ്ട് നേതാക്കളേയും വിളിച്ച് വരുത്തി മുതിർന്ന നേതാക്കൾ സംസാരിച്ചു. എംഎൽഎക്കെതിരെ ഫണ്ട് തിരിമറിക്ക് നടപടി വന്നാൽ പാർട്ടിയുടെ പ്രതിച്ഛായ്ക്ക് മങ്ങൽ ഏൽക്കും എന്നതിനാൽ ഒരു ഏരിയ കമ്മറ്റി അംഗത്തിനെ കൊണ്ട് ഉത്തരവാദിത്തം ഏൽപിച്ച് തടിയൂരാനാണ് ആലോചന നടക്കുന്നത്.

Related posts

Leave a Comment