ഫോണ്‍ ചോര്‍ത്തലും കര്‍ഷക സമരവും പാര്‍ലമെന്‍റില്‍

ന്യൂഡല്‍ഹി: ഏഴുമാസം പിന്നിട്ട കര്‍ഷക സമരം, പിടിവിട്ടു പോകുന്ന ഇന്ധന വില വര്‍ധന, പാചകവാതകത്തിന്‍റെ വിലവര്‍ധന തുടങ്ങിയ ജനകീയ വിഷയങ്ങള്‍ ഇന്നു തുടങ്ങുന്ന പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. അതിനിടെ, രാജ്യത്തെ പ്രമുഖ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും വ്യവസായികളുടെയുമൊക്കെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിനെതിരേയും പാര്‍ലമെന്‍റില്‍ ശബ്ദമുയരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗാപാല്‍ അറിയിച്ചു.

രാജ്യത്തെ പിടിച്ചുലച്ച പെഗാസസ് ഫോൺ ചോർത്തൽ പാർലമെന്റിൽ ശക്തമായി ഉന്നയിക്കാൻ പ്രതിപക്ഷം. വിവാദ വിഷയത്തിൽ ലോക്സഭയിൽ അടിയന്തിര പ്രമേയത്തിന് എൻ കെ പ്രേമചന്ദ്രൻ എംപി നോട്ടീസ് നൽകി. ചർച്ച ആവശ്യപ്പെട്ട്
ഇടത് എംപി ബിനോയ് വിശ്വം രാജ്യസഭയിലും നോട്ടീസ് നൽകിയിട്ടുണ്ട്. പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രതിപക്ഷ പാർടികൾ രാവിലെ 9 മണിക്ക് യോഗം ചേരും. പാർലമെന്റിന്റെ ഇരുസഭകളിലും ഫോൺചോർത്തൽ മുഖ്യവിഷയമായി ഉയർത്താനാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം.

മോദി മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ അടക്കമുള്ള ഉന്നതരുടെ ഫോണുകള്‍ ചോർത്തിയ വിവരം ഇന്നലെ രാത്രിയാണ് പുറത്തുവന്നത്. ഇസ്രയേലി സ്പൈവയർ പെഗാസസ് ഉപയോഗിച്ചാണ് ഫോണുകൾ ചോർത്തിയതെന്നാണ് വെളിപ്പെടുത്തല്‍. വിവിധ രാജ്യങ്ങളിലെ പതിനാറ് മാധ്യമങ്ങള്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. രാഷ്രട്രീയക്കാര്‍ അടക്കമുള്ളവരെ നിരീക്ഷിക്കാന്‍ സർക്കാരുകള്‍ ആണ് പെഗാസസ് ഉപയോഗിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടത്തല്‍.

രാഷ്ട്രീയക്കാര്‍ , മാധ്യമപ്രവർത്തകര്‍, ആക്ടിവിസ്റ്റുകള്‍,വ്യവസായികള്‍ അടക്കമുള്ളവരാണ് പെഗാസാസ് ഉപയോഗിച്ച് നിരീക്ഷിക്കപ്പെട്ടത്. ഇസ്രയേലി കമ്പനിയായ എന്‍എസ്ഒയെ ഇതിനായി നിയോഗിച്ചത് വിവധ രാജ്യങ്ങളിലെ സർക്കാരുകള്‍ തന്നെയാണെന്നാണ് അന്വേഷണം നടത്തിയ മാധ്യമങ്ങളുടെ വെളിപ്പെടുത്തല്‍. പെഗാസസ് എന്ന മാല്‍വെയര്‍ ഉപയോഗിച്ച് ഐഫോണ്‍, ആൻഡ്രോയിഡ് ഫോണുകളിലെ മെസേജ്, ഫോട്ടോ, ഇമെയിലുകള്‍, ഫോണ്‍ കോളുകള്‍ എന്നിവ ചോര്‍ത്താനാകും. മൈക്രോഫോണ്‍ രഹസ്യമായി പ്രവര്‍ത്തിപ്പിച്ച് ഫോണ്‍ വിളിക്കാത്തപ്പോള്‍ പോലും സംഭാഷണം ചോര്‍ത്തിയെടുക്കാന‍ും സാധിക്കും. 2016 മുതലുളള എൻഎസ്ഒയുടെ ഉപയോക്താക്കള്‍ക്ക് വേണ്ടി 50,000 ഫോണ്‍ നമ്പറുകളാണ് ഈ രീതിയില്‍ നിരീക്ഷക്കെപ്പെട്ടതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ നിന്ന് 300 ഫോണുകള്‍ ചോര്‍ത്തലിന് വിധേയമായി. മോദി മന്ത്രിസഭയിലെ രണ്ട് കേന്ദ്രമന്ത്രിമാര്‍, ഭരണഘടന പദവിയിലിരിക്കുന്ന ഒരാള്‍, മൂന്ന് പ്രതിപക്ഷ നേതാക്കള്‍, 40 മാധ്യമപ്രവർത്തകര്‍, സുരക്ഷ വിഭാഗത്തിലെ ഇപ്പോഴത്തെ തലവന്‍മാരും വ്യവസായികളും നിരീക്ഷിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഒരു സുപ്രീംകോടതി സിറ്റിങ് ജഡ്ജിയുടെ നന്പറും നിരീക്ഷക്കപ്പെട്ടുവെന്നും അന്വേഷണം നടത്തിയ മാധ്യമങ്ങള്‍ അവകാശപ്പെട്ടു.

കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കണണെന്ന് ഇന്നലെ കൂടിയ സര്‍വ കക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ അധീര്‍ രഞ്ജന്‍ ചൗധരി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് പാര്‍ലമെന്‍റില്‍ പ്രതിപക്ഷ പ്രമേയം കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ട്. പഞ്ചാബില്‍ നിന്നുള്ള അംഗങ്ങള്‍ കൊണ്ടുവരുന്ന പ്രമേയത്തിന് പൂര്‍ണ പിന്തുണ നല്‍കാനും ഇന്നലെ കൂടിയ സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനിച്ചിരുന്നു.

ഇന്ധന വില സാധാരണക്കാരന്‍റെ നടുവൊടിക്കുന്നു. ക്രൂഡിന്‍റെ അന്താരാഷ്‌ട്ര വിലയുടെ ആനുകൂല്യം രാജ്യത്തെ ജനങ്ങള്‍ക്കു ലഭ്യമാക്കണമെന്ന നല്ല ഉദ്ദേശ്യത്തോടെയാണ് യുപിഎ സര്‍ക്കാര്‍ വിലനിയന്ത്രണം സര്‍ക്കാരിന്‍റെ ചുമലില്‍ നിന്ന് ഒഴിവാക്കിയത്. അന്ന് ഈ നിയമം കൊണ്ടുവന്നപ്പോള്‍ ക്രൂഡ് ഓയിലിനു രാജ്യാന്ത്ര വിപണയില്‍ 110 ഡോളറിനു മുകളിലായിരുന്നു വില. അപ്പഴോഴും രാജ്യത്ത് പെട്രോളിന് 80-90 രൂപയില്‍ പിടിച്ചു നിര്‍ത്തി. കേണ്‍ഗ്രസ് ഭരിച്ച സംസ്ഥാനങ്ങളില്‍ അധികവില്പന നികുതി ഉപേക്ഷിച്ച് അതിന്‍റെ പ്രയോജനം കൂടി ജനങ്ങള്‍ക്കു നല്‍കി. എന്നാല്‍, ക്രൂഡ് വില മുപ്പതു രൂപയില്‍ വന്നപ്പോളും യുപിഎ സര്‍ക്കാരിന്‍റെ കാലത്തുണ്ടായിരുന്ന വിലയ്ക്കാണ് പെട്രോളും ഡീസലും വിറ്റത്. ഇപ്പോഴും അതിനു മാറ്റമില്ലെന്നും പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടി. 50 രൂപയ്ക്കു പെട്രോള്‍ നല്‍കുമെന്നു പറഞ്ഞവര്‍ വില ഇരട്ടിയാക്കിയെന്നാണ് പ്രതിപക്ഷത്തിന്‍റെ ആക്ഷേപം. പാചക വാതകത്തിനും ഇതു തന്നെയാണ് അവസ്ഥ.

ഏറ്റവുമൊടുവില്‍ രാജ്യത്തെ പ്രമുഖ നേതാക്കള്‍, ന്യാധിപന്മാര്‍, വന്‍കിട തൊഴിലുടമകള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണ്‍ ഡാറ്റകള്‍ ചോര്‍ന്നു എന്ന ആരോപണവും പാര്‍ലമെന്‍റിനെ പ്രക്ഷുബ്ധമാക്കും. രണ്ടു കേന്ദ്ര മന്ത്രിമാര്‍, മുതിര്‍ന്ന പ്രതിപക്ഷ നേതാക്കള്‍, നാല്പതോളം മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ രഹസ്യ വിവരങ്ങളാണ് സ്പൈവെയര്‍ എന്ന ഇസ്രയേലി സോഫ്റ്റ് വെയര്‍ വഴി ചോര്‍ന്നതെന്നാണു വിവരം.

Related posts

Leave a Comment