പാർലമെന്റിനെ മ്യൂസിയമാക്കി ലഖിംപൂർ ഖേരി ​ഗൂഢാലോചന നിശബ്ദമാക്കുന്നു: രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: പാർലമെന്റിനെ നോക്കുകുത്തിയാക്കി ക്രിമിനലുകളെ സംരക്ഷിക്കുകയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ലഖിംപുർ ഖേരി സംഭവം കർഷകർക്കു നേർക്കു നടന്ന കിരാതമായ കൂട്ടക്കൊലയാണ്. ആരാണ് അതു ചെയ്തതെന്നും ആരുടെ മകനാണ് അതെന്നും എല്ലാവർക്കും അറിയാം. ഈ സംഭവത്തെക്കുറിച്ച് പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടുമ്പോൾ ഓരോ ഒഴിവുക‌ഴിവുകൾ പറഞ്ഞ് പ്രധാന മന്ത്രി ഒളിച്ചോടുകയാണെന്ന് രാഹുൽ ​ഗാന്ധി പാർലമെന്റിനു പുറത്ത് മാധ്യമങ്ങളോടു പറഞ്ഞു.
കർഷകരുടെ ദേഹത്തേക്ക് ട്രാക്റ്റർ ഓടിച്ചു കയറ്റിയ ആശിഷ് മിശ്ര കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനാണ്. സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം ആശിഷിനും അജയിനുമാണ്. അജയ് മിശ്ര കഴിഞ്ഞ ദിവസം ജയിലിൽ പോയി മകനെ കണ്ടിരുന്നു. ​ഗൂഢാലോചനയുടെ തെളിവ് നശിപ്പിക്കുകയാണ് ലക്ഷ്യം. അജയ് മിശ്ര മന്ത്രിസഭയിൽ തുടരുന്നിടത്തോളം കൊല്ലപ്പെട്ട കർഷകരുടെ ഉറ്റവർക്ക് നീതി ലഭിക്കില്ല. മന്ത്രി രാജി വയ്ക്കണം. അല്ലെങ്കിൽ അദ്ദേഹത്തെ എത്രയും പെട്ടെന്നു പുറത്താക്കണം- രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു. ലഖിംപുർ സംഭവത്തിൽ കുറ്റവാളി ഒരു മന്ത്രിയാണ്. ​അയാളെ നിയമത്തിനു മുന്നിൽ കൊണ്ടു വരേണ്ടത് ​ഗവണ്മെന്റാണ്. എന്നാൽ അതു ചെയ്യാതെ മോദി ഒളിച്ചുകളിക്കുകയാണെന്നും രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തി.
പാർലമെന്റിനെ ഇരുട്ടിൽ നിർത്തി പാസാക്കിയ കർഷക ദ്രോഹ നിയമങ്ങൾ പിൻവലിക്കേണ്ടിവരുമെന്ന് ഞങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. അന്നത് അവ​ഗണിക്കപ്പെട്ടു. കർഷകരുടെയും ജനങ്ങളുടെയും കൂട്ടായ പരിശ്രമങ്ങൾക്കൊടുവിൽ ​ഗവണ്മെന്റിനു മു‌ട്ട് മടക്കേണ്ടി വന്നു. ലഖിംപുർ ഖേരി സംഭവത്തിലും അതാണു സംഭവിക്കുക. മന്ത്രിയെ പുറത്താക്കണമെന്ന് ഞങ്ങൾ ശക്തമായി ആവശ്യപ്പെടുന്നു. അദ്ദേഹത്തെ മന്ത്രിസഭയിൽ നിലനിർത്തിക്കൊണ്ട് കർഷ‌കർക്കു നീതി നടപ്പാക്കാനാവില്ലെന്നും രാഹുൽ ​ഗാന്ധി വ്യക്തമാക്കി.
പാർലമെന്റിൽ ഒരു തരത്തിലുള്ള ചർച്ചകളും സംഭാഷണങ്ങളും നടക്കുന്നില്ലെന്ന് രാജ്യസഭാം​ഗം കെ.സി. വേണു​ഗോപാൽ കുറ്റപ്പെടുത്തി. ലഖിംപുർ ഖേരി സംഭവം പാർലമെന്റിൽ ചർച്ച ചെയ്യണം. പ്രതിപക്ഷം ഈ ആവശ്യമുന്നയിക്കുമ്പോൾ മുഖം തിരിയുകയാണു സർക്കാർ. ചർച്ചകളും സംവാദങ്ങളുമില്ലാതെ വെറും കാഴ്ചബം​ഗ്ലാവ് മാത്രമാക്കി പാർലമെന്റിനെ മാറ്റിയെന്നും വേണ്ടു​ഗോപാൽ കുറ്റപ്പെടുത്തി.

Related posts

Leave a Comment