അനാസ്ഥയുടെ അണക്കെട്ടുകളും മനുഷ്യ നിർമിത പ്രളയങ്ങളും

ചെറുതോണി, 2018 ഓ​ഗസ്റ്റ് 11.

ഭയാനകമായിരുന്നു ആ കാഴ്ച.

ഇടുക്കി പദ്ധതിയുടെ ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നുകിടക്കുന്നു. ചെറുതോണിപ്പുഴയിലേക്കു പരന്നൊഴുകിയ വെള്ളം നിമിഷങ്ങൾകൊണ്ട് ചെറുപട്ടണത്തെ വിഴുങ്ങി. ഇരുകരകളും ഞൊടിയിടയിൽ വെള്ളം നിറഞ്ഞു. സമീപത്തെ ബസ് സ്റ്റാൻഡ് ആണ് ആദ്യം മുങ്ങിയത്. അടുത്തുള്ള ചെറിയ മാർക്കറ്റും കടകളും റോഡും ചെറുവഴികളുമെല്ലാം വെള്ളത്തിൽ മുങ്ങി. കണ്ണിമ ചിമ്മുന്തോറും ചെറുതോണി പാലത്തിലേക്കു വെള്ളം ഉയരുകയായിരുന്നു. ഒരു മിനിറ്റിൽ ഒരടി വരെ വെള്ളം പൊങ്ങി. ഈ സമയത്താണ് കറുത്ത  റെയിൻകോട്ട് കൊണ്ട് ശരീരം മറച്ച്,  കുട ചൂടി ഒരാൾ പാലത്തിലൂടെ വലതുകരയിലേക്ക് ‌ഓടുന്നത് മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെട്ടത്. അടുത്തു വന്നപ്പോൾ അയാളുടെ കൈയിൽ ഒരു പിഞ്ചു കുഞ്ഞ്!

ഒരുവിധം ഓടിക്കിതച്ച് മറുകരയിലെത്തിയ അയാൾ തിരിഞ്ഞു നോക്കിയപ്പോഴേക്കും പിന്നിലെ പാലം കാണാനില്ല. ചെറുതോണിപ്പുഴയിലെ ജലനിരപ്പിനെക്കാൾ ഒരു മീറ്ററോളം അടിയിൽ പാലം കുലുങ്ങിവിറയ്ക്കുകയായിരുന്നു. കേരള ചരിത്രത്തിൽ അന്നോളം കാണാത്ത ഒരു രക്ഷാദൗത്യമാണ് ദുരന്ത നിവാരണ സേനയിലെ ഈ സുരക്ഷാഭടൻ പൂർത്തിയാക്കിയത്. പ്രളയത്തിലാണ്ടു പോകുമായിരുന്ന ഒരു കുരുന്നിനെ നിമിഷാർധം കൊണ്ടു രക്ഷിച്ച ധീരഭടൻ. 2018ലെ പ്രളയകാലത്ത് കേരളം കണ്ട ഏറ്റവും മനോഹരമായ വാർത്താ ചിത്രവും ഇതായിരുന്നു. ഈ ചിത്രത്തിനു പിന്നിൽ മറ്റൊരു ദുരന്തചിത്രം കൂടിയുണ്ട്. ഭരണസംവിധാനങ്ങളുടെ പിടിപ്പുകേടിന്റെയും കേരളത്തിന്റെ ഡാം മാനെജ്മെന്റ് വൈദ​ഗ്ധ്യത്തിന്റെ അപര്യാപ്തകളുടെയും നേർച്ചിത്രം!

  • അവ​ഗണിക്കപ്പെട്ട റൂൾ കർവ്,

അണപൊട്ടിച്ചു വിട്ട ദുരന്തം

ഒരാഴ്ചയിലധികമായി  കേരളത്തിൽ മഴ തിമിർത്തു പെയ്യുകയായിരുന്നു.  നദികളെല്ലാം കരകവിഞ്ഞു. പമ്പ, അച്ചൻ കോവിൽ, തൊടുപുഴയാർ,  മണിമല, പെരിയാർ തുടങ്ങിയ മിക്ക നദികളും അപകടാവസ്ഥയിലായി. കേരളത്തിന്റെ 44 നദികളിൽ മുപ്പത്തഞ്ചിലും ചെറുതും വലുതുമായ 54 അണക്കെട്ടുകളുണ്ട്. അവയിൽ മിക്കതും നിറഞ്ഞുകഴിഞ്ഞിരുന്നു. ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് മഴ ഓരോ നിമിഷവും ശക്തി പ്രാപിച്ചു. അണക്കെട്ടിന്റെ സംഭരണ ശേഷിക്കും വളരെ അടുത്തത്തെയപ്പോഴും തലസ്ഥാനത്തെ ഭരണയന്ത്രങ്ങൾ കണ്ണുതുറന്നതേയില്ല. ഒടുവിൽ ഓ​ഗസ്റ്റ് 11 നു രാവിലെയാണ് ആ തീരുമാനം വന്നത്. ചെറുതോണി അണക്കെട്ട് തുറക്കുക. തീരുമാനം ഇടുക്കിയിലെത്തിയപ്പോഴേക്കും ചെറുതോണി ഡാമിന്റെ ജലനിരപ്പ് 2,398 അടിക്കു മുകളിലെത്തി. പരമാവധി ശേഷിയിലെത്താൻ കഷ്ടിച്ച് നാല് അടിയുടെ കുറവ്.

കല്ലാർകുട്ടി അണക്കെട്ട് തുറന്നപ്പോൾ

അണക്കെട്ട് തുറക്കാൻ ഇനിയും വൈകിയാൽ കവിഞ്ഞൊഴുകും. അത് അനതിസാധാരണമായ ദുരന്തമുണ്ടാക്കും. അതുകൊണ്ട് ഷട്ടറുകൾ ഉയർത്താൻ അധികൃതർ ഉത്തരവിട്ടു. സാധാരണ നിലയ്ക്ക് അത്തരമൊരു നടപടിക്കു മുൻപ് പാലിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകളൊന്നുമില്ലാതെയായിരുന്നു ഡാമിന്റെ അഞ്ചു ഷട്ടറുകളും തുറന്നത്. സെക്കൻഡിൽ 16 ലക്ഷം ലിറ്റർ വെള്ളം ഷട്ടറുകൾ പുറന്തള്ളി. അഞ്ചു മിനിറ്റ് കൊണ്ട് ചെറുതോണിപ്പാലവും ടൗണും വെള്ളത്തിലായി. അഞ്ചര മണിക്കൂർ കൊണ്ട് കാലടി പാലത്തിനു മുകളിലൂടെ ചരിത്രത്തിലാദ്യമായി പെരിയാറൊഴുകി. അരമണിക്കൂർ കൂടി കഴിഞ്ഞപ്പോഴേക്കും ആലുവ പട്ടണം വെള്ളക്കെട്ടായി. പിരിയാറിന്റെ തീരത്തു കെട്ടിപ്പോക്കിയ ‌പല ഫ്ളാറ്റുകളുടെയും ഒന്നാം നിലയിൽ നിന്ന് വെള്ളം മുകളിലേക്കുയരാൻ തുങ്ങി. കുപ്രസിദ്ധമായ 99ലെ വെള്ളപ്പൊക്കത്തിനു ശേഷം കേരളം കണ്ട മഹാ പ്രളയത്തിൽ അന്നു നഷ്ടമായത് 483 ജീവൻ. 15 പേരേ ഇനിയും കണ്ടെത്തിയിട്ടുമില്ല.

ഡാം മാനേജ് സംവിധാനത്തിൽ സംഭവിച്ച പിഴവാണ് 2018ലെ മഹാപ്രളയത്തിനു കാരണമെന്ന് അന്നു പരക്കെ ആക്ഷേപം ഉയർന്നു. അന്നത്തെ പ്രതിപക്ഷം ഈ അ​നാസ്ഥയ്ക്കെതിരേ ശക്തിയുക്തം വാദിച്ചത് രാഷ്‌ട്രീയ നേട്ടത്തിനായിരുന്നില്ല. മഴ വല്ലാതെ ശക്തിപ്പെടുകയും അണക്കെട്ടുകളിലെ ജലനിരപ്പ് അസാധാരണമായി ഉയരുകയും ചെയ്തു തുങ്ങുമ്പോൾത്തന്നെ സംസ്ഥാന ജലവിഭവ മന്ത്രാലയം, വൈദ്യുത മന്ത്രാലയം, ഡാം സുരക്ഷാ അഥോരിറ്റി, ഡിസാസ്റ്റർ മാനേജ്മെന്റ് ടീം, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തുടങ്ങിയവ തുടർച്ചയായ നിരീക്ഷണം നടത്തി സർക്കാരിനു ഉചിതമായ ഉപദേശങ്ങൾ നല്കണം. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ജല കമ്മിഷൻ, കേന്ദ്ര സുരക്ഷാ സേന എന്നിവയുമായും നിരന്തരം ആശയവിനിമയം നടത്തണം.

കൃത്യമായ ഇടവേളകളിൽ ഓരോ അണക്കെട്ടിലെയും ജലവിതാനത്തെപ്പറ്റി വിവരം ശേഖരിച്ച് കേന്ദ്ര ജലക്കമ്മിഷനുമായി കൂടിയാലോചിക്കണം. അവരുടെ നിർദേശം കൂടി മാനിച്ച് ഓരോ അണക്കെട്ടിലും നിലനിർത്തേണ്ട വെള്ളത്തിന്റെ അളവ് തീരുമാനിക്കുന്ന റൂൾ കർവ് സംവിധാനം ഉറപ്പാക്കണം. എന്നാൽ 2018ൽ അതൊന്നും സംഭവിച്ചില്ല. പകരം, നിറഞ്ഞുകവിഞ്ഞൊഴുകുന്ന നദികളിലേക്ക് കൂടുതൽ വെള്ളമെത്തിച്ചുകൊണ്ട് സംസ്ഥാനത്തെ മുഴുവൻ അണക്കെട്ടുകളും ഒറ്റയടിക്കു തുറന്നുവിട്ടു. ആകെയുള്ള 54 അണക്കെട്ടുകളിൽ 35ഉും ഇങ്ങനെ തുറന്നുവിട്ടതാണ് 2018ലെ മഹാപ്രളയത്തിനു കാരണമെന്നു പിന്നീട് സർക്കാരിനു പോലും സമ്മതിക്കേണ്ടി വന്നു. അതിൽ നിന്നുള്ള പാഠം ഉൾക്കൊണ്ടാണ് ഇപ്പോൾ ഇടുക്കിയലടക്കം ‌കൂടുതൽ അവധാനതയോടെ അണക്കെട്ടുകൾ തുറക്കാൻ അധികൃതർ നിർബന്ധിതരായത്. അതുകൊണ്ടുതന്നെ ഇക്കുറി മനുഷ്യ നിർമിത പ്രളയവുമുണ്ടായില്ല.

പമ്പ ത്രിവേണിയിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുന്നു
  • ഡാമുകളിൽ വെള്ളത്തെക്കാൾ കൂടുതൽ എക്കലും മണലും

അണക്കെട്ടുകൾ മനുഷ്യബോംബുകളോ? അങ്ങനെയൊരു വെല്ലുവിളി ഉയർത്തുന്നത് പ്രകൃതി സ്നേഹികളെന്നു സ്വയം വിശേഷിപ്പിക്കുന്ന ചില ആക്റ്റിവിസ്റ്റുകളാണ്. സമുദ്ര നിരപ്പിൽ നിന്ന് മൂവായിരത്തോളം അടി ഉയരത്തിൽ വരെ വെള്ളം തടഞ്ഞുനിർത്തിയിരിക്കുന്ന അണക്കെട്ടുകൾ തകർന്നാൽ തീരപ്രദേശം വരെയുള്ള പുഴവഴികളെല്ലാം ഒലിച്ചില്ലാതാവുമെന്ന് അവർ പറയുന്നു. എന്നാൽ അത്ര പെട്ടെന്നൊന്നും അതു സഭവിക്കുകയില്ലെന്നു പറയാനുമാവില്ല. 1979ൽ ​ഗുജറാത്തിലെ മോർബി അണക്കെട്ട് മാത്രമാണ് ഇതിനു മുൻപ് നമുക്ക് മുന്നിലുള്ള വലിയ ദുരന്തം. കാലപ്പഴക്കവും ബാലക്ഷയവും മൂലം തകർന്ന മോർബി അണക്കെട്ടിൽ ഒലിച്ചുപോയത് ആയിരങ്ങൾ. നമ്മുടെ അണക്കെട്ടുകളുടെ സുരക്ഷ ഉറപ്പ് വരുത്തിയില്ലെങ്കിൽ മോർബി ഇനിയും ആവർത്തിച്ചുകൂടെന്നില്ല.

കേരളത്തിലെ നദികളിലെല്ലാം കൂടി 54 അണക്കെട്ടുകളുണ്ട്. അതിൽ 45ലും ജലനിരപ്പ് 90 ശതമാനത്തിനു മുകളിലാണിപ്പോൾ. ലോവർ പെരിയാർ 100%, ഷോളയാർ 99.43%, ഇടുക്കി 94.37%, പമ്പ 90.64%,  ഇടമലയാർ 90.52%,കുറ്റ്യാടി 88.37%, മാട്ടുപ്പെട്ടി 90.27%, ബാണാസുരസാ​ഗർ  85.48%, ആനയിറങ്കൽ 81.34%, പൊന്മുടി 94.61%, മൂഴിയാർ 59.76%, പെരിങ്ങൽക്കുത്ത് 65.18%, കക്കി 93.83% എന്നിങ്ങനെയാണ് പ്രധാന അണക്കെട്ടുകളിലെ ഇപ്പോഴത്തെ ജലനി‌രപ്പ്. മൺസൂൺ പിൻവാങ്ങിയ ശേഷം രൂപം കൊണ്ട ചക്രപാത ചുഴികളെത്തുടർന്നുള്ള കനത്ത മഴയാണ് അണക്കെട്ടുകളെ ഇത്രയും  സമ്പന്നമാക്കിയത്. ചൊവ്വാഴ് തുടങ്ങുമെന്നു കരുതുന്ന തുലാ വർഷം ശക്തമാകുന്നതോടെ ജലനിരപ്പ് ഇനിയും ഉയരും.

നമ്മുടെ അണക്കെട്ടുകളുടെ സ്ഥാപിത ശേഷി കണക്കാക്കിയുള്ള ജലനിരപ്പാണ് മുകളിൽപ്പറഞ്ഞത്. ഇത്രയും വെള്ളം അണക്കെട്ടുകളിലുണ്ടെങ്കിൽ വൈദ്യുതോത്പാദനത്തിൽ കേരളം സർവകാല റെക്കോർഡ് കുറിക്കുമായിരുന്നു. പക്ഷേ, അതിനു കഴിയില്ല. കാരണം കണക്കിൽ കാണിക്കുന്ന വെള്ളത്തിന്റെ പകുതി പോലും അണക്കെട്ടുകളില്ല. മിക്ക അണക്കെട്ടുകളിലും 30 മുതൽ 50 ശതമാനം വരെ എക്കലും മണ്ണും ചെളിയും മണലും നിറഞ്ഞ നിലയിലാണ്. ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയുടെ 43 ശതമാനത്തിൽ കൂടുതൽ ചെളി നിറഞ്ഞിരിക്കുന്നു. അത് യഥാവിധി നീക്കം ചെയ്തിരുന്നെങ്കിൽ 2018ലും ഇപ്പോഴും ചെറുതോണി അണക്കെട്ട് തുറന്നു വിടേണ്ടി വരുമായിരുന്നില്ല. ഇപ്പോൾ സംഭരിച്ചിരിക്കുന്നതിന്റെ അത്രത്തോളം തന്നെ വെള്ളം സംഭരിക്കാനുള്ള സ്ഥാപിത ശേഷി ഇടുക്കിക്കുണ്ട്. അതുപയോ​ഗിക്കാനുള്ള വഴിയില്ലാത്തതുകൊണ്ടാണ് ഉപകാരമായി മാറേണ്ട ജലപ്രവാഹം അത്യന്തം അപകടകാരിയായ പ്രളയദുരന്തമായി മാറുന്നത്.

ഇടുക്കിയിൽ മാത്രമല്ല മറ്റ് അണക്കെട്ടുകളുടെ കാര്യവും ഇതു തന്നെ. തലസ്ഥാനത്തിന്റെ ദാഹമകറ്റുന്ന അരുവിക്കര അണക്കെട്ടിൽ 20 ലക്ഷം ഘനമീറ്റർ ചെളി നിറഞ്ഞിരിക്കുന്നു. സ്ഥാപിത ശേഷിയുടെ 55 ശതമാനവും ഇവിടെ ചെളിയാണ്. 2016ൽ അധികാരമൊഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ അരുവിക്കര അണക്കെട്ടിലെ ചെളി നീക്കാൻ നടപടി തുടങ്ങിയതാണ്. പിന്നാലെ വന്ന പിണറായി സർക്കാർ 2017ൽ ഇതിനായി 4 കോടി രൂപ അനുവദിച്ചെങ്കിലും പണി പാതിയാക്കി നിർത്തിവച്ചു. തൊട്ടടുത്ത നെയ്യാർ ഡാമിൽ അഞ്ച് ഘനമീറ്റർ ഉയരത്തിലാണ് ചെളി നിറഞ്ഞത്.

അണക്കെട്ടിലെ ചെളി നീക്കം ചെയ്യാനുള്ള ആദ്യ നടപടി തുടങ്ങിയത് 2006ൽ മലമ്പുഴയിലായിരുന്നു. പദ്ധതി തുടങ്ങിയെങ്കിലും ചെലവേറുമെന്നു കണ്ട് പിന്നീട് ഉപേക്ഷിച്ചു.

സംസ്ഥാനത്ത് ഏറ്റവും കുറച്ച് ചെളി നിറഞ്ഞിരിക്കുന്നത് കൊല്ലം ജില്ലയിലെ തെന്മല അണക്കെട്ടിലാണ്. സ്ഥാപിത ശേഷിയുടെ അഞ്ചു ശതമാനത്തോളമാണ് ഇവിടെ മണ്ണ് നിറഞ്ഞിട്ടുള്ളത്. സംസ്ഥാനത്തെ അണക്കെട്ടുകളിൽ നിറഞ്ഞിട്ടുള്ള മണലും മണ്ണും നീക്കം ചെയ്തു വിറ്റഴിച്ചാൽ ആയിരം കോടി രൂപയിലധികം രൂപയുടെ മൂല്യമുണ്ടെന്നാണ് കണക്കാക്കുന്നത്. അതിനെക്കാൾ ഉയർന്ന വരുമാനമാണു പിന്നീടു ലഭിക്കുക. ഉദാഹരണത്തിന് ഇടുക്കി അണക്കെട്ട് യഥാസമയം ശുചിയാക്കി, അധിക വൈദ്യുദോത്പാദനത്തിലൂടെ മാത്രം റൂൾ കർവ് ക്രമപ്പെടുത്തായിൽ സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ എന്ന കണക്കിൽ ഇപ്പോൾ വെള്ളം ഒഴുക്കിവിടേണ്ടി വരുമായിരുന്നില്ല. മണിക്കൂറിൽ രണ്ടു കോടി രൂപയുടെ വൈദ്യുതി ഉത്പാദനമാണ് ഇങ്ങനെ പാഴാക്കിക്കളയുന്നത്. അതും സംസ്ഥാന വൈദ്യുത ബോർ‍‍ഡ് ​ഗാർഹിക ഉപയോക്താക്കൾക്കു വിൽക്കുന്ന നിരക്കിൽ. താപനിലയത്തിൽ നിന്നടക്കം വലിയ വില കൊടുത്തു വാങ്ങുന്ന വൈദ്യുതിയുടെ നിരക്കിലേക്കു മാറ്റിയാൽ ഓരോ മണിക്കൂറിലും ഇപ്പോൾ ഒഴുക്കിക്കളയുന്നത് ഇതിന്റെ ഇരട്ടിയലിധികം രൂപ. എന്നുവച്ചാൽ ഒരു ദിവസം നൂറു കോടി രൂപ. സെക്കൻഡിൽ 16 ലക്ഷം ലിറ്റർ എന്ന കണക്കിൽ 2018ൽ തുറന്ന വിട്ട വെള്ളത്തിന്റെ കൂടി കണക്കെടുത്താൽ ഇടുക്കി അണക്കെട്ടിന്റെ മണ്ണും ചെളിയും നീക്കം ചെയ്തു സംഭരണ ശേഷി ഉയർത്താൻ ഖജനാവിൽ നിന്നു ചില്ലിക്കാശ് പോലും വേണ്ടിവരില്ലായിരുന്നു.

(തുടരും)

Related posts

Leave a Comment