പമ്പയില്‍നിന്ന് കെ.എസ്.ആര്‍.ടി.സി പഴനി, കോയമ്പത്തൂര്‍, തെങ്കാശി സര്‍വീസുകള്‍ ഡിസംബര്‍ ഏഴ് മുതല്‍

പമ്പ: കെ.എസ്.ആര്‍.ടി.സിയുടെ പഴനി, കോയമ്പത്തൂര്‍, തെങ്കാശി അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ ഏഴ് മുതല്‍ തുടങ്ങും. 12 ബസുകളാണ് അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുക. രണ്ടാംഘട്ടത്തില്‍ മധുരയിലേക്കും ചെന്നൈയിലേക്കും കെ.എസ്.ആര്‍.ടി.സി സര്‍വീസ് തുടങ്ങും.
നിലവില്‍ പമ്പയില്‍നിന്ന് 128 ബസുകളാണ് കെ.എസ്.ആര്‍.ടി.സി പ്രവര്‍ത്തിപ്പിക്കുന്നത്. 12ഓടെ 99 ബസുകള്‍ കൂടി സര്‍വീസിനെത്തും.നിലയ്ക്കല്‍ പമ്പ റൂട്ടില്‍ തീര്‍ഥാടകര്‍ക്കായി കെ.എസ്.ആര്‍.ടി.സി 24 മണിക്കൂറും ചെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്. നവംബര്‍ 16 മുതല്‍ ഡിസംബര്‍ ഒന്ന് വരെ 4,52,698 യാത്രക്കാരാണ് ചെയിന്‍ സര്‍വീസ് ഉപയോഗപ്പെടുത്തിയത്. രാത്രി ഏഴ് മുതല്‍ 12 മണി വരെ നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് ബസുകള്‍ക്ക് പ്രവേശനമില്ല. പക്ഷേ, പമ്പയില്‍നിന്ന് തിരിച്ച് നിലയ്ക്കലിലേക്ക് ഈ സമയങ്ങളിലും ചെയിന്‍ സര്‍വീസുണ്ട്. നിലയ്ക്കലില്‍നിന്ന് മറ്റു സ്ഥലങ്ങളിലേക്കുള്ള ബസ് സര്‍വീസും ഈ സമയത്തുണ്ട്.ജന്റം നോണ്‍ എ.സി 4191, ജന്റം എസി 1525, സൂപ്പര്‍ ഫാസ്റ്റ് 56, സൂപ്പര്‍ ഡീലക്‌സ് 152 ഉള്‍പ്പെടെ 11640 ട്രിപ്പുകളാണ് കെ.എസ്.ആര്‍.ടി.സി നിലയ്ക്കല്‍പമ്പ റൂട്ടില്‍ ഓടിച്ചത്. പമ്പ ബസ്‌സ്‌റ്റേഷനില്‍നിന്ന് 80 ജന്റം നോണ്‍ എസി, 30 ജന്റം എ.സി, മൂന്ന് ഷോര്‍ട്ട് വീല്‍ ബേസ്, 10 സൂപ്പര്‍ ഡീലക്‌സ്, അഞ്ച് സൂപ്പര്‍ ഫാസ്റ്റ് ബസുകളടക്കമാണ് 128 ബസുകള്‍ സര്‍വീസ് നടത്തുന്നത്.
പമ്പയില്‍നിന്ന് നേരിട്ട് ചെങ്ങന്നൂരിലേക്ക് 35, കോട്ടയം 10, തിരുവനന്തപുരം 10, എറണാകുളം ഏഴ്, പത്തനംതിട്ട നാല്, കുമളി നാല്, എരുമേലി നാല് എന്നിങ്ങനെയാണ് പ്രതിദിനം കെ.എസ്.ആര്‍.ടി.സി നടത്തുന്ന ശരാശരി ട്രിപ്പുകള്‍.

Related posts

Leave a Comment