പാലക്കാടൻ ജനതാദൾ രാഷ്ട്രീയ പകപോക്കൽ ; മന്ത്രി കൃഷ്ണൻകുട്ടിയുടെ മണ്ഡലത്തിൽ ക്ഷീരസംഘം വനിതാ സെക്രട്ടറിയെ സസ്‌പെന്റ് ചെയ്ത് വേട്ടയാടൽ; നീതിക്ക് നിരക്കാത്തതെന്ന് ഓഡിറ്റ് റിപ്പോർട്ട്

പാലക്കാട്: മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ മണ്ഡലത്തിൽ ജതനാദൾ എസിന്റെ രാഷ്ട്രീയ പകയിൽ ക്ഷീരോൽപാദക സഹകരണസംഘത്തിന്റെ വനിതാ സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തത് സാമാന്യ നീതിക്ക് നിരക്കാത്തതെന്ന് സഹകരണ വകുപ്പ് ഓഡിറ്റ് റിപ്പോർട്ട്.
ചിറ്റൂർ നിയോജകമണ്ഡലത്തിലെ വടകരപ്പതി പഞ്ചായത്തിലെ ശാന്തലിംഗനഗർ ക്ഷീരോൽപാദക സഹകരണ സംഘം സെക്രട്ടറി ടി.കെ മഞ്ജുളയെ സസ്‌പെന്റ് ചെയ്ത നടപടി ഭരണസമിതി പുനപരിശോധിക്കണമെന്നാണ് 2019-20, 2020- 21 വർഷങ്ങളിലെ സഹകരണവകുപ്പ് ഓഡിറ്റ് സർട്ടിഫിക്കറ്റിലും മെമ്മറാണ്ടത്തിലുമാണ് സുപ്രധാന കണ്ടെത്തൽ.
സംഘത്തിൽ 61,91, 728 രൂപയുടെ ക്രമക്കേട് നടത്തിയതായും ഈ തുക സെക്രട്ടറിയിൽ നിന്നും പിടിച്ചെടുക്കാനും സെക്രട്ടറിക്ക് മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലെന്നുമുള്ള ക്ഷീരവികസന വകുപ്പ് ജില്ലാ പരിശോധനാസംഘത്തിന്റെ റി്‌പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തത്. എന്നാൽ സഹകരണ വകുപ്പ് ഓഡിറ്റിൽ കാലിത്തീറ്റ ഇടപാടിൽ യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്നും ആ വർഷങ്ങളിൽ സംഘത്തിന് 86. 76 ലക്ഷം ലാഭമാണുണ്ടായതെന്നുമാണ് കണ്ടെത്തിയത്.
നിയമന സമയത്ത് തന്നെ സെക്രട്ടറിക്ക് മതിയായ വിദ്യാഭ്യാസ യോഗ്യതയുണ്ടായിരുന്നെന്നും ഭരണ സമിതിയുടെ നിയമന ഉത്തരവ് പരിശോധിച്ച് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നിയമനാംഗീകാരം നൽകിയതായും കണ്ടെത്തി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചിറ്റൂരിൽ മത്സരിച്ച മന്ത്രി കെ. കൃഷ്ണൻകുട്ടിക്കെതിരെ പ്രവർത്തിച്ചതാണ് ക്ഷീരോൽപ്പാദക സഹകരണ സംഘം പിടിച്ചെടുക്കാനുള്ള ജനതാദൾ ഓപ്പറേഷന് കാരണമായത്. മുൻ പാലക്കാട് ഡി.സി.സി ജനറൽ സെക്രട്ടറി എസ്. സെൽവകുമാരസ്വാമി പ്രസിഡന്റായ തമിഴ്‌നാടുമായി അതിർത്തിപങ്കിടുന്ന വടകരപ്പതി പഞ്ചായത്തിലെ ശാന്തലിംഗനഗർ ക്ഷീരോൽപാദക സഹകരണ സംഘം 25വർഷമായി ഈ ഗ്രാമത്തിലെ സാധാരണക്കാരായ ക്ഷീരകർഷകരുടെ പ്രധാന ആശ്രയമാണ്. കഴിഞ്ഞ 19 വർഷമായി എ ഗ്രേഡ് സംഘമാണിത്. ഓഡിറ്റോറിയം അടക്കമുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.
ജനതാദളും കോൺഗ്രസും പ്രധാന രാഷ്ട്രീയ കക്ഷികളായ ഇവിടെ കോൺഗ്രസ് ഭരിക്കുന്ന ക്ഷീരസംഘം പിടിക്കാനുള്ള ജനതാദളിന്റെ രാഷ്ട്രീയ നാടകങ്ങളാണ് സെക്രട്ടറിയുടെ സസ്‌പെൻഷനിൽ കലാശിച്ചത്. സഹകരണ നിയമമോ ചട്ടമോ ഒന്നും പാലിക്കാതെ കേട്ടുകേൾവിപോലും ഇല്ലാത്ത തരത്തിലാണ് ശാന്തലിംഗനഗർ സഹകരണ സംഘത്തിനു നേരെയുണ്ടായ നടപടികൾ. ചിറ്റൂർ ക്ഷീരവികസന ഓഫീസർ അഫ്‌സയെ ഉപയോഗിച്ചായിരുന്നു ജനതാദൾ ഓപ്പറേഷൻ. സംഘത്തിന്റെ വിശദീകരണവും ബന്ധപ്പെട്ട രേഖകൾപോലും പരിഗണിക്കാതെയാണ് സംഘത്തിൽ സാമ്പത്തിക ക്രമക്കേടുണ്ടെന്ന് ചിറ്റൂർ ക്ഷീരവികസന ഓഫീസർ റിപ്പോർട്ട് ചെയ്തത്. കാലിത്തീറ്റ വാങ്ങിയതിന് കമ്പനികൾക്ക് നൽകിയ പണവും മിൽമക്ക് നൽകിയ പണം പോലും ക്രമക്കേടിന്റെ കണക്കിൽപ്പെടുത്തിയ വിചിത്ര നടപടിയാണുണ്ടായത്.
ഈ റിപ്പോർട്ടിന്റെ ചുവടുപിടിച്ച് ക്ഷീവികസന വകുപ്പ് ജില്ലാ പരിശോധനാ സംഘത്തിന്റെ പരിശോധനയിൽ ക്രമക്കേടും സെക്രട്ടറിക്ക് മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലെന്നു കാണിച്ചാണ് സെക്രട്ടറിയെ സസ്‌പെന്റ് ചെയ്യാൻ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സംഘം ഭരണസമിതിക്ക് കത്ത് നൽകിയത്. സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തില്ലെങ്കിൽ ഭരണസമിതിയെ തന്നെ പിരിച്ചുവിടുമെന്ന നോട്ടീസിനെതുടർന്നാണ് 2021 ജൂലൈ 27ന് സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തത്. തുടർന്ന് റിട്ടയേർഡ്്‌സഹകരണ ഡെപ്യൂട്ടി രജിസ്ട്രാർ എം. പോളിന്റെ നേതൃത്വത്തിലുള്ള ഗാർഹിക അന്വേഷത്തിൽ ക്രമക്കേടുകൾ നടന്നിട്ടില്ലെന്നും സെക്രട്ടറിക്കെതിരെയുള്ള സസ്‌പെൻഷൻ നടപടി പുനപരിശോധിക്കണമെന്നും റിപ്പോർട്ട് നൽകി. ക്ഷീരവികസന വകുപ്പിന്റെ 65 അന്വേഷണം ഇടക്കാല റിപ്പോർട്ടിലും സംഘം ലാഭത്തിലാണെന്ന് വ്യക്തമാക്കുകയും സാമ്പത്തിക ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്നും കഴിഞ്ഞ ഫെബ്രുവരി 8ന് റിപ്പോർട്ട് നൽകി.
എന്നാൽ ജനതാദൾ എസ് നേതാവ് മാത്യു ടി തോമസ് തന്റെ മണ്ഡലത്തിലല്ലാത്ത പാർട്ടിനേതാവും മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടിയെ മണ്ഡലത്തിലെ ശാന്തലിംഗ നഗർ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് നിയമസഭയിൽ ചോദ്യം ഉന്നയിച്ചു. ഇതിന് കഴിഞ്ഞ മാർച്ച് 15ന് നൽകിയ മറുപടിയിൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന ഫെബ്രുവരി 8ന് സമർപ്പിച്ച 65 അന്വേഷണത്തിന്റെ ഇടക്കാല റിപ്പോർട്ട് മറച്ചുവെച്ച് ക്രമക്കേട് കണ്ടെത്തിയെന്നാണ് മറുപടി നൽകിയത്.
സംഘം ലാഭത്തിലാണെന്നും സാമ്പത്തിക ക്രമക്കേട് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ട് നൽകിയ ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ബ്രിൻസി മാണിയെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഇതിനിടെ സെക്രട്ടറി ടി.കെ മഞ്ജുളക്കെതിരെ പോലീസിൽ പരാതി നൽകി കേസിൽ കുരുക്കാനും നീക്കമുണ്ടായി. ഓഡിറ്റ് റി്‌പോർട്ടിൽ ക്രമക്കേട് കണ്ടെത്താതെ നടപടിയെടുക്കാനാവില്ലെന്ന് പോലീസ് ഇൻസ്‌പെക്ടർ നിലപാടെടുത്തതോടെയാണ് ഈ നീക്കം പൊളിഞ്ഞത്. രേഖകൾ പിടിച്ചുവെച്ച് സഹകരണ വകുപ്പിന്റെ ഓഡിറ്റിങ് തടയാനും ശ്രമമുണ്ടായി. ഒടുവിൽ തടസങ്ങൾ നീക്കി സഹകരണ വകുപ്പ് ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതോടെയാണ് വനിതാ സെക്രട്ടറിയെ സസ്‌പെന്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്നു വ്യക്തമായത്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ സ്ത്രീയെന്ന പരിഗണന പോലും നൽകാതെയാണ് തന്നെ അഴിമതിക്കാരിയായി ചിത്രീകരിച്ച് വേട്ടയാടിയതെന്നും ഓഡിറ്റ് റിപ്പോർട്ട് വന്നതോടെ തന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടെന്നും ടി.കെ മഞ്ജുള പറഞ്ഞു. നിയമവിരുദ്ധമായി തന്നെ വേട്ടയാടിയവർക്കെതിരെ നിയമപോരാട്ടം നടത്തുമെന്നും വ്യക്തമാക്കി. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ അന്വേഷണ നാടകം നടത്തിയാണ് സാമ്പത്തിക ക്രമക്കേട് ആരോപണം ഉയർത്തിയതെന്ന് സംഘം പ്രസിഡന്റ് എസ്. സെൽവകുമാരസ്വാമി പറഞ്ഞു. 86.76 ലക്ഷം ലാഭമുണ്ടാക്കിയ സംഘം ലാഭവിഹിതത്തിൽ നിന്നും 36.50 ലക്ഷം രൂപ ക്ഷീരകർഷകർക്ക് ബോണസായി നൽകുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ എങ്ങിനെയാണ് ബോണസ് വിതരണം നടത്താൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. ഉദ്യോഗസ്ഥ- രാഷ്ട്രീയ കൂട്ടുകെട്ടിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ക്ഷീരസഹകരണ സംഘത്തെ പിടിച്ചെടുക്കാനുള്ള ജനതാദളിന്റെ നീക്കം പൊളിച്ചത് സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ടാണ്.

Related posts

Leave a Comment