Connect with us
48 birthday
top banner (1)

Kerala

പാലക്കാട്‌ തോൽവി; ബിജെപിയിൽ കലാപം,നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം

Avatar

Published

on

പാലക്കാട്: ബിജെപിയ്ക്കുള്ളിലെ കലാപം നിയമസഭാ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മറനീക്കി പുറത്ത്. നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ച് പാലക്കാട് നഗരസഭ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ഇതില്‍ ദേശീയ സമിതി അംഗവും നഗരസഭ ചെയര്‍പേഴ്‌സണും ഉള്‍പ്പടെയുള്ളവര്‍ ഉണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷനും പാലക്കാട് നിയമസഭയിലേക്ക് മത്സരിച്ച സ്ഥാനാര്‍ത്ഥിക്കും എതിരെയാണ് കടുത്ത ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ബിജെപി സംസ്ഥാന നേതൃത്വം തന്നെ വെട്ടിലായി.
പാലക്കാട് നഗരസഭയില്‍ ബിജെപിയുടെ വോട്ട് ചോര്‍ച്ചയ്ക്ക് കാരണം നേതൃതമാണെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും സ്ഥാനാര്‍ത്ഥി എസ്. കൃഷ്ണകുമാറും തന്നിഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന കടുത്ത ആരോപണമാണ് ഉയര്‍ന്നുവന്നത്. സി. കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെയായിരുന്നുവെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ പറഞ്ഞു. ലോകസഭ തെരഞ്ഞെടുപ്പില്‍ തന്നെ കൃഷ്ണകുമാറിനോടുള്ള താല്പര്യക്കുറവ് പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നതായും ഇത് മുഖവിലയ്ക്ക് എടുക്കാതെയാണ് അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയതെന്നും അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടിയില്‍ മറ്റൊരാളും ഇല്ലേ എന്നുവരെ പ്രവര്‍ത്തകര്‍ ചോദിക്കുകയുണ്ടായി. എന്നാല്‍ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് പൂര്‍ണ്ണമനസ്സോടെ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചത്. എന്നിട്ടും തോല്‍വിയുടെ ഉത്തരവാദിത്വം തങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാനാണ് സ്ഥാനാര്‍ഥി ശ്രമിച്ചത്. ബിജെപിയുടെ 18 കൗണ്‍സിലര്‍മാര്‍ അടക്കം സജീവമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനരംഗത്ത് ഉണ്ടായിരുന്നു. സ്വന്തം കഴിവുകേട് മറച്ചുവെക്കാന്‍ തങ്ങളെ കരുവാക്കാനുള്ള നടപടി അംഗീകരിക്കാനാവില്ലെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
അതേസമയം ഒരു പടികൂടി ശക്തമായി പ്രതികരിച്ചാണ് ദേശീയ സമിതി അംഗം എന്‍. ശിവരാജന്‍ രംഗത്തെത്തിയത്. പാര്‍ട്ടിക്ക് പിന്നില്‍ സജീവമായി അണിനിരന്നിട്ടും കൃഷ്ണകുമാറിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടും തങ്ങളെ തള്ളിപ്പറയുകയായിരുന്നു. കഴിഞ്ഞ കുറെ കാലങ്ങളായി നഗരസഭ കൗണ്‍സിലറായി പ്രവര്‍ത്തിക്കുന്ന താന്‍ ധനസമ്പാദനത്തിനുള്ള മാര്‍ഗമായി രാഷ്ട്രീയ പ്രവര്‍ത്തനം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോയമ്പത്തൂരില്‍ ബ്ലേഡ് കമ്പനി നടത്തുകയല്ല ചെയ്യുന്നതെന്നും മുസ്ലിം വോട്ടര്‍മാര്‍ക്ക് ഇടയില്‍ പോലും തനിക്ക് സ്വാധീനമുണ്ടെന്നും ശിവരാജന്‍ വ്യക്തമാക്കി, കൃഷ്ണകുമാറിന്റെ ആസ്തി വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ സുരേന്ദ്രനും കൃഷ്ണകുമാറും രഘുനാഥും ഉള്‍പ്പെടെയുള്ളവരാണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. മണ്ഡലത്തെക്കുറിച്ച് ഒന്നുമറിയാത്ത രഘുനാഥന് സ്വന്തം ജില്ലയില്‍ പോലും കഴിവു തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
നഗരസഭ ഭരണത്തെ ചൊല്ലിയുള്ള ബിജെപിയിലെ കലാപമാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അതിരൂക്ഷമായി പ്രതിഫലിക്കുന്നത്. നേരത്തെ നഗരസഭ ചെയര്‍പേഴ്‌സന്‍ ആയിരുന്ന പ്രിയ അജയനെ പുറത്താക്കാന്‍ കൃഷ്ണകുമാറും സംഘവും ശ്രമിച്ചിരുന്നതായി മുന്‍പുതന്നെ ആരോപണം ഉയര്‍ന്നിരുന്നു, നഗരസഭാ ഭരണം താറുമാറാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമവും ഇവര്‍ നടത്തിയിരുന്നു. ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ പോലും സാധിക്കാതെ ഒതുക്കിയപ്പോഴാണ് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് രാജിവെക്കുന്നുവെന്ന് പറഞ്ഞു പ്രിയ അജയന്‍ പിന്‍വാങ്ങിയത്, തുടര്‍ന്ന് പ്രമീളാ ശശിധരന്‍ വീണ്ടും ചെയര്‍പേഴ്‌സണ്‍ ആയി ചുമതലയേല്‍ക്കുകയായിരുന്നു.
കൃഷ്ണകുമാറിന്റെ ഭാര്യയായ മിനി ചെയര്‍പേഴ്‌സണ്‍ സ്ഥാനം മോഹിച്ച് പ്രിയ അജയനെ പുറത്താക്കാന്‍ ശ്രമിച്ചിരുന്നതായി ബിജെപി കൗണ്‍സിലര്‍മാര്‍ അന്ന് അടക്കം പറഞ്ഞിരുന്നു. പ്രിയയുടെ രാജിയിലൂടെ ഇത് വ്യക്തമാവുകയും ചെയ്തു. അതേസമയം ഒരുവിഭാഗം കൗണ്‍സിലര്‍മാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയതാണ് മിനിയുടെ വഴിമുടങ്ങാന്‍ കാരണമായത്.
നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പാലക്കാട്ടെ ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കെ. സുരേന്ദ്രനും മറ്റും ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ് ശോഭയുടെ സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെടാന്‍ ഇടയാക്കിയത്. കേന്ദ്ര സഹമന്ത്രിയായ സുരേഷ് ഗോപി പോലും ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടതാണ്. ഇതെല്ലാം മറികടന്നാണ് കൃഷ്ണകുമാറിന് സ്ഥാനാര്‍ത്ഥി കുപ്പായം നല്‍കിയത്. തുടക്കത്തില്‍ തന്നെ ഇതില്‍ ബിജെപിയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പാലക്കാട് നഗരസഭയ്ക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന ശോഭാ സുരേന്ദ്രനെ സ്വാഗതം ചെയ്തുള്ള കട്ടൗട്ടര്‍ രാത്രി നശിപ്പിക്കുകയും ചെയ്തു. ഇതിനെതിരെ പരാതി നല്‍കാന്‍ പോലും നേതൃത്വം തയ്യാറായില്ലെന്നത് ബിജെപിയ്ക്കുള്ളിലെ ചേരിതിരിവാണെന്നത് പ്രകടമാണ്. ഏറ്റവും ഒടുവില്‍ ദേശീയ നേതൃത്വം ഇടപെട്ടാണ് ശോഭാസുരേന്ദ്രനെ കൃഷ്ണകുമാറിന്റെ പ്രചരണത്തിന് പോലും എത്തിച്ചത്.
പാലക്കാട് നഗരസഭയില്‍ ഒരു സമുദായത്തിന്റെ വോട്ട് ബിജെപിയെ തുണച്ചില്ലെന്നത് പകല്‍ പോലെ വ്യക്തമാണ്. നഗരത്തിലെ പ്രബല സമുദായക്കാരെ കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ തഴയുകയായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ആര്‍എസ്എസ് ഇടപെട്ടിട്ടും നഗരസഭയില്‍ ബിജെപിക്ക് വോട്ട് കുറഞ്ഞത് കൃഷ്ണകുമാറിനോടുള്ള അതൃപ്തി കൊണ്ടാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ തന്നെ പറയുന്നത്. ഇതിനിടെ നേതൃത്വത്തിന്റെ ഇടപെടലില്‍ മനം മടുത്ത് ബിജെപി കൗണ്‍സിലര്‍മാര്‍ രാജി സന്നദ്ധതയും അറിയിച്ചിട്ടുണ്ട്.
ഏതായാലും വരും ദിവസങ്ങളില്‍ ബിജെപിക്കുള്ളില്‍ പുതിയൊരു ചേരിതിരിവ് ഉണ്ടാവുമെന്നത് വ്യക്തമാണ്. നഗരസഭ കൗണ്‍സിലര്‍മാര്‍ ഒറ്റക്കെട്ടായി നേതൃത്വത്തിനെതിരെ പടയൊരുക്കം നടത്തുന്നത് ബിജെപിക്കുള്ളില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുക. നേതൃമാറ്റം കൊണ്ടും ബിജെപിയിലെ കലാപം കെട്ടടങ്ങാന്‍ ഇടയില്ലെന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

Ernakulam

കുസാറ്റിൽ കെഎസ്‌യു തേരോട്ടം; 31 വർഷങ്ങൾക്ക് ശേഷം യൂണിയൻ പിടിച്ചു

Published

on

കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (CUSAT) യൂണിവേഴ്സിറ്റി യൂണിയൻ എസ്എഫ്ഐയിൽ നിന്നും പിടിച്ചെടുത്ത് കെഎസ്‌യു. 31 വർഷങ്ങൾക്ക് ശേഷമാണ് കെഎസ്‌യു യൂണിയൻ വിജയിക്കുന്നത്. കുര്യന്‍ ബിജു ചെയര്‍പേഴ്‌സണായും നവീന്‍ മാത്യൂ വൈസ് ചെയര്‍പേഴ്‌സണായും തിരഞ്ഞെടുക്കപ്പെട്ടു. സഖ്യം ഇല്ലാതെ ഒറ്റയ്ക്കാണ് കെഎസ്‌യു തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.

Continue Reading

Kerala

തിരുവനന്തപുരത്ത് സ്കൂള്‍ ബസ് മരത്തിലിടിച്ച്‌ അപകടം; 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

Published

on

തിരുവനന്തപുരം: ആര്യനാടില്‍ സ്കൂള്‍ ബസ് മരത്തിലിടിച്ച്‌ അപകടം. അപകടത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.ആര്യനാട് പള്ളിവേട്ട കടുവാക്കുഴിയില്‍ മുസ്ലിം പള്ളി കാണിക്ക വഞ്ചിക്ക് സമീപത്തുള്ള കൂറ്റൻ മരത്തിലേക്കാണ് ബസ് ഇടിച്ചുകയറിയത്. സ്ഥലത്ത് വെച്ച്‌ വലതു വശത്തേക്ക് തിരിയാനുള്ള ശ്രമത്തിനിടെ ബസിന്‍റെ നിയന്ത്രണം തെറ്റി മരത്തിലിടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആദ്യം ആര്യനാട് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടര്‍ന്ന് സാരമായ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ എസ്‌എടിയിലേക്ക് മാറ്റി. മറ്റു കുട്ടികളെ ആര്യനാട് പിഎച്ച്‌സിയിലും പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.

Continue Reading

Kerala

അധ്യാപക നിയമനങ്ങൾ പിൻവലിച്ച സർക്കുലർ, സർക്കാർ റദ്ദാക്കി

Published

on

തിരുവനന്തപുരം: ഭിന്നശേഷി നിയമനങ്ങളുടെ പേരിൽ 2021 മുതലുള്ള സ്ഥിരഅധ്യാപക നിയമനങ്ങൾ പിൻവലിച്ച സർക്കുലർ റദ്ധാക്കിയ സർക്കാർ തീരുമാനം ശക്തമായ പ്രതിഷേധത്തെ തുടർന്നാണെന്ന് കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റി. ചർച്ചകൾ നടത്താതെ ഏകപക്ഷീയമായാണ് ഡിജിഇ സർക്കുലർ ഇറക്കിയത്. ആയിരക്കണക്കിന് അധ്യാപകരെ നേരിട്ട് ദ്രോഹിക്കുന്ന നടപടിയായിരുന്നു സർക്കുലറിലുണ്ടായിരുന്നതെന്ന് കെപിഎസ്ടിഎ ആരോപിച്ചു. നിയമനങ്ങൾ പിൻവലിച്ച കാലയളവിൽ അധ്യാപകരുടെ സേവന വേതന വ്യവസ്ഥകളോ മറ്റു സർവ്വീസ് ചട്ടങ്ങളോ പ്രതിപാതിക്കാതിരുന്നത് ഗുരുതര പിഴവും ജോലി സ്ഥിരത ഇല്ലാതാക്കലുമായിരുന്നു. കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിതലത്തിൽ നേരിട്ടും 14 ജില്ലാ കേന്ദ്രങ്ങളിലും നടത്തിയ ശക്തമായ സമരമാണ് സർക്കാരിനെ കൊണ്ട് സർക്കുലർ റദ്ധാക്കാൻ വഴിവെച്ചത്. തുടർച്ചയായ വിവാദ ഉത്തരവുകളിലൂടെ പൊതുവിദ്യാഭ്യാസത്തിൻ്റെ ഗുണമേന്മയും വിശ്വാസ്യതയും തകർക്കുന്ന നടപടികളിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും ഉത്തരവാദിത്വപ്പെട്ട സംഘടനകളുമായും വിദ്യാഭ്യാസ വിചക്ഷണരുമായും കൂടിയാലോചിച്ചു മാത്രമേ ഗുണകരമായ തീരുമാനങ്ങൾ സർക്കാർ കൈക്കൊളളാവുവെന്നും കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പ്രസിഡൻ്റ് കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, ഭാരവാഹികളായ ഷാഹിദ റഹ്മാൻ, എൻ. രാജ്മോഹൻ , കെ. രമേശൻ, ബി. സുനിൽകുമാർ, ബി.ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, പി എസ് ഗിരീഷ് കുമാർ, സാജു ജോർജ്, പി വി ജ്യോതി, ബിജയചന്ദ്രൻ പിള്ള, ജി.കെ. ഗിരീഷ്, ജോൺ ബോസ്കോ, വർഗീസ് ആൻ്റണി, പി.എസ് മനോജ്, പി വിനോദ് കുമാർ, പി.എം നാസർ, എം.കെ. അരുണ തുടങ്ങിയവർ സംസാരിച്ചു.

Advertisement
inner ad
Continue Reading

Featured